ടെക്സാസ്: കുട്ടിക്കാലത്ത് പോളിയോ ബാധിച്ചതിനെ തുടര്‍ന്ന് ഏഴ് പതിറ്റാണ്ടോളം ഇരുമ്പ് ശ്വാസകോശത്തിന്റെ സഹായത്തോടെ ജീവിച്ച പോള്‍ അലക്സാണ്ടര്‍ (78) അന്തരിച്ചു. കൊവിഡ് ബാധയെത്തുടര്‍ന്നാണ് അന്ത്യം. 1952ല്‍ ആറ് വയസുള്ളപ്പോഴാണ് പോളിയോ പിടിപെട്ടത്. കഴുത്തിന് താഴെ തളര്‍ന്ന അദ്ദേഹം പിന്നീട് ജീവന് നിലനിര്‍ത്താന്‍ ഇരുമ്പ് ശ്വാസകോശം ഉപയോഗിച്ചു തുടങ്ങി.
യന്ത്രസഹായത്തോടെ ശ്വസനത്തെ ഉത്തേജിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന നെഗറ്റീവ് പ്രഷര്‍ വെന്റിലേറ്ററാണ് ഇരുമ്പ് ശ്വാസകോശം. ഇത് ഉപയോഗിക്കുന്ന വ്യക്തിയുടെ ശരീരത്തിന്റെ ഭൂരിഭാഗവും യന്ത്രത്തിനുള്ളിലായിരിക്കും. പേശികളുടെ നിയന്ത്രണം നഷ്ടപ്പെടുമ്പോഴും സ്വയം ശ്വാസമെടുക്കാന്‍ പ്രയാസം നേരിടുമ്പോഴും ജീവന് നിലനിര്‍ത്താന്‍ ഉപയോഗിക്കുന്നു. പോളിയോ, ബോട്ടുലിസം തുടങ്ങിയ രോഗം ബാധിച്ചവരാണ് ഇത് കൂടുതലായി ഉപയോഗിച്ചിരുന്നത്.
പുതിയ ചികിത്സാ രീതികള്‍ വ്യാപകമായതോടെ ഇരുമ്പ് ശ്വാസകോശം അത്ര വ്യാപകമായി ഉപയോഗിക്കുന്നില്ല. ഇരുമ്പ് ശ്വാസകോശത്തില്‍ ജീവിച്ച അവസാനത്തെ ആളുകളില്‍ ഒരാളാണ് അലക്സാണ്ടര്‍. അതില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ച വ്യക്തിയായി ഇദ്ദേഹം ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ്സിലും ഇടം നേടി. പരിമിതിക്കിടയിലും ഓസ്റ്റിനിലെ ടെക്സസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടി. എഴുത്തുകാരനും അഭിഭാഷകനുമായിരുന്നു. 2020ല്‍ അദ്ദേഹം ഓര്‍മക്കുറിപ്പ് പ്രസിദ്ധീകരിച്ചു. ടിക്ക് ടോക്കില്‍ ദശലക്ഷക്കണക്കിന് ആരാധകരാണ് അലക്സാണ്ടറിനുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: