നാഗ്പൂര്‍: വോട്ടിംഗ് പ്രക്രിയയില്‍ കൂടുതല്‍ സജീവമായി പങ്കെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചുകൊണ്ട് രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആര്‍എസ്എസ്) പ്രവര്‍ത്തകര്‍ വീടുവീടാന്തരം കയറിയിറങ്ങി പ്രചാരണം നടത്താന്‍ ആഹ്വാനം. വോട്ടവകാശം വിനിയോഗിക്കുന്നതിന് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനം നടത്തുകയെന്ന് ആര്‍എസ്എസ് വ്യക്തമാക്കി.
ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബോളെ എന്നിവരുടെ നേതൃത്വത്തിലാണ് നാഗ്പൂര്‍ രേശിംഭാഗിലെ സ്മൃതിഭവനിലാണ് പ്രതിനിധിസഭ ചേര്‍ന്നത്. 15, 16, 17 തീയതികളിലാണ് പ്രതിനിധിസഭ നടക്കുന്നത്. 2025ലെ വിജയദശമിയോടെ 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ആര്‍എസ്എസ്, അതിന്റെ ജന്മശതാബ്ദി കാര്യക്രമങ്ങളെപ്പറ്റി പ്രതിനിധിസഭയില്‍ ചര്‍ച്ച ചെയ്യുമെന്ന് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സാമാജിക പരിവര്‍ത്തനത്തിന് ആര്‍എസ്എസ് മുന്നോട്ടുവച്ച അഞ്ചു പ്രവര്‍ത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തും. കുടുംബ പ്രബോധനം, പരിസ്ഥിതി സംരക്ഷണം, സാമാജിക സമരസത, സ്വദേശി ശീലം, പൗരബോധം വളര്‍ത്തുക എന്നീ അഞ്ചു പരിവര്‍ത്തന മന്ത്രങ്ങള്‍ മുറുകെപ്പിടിച്ച് സമൂഹത്തിലാകെ സമഗ്ര മാറ്റത്തിനുള്ള ശ്രമങ്ങളാണ് ആര്‍എസ്എസ് തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശാഖകള്‍ സംബന്ധിച്ച വിലയിരുത്തലും പ്രതിനിധിസഭയിലുണ്ടാകും. ശതാബ്ദിയോടെ രാജ്യത്ത് ഒരു ലക്ഷം ശാഖകളെന്ന ലക്ഷ്യമാണ് സംഘടന മുന്നോട്ടുവച്ചിട്ടുള്ളത്.
അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ രാജ്യത്താകെ ഉണര്‍ത്തിയ പ്രതീക്ഷാ നിര്‍ഭരമായ അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തില്‍ അതു സംബന്ധിച്ച് പ്രതിനിധിസഭയില്‍ പ്രമേയം അവതരിപ്പിക്കും. ആര്‍എസ്എസ് സര്‍കാര്യവാഹിന്റെ തെരഞ്ഞെടുപ്പും സര്‍സംഘചാലകിന്റെ അടുത്ത വര്‍ഷത്തെ പരിപാടികളുടെ തീരുമാനവും ഈ പ്രതിനിധിസഭയിലുണ്ടാവും. അഹല്യാബായ് ഹോള്‍ക്കറുടെ മുന്നൂറാം ജന്മവാര്‍ഷികം പ്രമാണിച്ചുള്ള പരിപാടികളെക്കുറിച്ച് പ്രസ്താവനയും പ്രതിനിധിസഭയിലുണ്ടാകും. പുതിയ പാഠ്യപദ്ധതിയനുസരിച്ചുള്ള ആര്‍എസ്എസ് പരിശീലന ശിബിരങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: