കോട്ടയം: റബര്‍ ഷീറ്റ് കയറ്റുമതി പ്രോല്‍സാഹിപ്പിക്കാന്‍ കിലോയ്ക്ക് അഞ്ച് രൂപ നല്കാന് റബര്‍ ബോര്‍ഡ് തീരുമാനിച്ചു. മാര്‍ച്ച് 15 മുതല്‍ ജൂണ്‍ 30 വരെയാണ് പദ്ധതി. കയറ്റുമതിക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും അവരെ പിന്തുണയ്ക്കാനും എക്സ്പോര്‍ട്ട് പ്രൊമോഷന് സെല്‍ ബോര്‍ഡും രൂപീകരിച്ചു.
ബോര്‍ഡിന്റെ രജിസ്ട്രേഷന്, മെമ്പര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും പ്രകൃതിദത്ത റബര്‍ ലോഗോ ഉപയോഗിക്കാനുള്ള രജിസ്ട്രേഷനും ഉള്ളവര്‍ക്ക് പ്രോത്സാഹന പദ്ധതിയുടെ പ്രയോജനം ലഭിക്കും.
പദ്ധതിപ്രകാരം വേണ്ട രേഖകള്‍ ഹാജരാക്കിയാല്‍ പ്രോത്സാഹനത്തുക റബര്‍ ബോര്‍ഡ് നല്‍കും. ബ്രാന്‍ഡിങ്ങിന് വേണ്ടിവരുന്ന അധികച്ചെലവ് നികത്താന്‍ ഇത് സഹായിക്കും.
റബര്‍ ഷീറ്റിെന്റ അന്താരാഷ്ട്രവില 2024 ജനുവരിയില്‍ ആഭ്യന്തരവിലയെ മറികടന്നിരുന്നു. എങ്കിലും വിയറ്റ്നാം പോലുള്ള ഉത്പാദക രാജ്യങ്ങളില്‍ നിന്നുള്ള റബറിന്റെ വിലക്കുറവ് കാരണം ഭാരതത്തില്‍ നിന്ന് കയറ്റുമതി ചെയ്യാന്‍ കഴിയുന്നില്ല.
റബര്‍ ബോര്‍ഡ് ചെയര്മാന് ഡോ. സാവര്‍ ധനാനിയ, എക്സി. ഡയറക്ടര്‍ എം. വസന്തഗേശന്‍ ഐആര്‍എസ്, റബര്‍ ബോര്‍ഡ് അംഗം എന്‍. ഹരി, ഇന്ത്യന്‍ റബര്‍ ഡീലേഴ്സ് ഫെഡറേഷന് പ്രസിഡന്റ് ജോര്‍ജ് വാലി തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: