ആയിരത്തോളം പ്രതിനിധികള്‍. അവരില്‍ പലരും സോഷ്യല്‍ മീഡിയയില്‍
സ്വാധീനം ഉറപ്പിച്ചവര്‍. ലക്ഷ്യയെക്കുറിച്ച് കേട്ടറിഞ്ഞ് എത്തിയവരും നിരവധി.
ചര്‍ച്ച ചെയ്തത് ദേശീയതയില്‍ ഊന്നിയുള്ള ആഖ്യാനങ്ങളുടെ അനിവാര്യതയെക്കുറിച്ച്. ശ്രീരാമചന്ദ്രന്റെ ചിത്രം പശ്ചാത്തലമായ വേദിയില്‍ മുഴങ്ങിയത് കാലഘട്ടത്തിന് അനിവാര്യമായ ധര്‍മ്മ യുദ്ധത്തിന് വേണ്ടിയുള്ള കാഹളം. അത് നിലയ്ക്കില്ലെന്ന് ദൃഢനിശ്ചയമെടുത്താണ് എറണാകുളം ഭാസ്കരീയം കണ്വെന്ഷന് സെന്ററില്‍ ലക്ഷ്യ 2024 സമാപിച്ചത്
ഭാരതം… ദേശസ്നേഹികളാല്‍ നിറഞ്ഞ സുവര്‍ണ്ണ ഭൂമി. ഇവിടെ പലകാലങ്ങളില്‍ ഉണ്ടായിട്ടുള്ള അധിനിവേശങ്ങളെ, കടന്നാക്രമണങ്ങളെ ഒക്കെയും ചെറുത്തത് അവരുടെ ദൃഢനിശ്ചയമായിരുന്നു. ഭാരതത്തെ ശക്തിപ്പെടുത്തിയത് അവരുടെ കരങ്ങളായിരുന്നു. എല്ലാ വൈരുദ്ധ്യാത്മക ചിന്തകള്‍ക്കും അപ്പുറം അവരെ ചേര്‍ത്തുനിര്‍ത്തിയത് ഒരേ വികാരം, ഭാരതം.
കാലം പിന്നെയും കടന്നു പോയി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തി. മാറ്റങ്ങള്‍ പലതുണ്ടായി. ദേശസ്നേഹത്തിന്റെ അദൃശ്യ നൂലിഴകള്‍ ഇടയ്ക്കെപ്പോഴോ നേര്‍ത്തു. ദേശവിരുദ്ധ ശക്തികള്‍ ഒരേ മനസ്സോടെ ഒന്നുചേര്‍ന്നു. മതതീവ്രവാദത്തിന്റെ നീരാളിപ്പിടുത്തത്തില്‍ രാജ്യം അകപ്പെടുമെന്നു തോന്നിയ ആ നിര്‍ണായക ഘട്ടത്തില്‍, ദേശസ്നേഹികളുടെ കരങ്ങളിലേക്ക് ഭാരതത്തിന്റെ അധികാരം വന്നുചേര്‍ന്നു. സ്വാഭിമാനത്തിന്റെ അനേക നിമിഷങ്ങള്‍ക്ക് ആര്‍ഷഭാരതം സാക്ഷ്യം വഹിച്ചു. ദേശവിരുദ്ധ ശക്തികള്‍ ആരൊക്കെയെന്ന് തുറന്നുകാട്ടപ്പെട്ടു.
നവ മാധ്യമങ്ങളാണ് ഇതില്‍ പ്രധാന പങ്കുവഹിച്ചത്. ദേശീയതയ്ക്കൊപ്പം നിന്നവര്‍ ദേശവിരുദ്ധ ആഖ്യാനങ്ങളെ പൊളിച്ചടുക്കി. പക്ഷേ അപ്പോഴും ദേശവിരുദ്ധ ആഖ്യാനങ്ങളുടെ ചുവടുപിടിച്ച് രാജ്യത്തെ ശിഥിലീകരിക്കാന്‍ അധികാരത്തിന്റെ അപ്പ കഷ്ണത്തിന് വേണ്ടി കടിപിടികൂടിയവര്‍ മുന്നില്‍ നിന്നു.
ഒരു വിരല്‍ തുമ്പിലേക്ക് ലോകം ചുരുങ്ങുകയും നവ മാധ്യമങ്ങള്‍ പലവിധത്തില്‍ ഒരു വ്യക്തിയുടെ ചിന്താധാരയില്‍ സ്വാധീനം ഉറപ്പിക്കുകയും ചെയ്യുമ്പോള്‍ നേരേത്, നുണയേത് എന്നറിയാതെ അപകടകരമായ സ്ഥിതി വിശേഷം ഉടലെടുത്തു.
ഇവിടെയാണ് ദേശീയതയ്ക്ക് ഒപ്പം നില്ക്കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരുടെ പ്രസക്തി. രാഷ്ട്രത്തിന്റെ ശബ്ദമാകുന്ന ആ യുവത്വത്തിന്റെ സംഗമത്തിനാണ് ഈ മാസം 10 ന് കൊച്ചി എളമക്കരയിലെ ഭാസ്കരീയം കണ്വെന്ഷന് സെന്റര്‍ സാക്ഷ്യം വഹിച്ചത്. വിശ്വസംവാദ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സോഷ്യല്‍ മീഡിയ കോണ്‍ഫ്ലുവന്‍സ് ‘ലക്ഷ്യ 2024’ ല്‍ പങ്കെടുത്തത് രാഷ്ട്ര പുനര്‍നിര്‍മാണത്തില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയുന്ന ആയിരത്തോളം യുവാക്കളാണ്. അവര്‍ക്ക് വ്യക്തമായ ദിശാബോധം നല്കാന് എത്തിയതാവട്ടെ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസും.
സ്വാഗത സംഘം ചെയര്മാന് കെ.സി.നരേന്ദ്രന്, ആര്‍എസ്എസ് പ്രാന്ത പ്രചാരക് എസ്.സുദര്ശനന്, നടന് ഉണ്ണി മുകുന്ദന്, സംവിധായകന് വിഷ്ണു മോഹന്‍, ആര് എസ് എസ് പ്രചാര്‍ പ്രമുഖ് എം.ബാലകൃഷ്ണന് തുടങ്ങി നിരവധി പേര് പങ്കാളികളായി. സമാപന പരിപാടിയില്‍ ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് കെ.പി. രാധാകൃഷ്ണന് പ്രഭാഷണം നടത്തി.
ആത്മ പ്രചോദനം നല്കി ആനന്ദ ബോസ്
കഥകളിലൂടെ കാര്യം പറയുക. അതിലൂടെ മഹത്തായ സന്ദേശം നല്‍കുക. ഇവിടെയും ആനന്ദ ബോസ് ആ പതിവ് തെറ്റിച്ചില്ല. ഇന്ന് വാര്‍ത്തകളില്‍ നിറയുന്ന സന്ദേശ് ഖാലിയെ ഗുണ്ടകളില്‍ നിന്ന് മോചിപ്പിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമം കാളി ദേവിയുടെ കഥ പറഞ്ഞു കൊണ്ടായിരുന്നു.
ആ കഥയിങ്ങനെ…
ഗംഗയുടെ തീരത്തുള്ള, മൂവായിരത്തോളം പേര് തിങ്ങിപ്പാര്‍ക്കുന്ന തുരുത്താണ് സന്ദേശ് ഖാലി. അവിടെ വാഹന സൗകര്യമില്ല. പാലമില്ല. ഷെയ്ഖ് ഷാജഹാനും ഗുണ്ടകളുമായിരുന്നു അവിടം അടക്കിവാണിരുന്നത്. സ്ത്രീകളെ പാര്‍ട്ടി ഓഫീസിലെത്തിച്ച് മാനഭംഗപ്പെടുത്തുകയാണ് പതിവ്. എതിര്‍ത്താല്‍ അവരുടെ ഭൂമി പിടിച്ചെടുക്കും. ഈ വിവരം അറിഞ്ഞപ്പോള്‍ ആനന്ദ ബോസ് അവിടേക്ക് പോകാന്‍ തീരുമാനിച്ചു.
മാധ്യമ പ്രവര്‍ത്തകരെയും ഒപ്പം കൂട്ടി. സുരക്ഷയുടെ പേരില്‍ അവിടേക്ക് പോകരുതെന്നായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. മാധ്യമ പ്രവര്‍ത്തകരേയും തടഞ്ഞു. അതെല്ലാം മറികടന്ന് അവിടുത്തെ സ്ത്രീകളുടെ അടുത്തെത്തി. ഗുണ്ടകളെ അറസ്റ്റു ചെയ്യുമെന്ന് ഉറപ്പ് കൊടുത്തു. അവര്‍ ഗവര്‍ണറുടെ കയ്യില്‍ രാഖി ബന്ധിച്ചു. അദ്ദേഹം അവരുടെ സഹോദരനായി. സഹോദരിയുടെ മാനം കാക്കേണ്ടത് സഹോദരന്റെ ഉത്തരവാദിത്തം ആണല്ലോ. ആനന്ദ ബോസ് അവരോടു കാളീ ദേവിയുടെ കഥ പറഞ്ഞു.
ഒരിക്കല്‍ കൈലാസത്തില്‍ രക്താസുരന്‍ എന്ന അസുരന് അതിക്രമിച്ചു കയറി. മഹാദേവനെ വെല്ലുവിളിച്ചു. പാര്‍വതീദേവിയുടെ സ്ത്രീത്വത്തെ വരെ അപമാനിച്ചു. സര്‍വ്വശക്തനായ തന്റെ പതി ശ്രീ പരമേശ്വരന് എന്തേ ഒന്നും ചെയ്യാത്തത്. ഒരു സ്ത്രീ അപമാനിക്കപ്പെടുന്ന വേളയില്‍ എന്തേ ഒന്നും മിണ്ടാത്തത്. പെട്ടന്ന് പാര്‍വ്വതിയുടെ ഉള്ളിലെ ശക്തി ഉണര്‍ന്നു. രക്താസുരനെ താഡനം ചെയ്തു. ഓരോ തുള്ളി രക്തവും താഴെ വീഴുമ്പോള്‍ അതില്‍ നിന്ന് മറ്റൊരു രക്താസുരന്‍ ഉണ്ടാകും. അങ്ങനെ വന്നപ്പോള്‍ ദേവി രക്തം കുടിക്കാന്‍ തുടങ്ങി. രക്തകാളിയായി. താഡനം തുടര്‍ന്നു. ഏഴ് ലോകങ്ങളും നശിക്കും എന്ന സ്ഥിതിയായി. ദേവിയെ തടുക്കാന്‍ ആര്‍ക്കും സാധിച്ചില്ല. ഒടുവില്‍ മഹാദേവന്, ദേവിക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ചു. പതിയുടെ ദേഹത്ത് കാല് പതിപ്പിക്കരുതെന്ന ചിന്തയാല്‍ ദേവി പതിയെ സൗമ്യയായി.
ആനന്ദ ബോസ് ബംഗാളിലെ അമ്മമാരോട് പറഞ്ഞു. നിങ്ങളുടെ ഉള്ളിലും കാളീ ശക്തിയുണ്ട്. അത് പുറത്തെടുക്കുക”.
ഈ സംഭവത്തിന് ശേഷം അദ്ദേഹം കേട്ടത് അവിടുത്തെ സ്ത്രീകള്‍ കയ്യില്‍ കിട്ടിയ ആയുധങ്ങളുമായി ഗുണ്ടകളെ അടിച്ചോടിച്ചു എന്നാണ്. ബംഗാളിലെ പെണ്‍കുട്ടികളെ ഉദ്ധരിച്ചുകൊണ്ട് നാരീശക്തിയാണ് ഭാരതത്തിന്റെ ശക്തി എന്ന് പ്രധാനമന്ത്രിയും അടിവരയിട്ട് പറയുന്നു.
അമ്മമാരാണ് ബംഗാളില്‍ സമൂല മാറ്റം കൊണ്ടുവന്നത്. മൈത്രേയിയും ഗാര്‍ഗിയും നേതൃത്വം കൊടുത്ത അധ്യാത്മിക, ബൗദ്ധിക മണ്ഡലം സ്ത്രീകള്‍ അധികം വൈകാതെ കീഴടക്കും. അറിവ് തിരിച്ചറിവ് ആക്കുന്നത് അമ്മയാണ്. അമ്മയാണ് സമൂഹത്തിന്റെ കേന്ദ്ര ബിന്ദു.
അസത്യമായ ആഖ്യാനങ്ങള്‍ മഹാഭാരത യുദ്ധത്തിന്റെ കാലം മുതലുണ്ട്. ഇന്ത്യയെ ശിഥിലീകരിക്കാന്‍ ശിഥിലീകരണ ശക്തികള്‍ ശ്രമിച്ചാല്‍, അപ്രകാരം ആഖ്യാനം ഉണ്ടായാല്‍ അതിനെ ചെറുക്കണം. ഒരേ ഒരു ഇന്ത്യാ, ഒരൊറ്റ ജനത എന്നത് നമ്മുടെ വിശ്വാസ പ്രമാണം ആണ്. ആ ദേശീയതയിലേക്ക് രാജ്യത്തെ കൈപിടിച്ച് ഉയര്‍ത്താന്‍ കഴിയണം. ഭാരതം മഹത്തരവും ശക്തവും ആണ്. ആത്മനിര്‍ഭരതയിലൂടെ അത് മുന്നോട്ട് പോകും. ആന്തരിക ശക്തിയെ മനസ്സിലാക്കുക എന്നതാവണം ലക്ഷ്യയുടെ ലക്ഷ്യവും എന്ന സന്ദേശമാണ് ആനന്ദ ബോസ് നല്‍കിയത്. സരളമെങ്കിലും അതിവിശാലവും ഗഹനവും ആയ വാക്കുകള്‍. ലക്ഷ്യയുടെ ലക്ഷ്യത്തെ കൃത്യമായി നിര്‍ണയിച്ച ആ വാക്കുകള്‍ നെഞ്ചേറ്റിയാണ് ഡെലിഗേറ്റുകള്‍ മടങ്ങിയത്.
ലക്ഷ്യം സ്ത്രീ മുന്നേറ്റം
സ്ത്രീ ശബ്ദം ഉയരുമ്പോള്‍ ആര്‍ക്കാണ് ഭയം. ഈ ചോദ്യം സ്ത്രീയെ സൈബര്‍ ഇടങ്ങളില്‍ നിരന്തരം അപമാനിക്കുന്നവരോടാണ്. സൈബര്‍ ബുള്ളിയിങ്ങിന് ഇരയാക്കപ്പെടുന്നവരില്‍ സാധാരണ വീട്ടമ്മമാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെയുണ്ട്. ഇതിനെതിരെ ലക്ഷ്യ വേദിയില്‍ ഉയര്‍ന്നു കേട്ടത് ശക്തമായ പെണ്‍സ്വരം. സംവാദത്തില്‍ പങ്കെടുത്ത ന്യൂസ് റീഡര്‍ ലക്ഷ്മി പിള്ളയും നടി ശിവദയും അഡ്വ.ഒ.എം.ശാലീനയും സൈബര്‍ ബുള്ളിയിങ്ങ് എന്ത്, എങ്ങനെ പ്രതിരോധിക്കാം എന്ന് കൃത്യമായി പറഞ്ഞു. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ വേളയില്‍ ഗായിക ചിത്രയും ഭാരതാംബയുടെ വേഷം ധരിച്ചതിന് നടി അനുശ്രീയും അടക്കം നിരവധി സ്ത്രീകള്‍ അനുഭവിച്ച സൈബര്‍ ബുള്ളിയിങ്ങിനെക്കുറിച്ച് വേദിയില്‍ ചര്‍ച്ചയായി. അതെല്ലാം അവഗണിച്ച് സധൈര്യം സ്വന്തം സ്വത്വ ബോധത്തില്‍ അടിയുറച്ച് മുന്നോട്ട് പോകുന്ന സ്ത്രീ ശബ്ദങ്ങള്‍ ഇനിയും ഉയര്‍ന്നു കേള്‍ക്കണം എന്ന പ്രേരണ പകരാന്‍ ഈ സംവാദത്തിന് സാധിച്ചു.
ലക്ഷ്യയുടെ വേദിയെ ധന്യമാക്കാന്‍ എത്തിയവരില്‍ പ്രശസ്ത വ്ളോഗറും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുമായ വിനോദ് സ്ട്രിങ്സുമുണ്ടായിരുന്നു. ഭാരതത്തിന്റെ അഖണ്ഡതയെ തകര്‍ക്കാന്‍ വിദേശശക്തികള്‍ എപ്രകാരം സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്തുന്നു, ആഖ്യാനങ്ങള്‍ സൃഷ്ടിക്കുന്നു, ധനസഹായം നല്കുന്നു തുടങ്ങിയ കാര്യങ്ങള്‍ പവര്‍ പോയിന്റ് പ്രസന്റേഷനിലൂടെ അദ്ദേഹം വിശദീകരിച്ചു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരത്തോളം പ്രതിനിധികള്‍. അവരില്‍ പലരും സോഷ്യല്‍ മീഡിയയില്‍ സ്വാധീനം ഉറപ്പിച്ചവര്‍. ലക്ഷ്യയെ കുറിച്ച് കേട്ടറിഞ്ഞ് എത്തിയവരും നിരവധി. ചര്‍ച്ച ചെയ്തത് ദേശീയതയില്‍ ഊന്നിയുള്ള ആഖ്യാനങ്ങളുടെ അനിവാര്യതയെ കുറിച്ച്. മര്യാദ പുരുഷോത്തമന് ഭഗവാന് ശ്രീരാമചന്ദ്രന്റെ ചിത്രം പശ്ചാത്തലമായ വേദിയില്‍ മുഴങ്ങിയത് ഈ കാലഘട്ടത്തിന് അനിവാര്യമായ ധര്‍മ്മ യുദ്ധത്തിന് വേണ്ടിയുള്ള കാഹളം. അത് നിലയ്ക്കില്ലെന്ന് ദൃഢനിശ്ചയം എടുത്തു കൊണ്ടാണ് ലക്ഷ്യ 2024 സമാപിച്ചത്.
ഉണ്ണി മുകുന്ദനും വിഷ്ണു മോഹനും എക്സലന്‍സ് പുരസ്കാരം
ബംഗാള്‍ ഗവര്‍ണര്‍ എക്സലന്‍സ് പുരസ്കാരം നടന് ഉണ്ണി മുകുന്ദനും സംവിധായകന് വിഷ്ണു മോഹനും സമ്മാനിച്ചു. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
പുരസ്കാര തുക സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ഉണ്ണി മുകുന്ദന് സമര്‍പ്പിച്ചു.ലക്ഷ്യയില്‍ പങ്കെടുത്തത മികച്ച 10 സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്ക് 10000 രൂപയുടെ എക്സലന്‍സ് പുരസ്കാരവും പ്രഖ്യാപിച്ചു.
”ഈ ദേശത്തിന്റെ രക്ഷകര്‍ത്താക്കള്‍ക്ക് ഒരു പദ്ധതി വേണം. സത്യത്തെ പ്രചരിപ്പിക്കാന്‍ ഒരു പദ്ധതി ഇല്ല എങ്കില്‍ നമ്മള് പരാജയത്തിന്റെ പദ്ധതിയായിരിക്കും ചെയ്യുക. ധര്‍മ്മമേ ജയിക്കൂ എന്നതിനാല്‍ ധര്‍മ്മത്തിന്റെ ഭാഗത്തുനിന്നുകൊണ്ട് ഈ ദേശത്തിന്റെ രക്ഷ ഉറപ്പാക്കാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാം”.
എസ്. സുദര്ശനന്
ആര്‍എസ്എസ് പ്രാന്തപ്രചാരക്
”ഏറ്റവും വലിയ വിപ്ലവത്തിന്റെ ഭാഗമാണ് സോഷ്യല്‍ മീഡിയ. ഏറ്റവും അപകടകരമായ ടൂള്‍ കൈകാര്യം ചെയ്യുന്നവരായിട്ടാണ് ഞാന്‍ അവരെ കാണുന്നത്. ഭാരതത്തിന്റെ പ്രധാനമന്ത്രി രാജ്യത്തെ മികച്ച സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്റര്‍മാരുമായി കൂടിക്കാഴ്ച നടത്തുന്നു, അവരെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറയുമ്പോള്‍ തന്നെ അതിന്റെ പ്രാധാന്യം മനസ്സിലാക്കാം”.
ഉണ്ണി മുകുന്ദന്
”സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ തത്സമയം സോഷ്യല്‍ മീഡിയ വഴി അറിയുന്ന കാലമാണിത്. ഇതില്‍ രണ്ട് പ്രശ്നങ്ങളാണുള്ളത്. സംഭവങ്ങളെ വളച്ചൊടിക്കാന്‍ വേഗത്തില്‍ സാധിക്കും. അതല്ലെങ്കില്‍ അസത്യത്തെ വേഗത്തില്‍ പ്രചരിപ്പിക്കാനും ഇതിലൂടെ കഴിയും. സോഷ്യല്‍ മീഡിയ കൂട്ടായ്മകള്‍ പല അജണ്ടകളോടെയാണ് പ്രവര്‍ത്തിക്കുന്നത്. ദേശീയതയ്ക്ക് വേണ്ടി സംസാരിക്കുന്നവരുടെ ഒരു കൂട്ടായ്മ ഏറ്റവും കൂടുതല്‍ ആവശ്യമുള്ള സംസ്ഥാനമാണ് കേരളം. രാജ്യവിരുദ്ധ പ്രചരണങ്ങള്‍ക്ക് ഇവിടെയാണ് ഏറ്റവും കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നത്. അതുകൊണ്ടാണ് ഇവിടെ ചൈനയും ഉത്തര കൊറിയയും റോള്‍ മോഡലായിട്ടും താലിബാന് വിസ്മയമായിട്ടും ഹമാസ് പോരാളികളായിട്ടും ചര്‍ച്ച ചെയ്യപ്പെടുന്നത്. അതുകൊണ്ട് അസത്യത്തെ നേരിടാന്‍ ലക്ഷ്യ പോലുള്ള കൂട്ടായ്മ അനിവാര്യമാണ്.”
വിഷ്ണു മോഹന്‍ (സംവിധായകന്)
പ്രഗത്ഭരാല്‍ സമ്പന്നമായിരുന്നു ലക്ഷ്യയുടെ സംവാദ വേദി. ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന വിഷയത്തിലായിരുന്നു സംവാദം. പല സ്വഭാവത്തില്‍ ഒഴുകുന്ന പുഴകള്‍ സാഗരത്തില്‍ ലയിച്ചു ഒന്നാകും പോലെ ശ്രേഷ്ഠ ഭാരതം എന്ന ദര്‍ശനത്തെ പല വിയോജിപ്പുകള്‍ക്ക് ഇടയിലും ഏക മനസ്സോടെ അംഗീകരിക്കുന്ന ദേശീയവാദികളുടെ സംഗമവേദി കൂടിയായിരുന്നു അത്.
ഡോ.ആരിഫ് ഹുസ്സൈന്‍ തെരുവത്ത്, സന്ദീപ് വചസ്പതി, ഷാജന് സ്കറിയ, പി. സന്ദീപ്, പി.ആര്. ശിവശങ്കരന് എന്നിവരാണ് സംവാദത്തിന്റെ ഭാഗമായത്.
”സ്വാതന്ത്ര്യം എന്ന ഹൃദയത്തെ തുടിപ്പികുന്ന വികാരം ഭാരതത്തിലെ ഉള്ളൂ. ശ്രേഷ്ഠ ഭാരതത്തില്‍ ജനിക്കാന്‍ കഴിഞ്ഞത് ഭാഗ്യം. ശ്രേഷ്ഠ ഭാരതത്തെ ഇഷ്ടപ്പെടാത്തവര്‍ ആണ് രാജ്യത്തിനുള്ളില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നത്. ഇവിടെ ഭിന്നതയുണ്ടാക്കുന്നവര്‍ ഭാരതീയരല്ല”.
ഷാജന് സ്കറിയ
”വിയോജിപ്പുകള്‍ക്ക് ഇടമുള്ള നാടാണ് ഭാരതം. കട്ടിംഗ് സൗത്ത് എന്ന വിഷയം ചര്‍ച്ച ആയപ്പോള്‍ കോണ്‍ഗ്രസ്സ് അടക്കം വിഭജനം ആവശ്യം ആണെന്ന് അഭിപ്രായപ്പെട്ടു. ഇത്തരം പ്രശ്നം അംഗീകരിച്ച് പരിഹാരം കാണണം. എല്ലാത്തിനെയും നിരാകരിച്ചു മുന്നോട്ട് പോകാന്‍ സാധിക്കില്ല. സംസാര സ്വാതന്ത്ര്യം ഉണ്ട് എന്നതിനാലാണ് ലക്ഷ്യയുടെ വേദിയില്‍ നില്ക്കാന് സാധിച്ചത്. അതാണ് മഹത്വം”.
ഡോ. ആരിഫ് ഹുസ്സൈന്‍ തെരുവത്ത്
”മുസ്ലിം മത തീവ്രവാദം ആണ് ഭാരതത്തിലെ പല പ്രശ്നങ്ങള്‍ക്കും അടിസ്ഥാനം എന്ന് ചിന്തിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. എന്നാല്‍ മുസ്ലിം ഫണ്ടമെന്റലിസത്തിന് അപ്പുറം പ്രശ്നങ്ങള്‍ക്ക് കാരണം ആഗോള കമ്മ്യൂണിസ്റ്റ് നറേറ്റീവുകളാണ്. ചൈനയുടെ കരങ്ങളാണ് ഇതിനുപിന്നില്‍”.
സന്ദീപ് വചസ്പതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: