പുരാതന കാലം മുതല്‍ ഭാരതത്തില്‍ സൂര്യദേവനെ ആരാധിക്കുന്ന രീതി നിലവിലുണ്ട്. ഒഡീഷയിലെ കൊണാര്‍ക്ക്, തമിഴ്നാട്ടിലെ കുംഭകോണം സൂര്യനാര്‍ കോവില്‍ എന്നിങ്ങനെ നിരവധി സൂര്യക്ഷേത്രങ്ങള്‍ ഭാരതത്തിലുണ്ട്. ഈ പട്ടികയിലെ പ്രശസ്തമായ സൂര്യ ക്ഷേത്രങ്ങളിലൊന്നാണ് ഗുജറാത്തിലെ മോധേര സൂര്യ ക്ഷേത്രം. (മെഹ്സാന ജില്ല പൂര്‍ണമായും സോളാര്‍ എനര്‍ജിയിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന പ്രത്യേകതയും കൂടി എടുത്തു പറയേണ്ടതായിട്ടുണ്ട്.)
മെഹ്സാന ജില്ലയിലെ മോധേര ഗ്രാമത്തില്‍ പുഷ്പാവതി നദിയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പൊതുവര്‍ഷം 1026-27 ന് സോളങ്കി രാജാവായ ഭീം ദേവാണ് ഈ ക്ഷേത്രം നിര്‍മിച്ചത്. ഇവര്‍ സൂര്യദേവന്റെ പിന്‍ഗാമികള്‍ എന്നാണറിയപ്പെട്ടിരുന്നത്. ഇവിടുത്തെ വാസ്തുവിദ്യയും ശില്‍പ്പങ്ങളും കൊത്തുപണികളും ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ് ‘സൂരജ്കുണ്ഡ്’ അഥവാ ‘രാം കുണ്ഡ്’ എന്നു വിളിപ്പേരുള്ള മുന്‍വശത്തെ കുളം. നൃത്തമണ്ഡപം ഗുഢ മണ്ഡപം ശ്രീകോവില്‍ ഹാള്‍, സഭാ മണ്ഡപം അസംബ്ലി ഹാള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ ഉള്‍പ്പെട്ടതാണ് മോധേര ക്ഷേത്രസമുച്ചയം.
ഇവിടുത്തെ ഓരോ തൂണിലും പല തരത്തിലുള്ള പാനലുകളുടെ പല പാളികള്‍ കാണാം. ജ്യാമിതീയ ഡിസൈനിലുള്ള പാളി, പുഷ്പങ്ങളുടെ പാളി, മനുഷ്യരുടെ പാളി എന്നിങ്ങനെ പോകുന്നു. ഇതിഹാസമായ രാമായണത്തിലെയും മഹാഭാരതത്തിലെയും രംഗങ്ങളും തൂണുകളില്‍ മനോഹരമായി ആലേഖനം ചെയ്തിരിക്കുന്നു.
ഉദയസൂര്യന്റെ ആദ്യ കിരണങ്ങള്‍ സൗര വിഷു ദിനത്തില്‍ സൂര്യന്റെ പ്രതിബിംബത്തെ പ്രകാശിപ്പിക്കുന്ന വിധത്തിലാണ് ശ്രീകോവില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഓരോ മാസത്തിലും സൂര്യന്റെ വ്യത്യസ്ത ഭാവങ്ങള്‍ കാണിക്കുന്ന പന്ത്രണ്ട് ഇടങ്ങള്‍ ചുവരുകളിലുണ്ട്. കൂടാതെ അഷ്ടദിക്പാലകന്മാര്‍. വിശ്വകര്‍മ്മാവ്, വരുണന്, അഗ്നി, ഗണേശന്. സരസ്വതി എന്നിവരേയും തൂണുകളില്‍ മനോഹരമായി കൊത്തിവച്ചിട്ടുണ്ട്.
അതിമനോഹരമായ വാസ്തുവിദ്യയ്ക്കും ചരിത്രപരമായ പ്രാധാന്യത്തിനും പേരുകേട്ട ഈ ക്ഷേത്രം യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ആണിത് സംരക്ഷിച്ചു പോരുന്നത്. ഒഡീഷയിലെ കൊണാര്‍ക്ക് സുര്യ ക്ഷേത്രത്തേക്കാള്‍ പഴക്കം മോധേര സൂര്യ ക്ഷേത്രത്തിനാണെന്ന് എത്ര പേര്‍ക്കറിയാം?
പ്രതികരിക്കാൻ ഇവിടെ എഴുതുക: