ന്യൂഡൽഹി: 2029 മുതൽ ലോക സഭ നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താൻ ഇക്കാര്യം പഠിച്ച സമിതിയുടെ ശുപാർശ. മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ അദ്ധ്യക്ഷതയിലുള്ള സമിതി റിപ്പോർട്ട് ഇന്ന് രാഷ്‌ട്രപതിക്ക് കൈമാറി. കേരളം ഉൾപ്പടെ ചില സംസ്ഥാനങ്ങളിലെ നിയമസഭകളുടെ കാലാവധി ഒറ്റതവണ വെട്ടിക്കുറയ്‌ക്കാനാണ് നിർദ്ദേശം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പെന്ന ആശയം നടപ്പാക്കാൻ ഭരണഘടനയിൽ നിരവധി മാറ്റങ്ങൾ നിർദ്ദേശിക്കുന്ന റിപ്പോർട്ടാണ് രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായ സമിതി കൈമാറിയത്.
2029ല്‍ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തണം. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള മത്സരം ഇതിനോട് ചേർക്കുന്നത് അഞ്ചു കൊല്ലത്തേക്ക് കൂടി മാറ്റിവെയ്‌ക്കാം എന്നാണ് സമിതിയുടെ നിർദ്ദേശം. ആർക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുസഭയാണെങ്കിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താം. സർക്കാരുകൾ ഇടയ്‌ക്ക് വീഴുകയാണെങ്കിൽ ബാക്കിയുള്ള കാലാവധിക്ക് മാത്രമായി തെരഞ്ഞെടുപ്പ് നടത്തണം. പല നിയമസഭകളുടെയും കാലാവധി വെട്ടിക്കുറയ്‌ക്കുകയോ നീട്ടുകയോ ചെയ്യുന്ന കാര്യം ആലോചിക്കണം.
കേരളം പോലുള്ള സംസ്ഥാനങ്ങളിൽ അടുത്ത തെരഞ്ഞെടുപ്പിന് ശേഷമുള്ള നിയമസഭയുടെ കാലാവധി മൂന്നു വർഷമായി ചുരുക്കേണ്ടി വരും. തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തുന്നതിനുള്ള നിർദ്ദേശം നടപ്പാക്കാൻ പ്രത്യേക സമിതി രൂപീകരിക്കാനാണ് നിർദ്ദേശം. എല്ലാ തെരഞ്ഞെടുപ്പുകൾക്കും ഒറ്റ വോട്ടർ പട്ടികയ്‌ക്കാണ് സമിതിയുടെ ശുപാർശ. അമിത് ഷാ, ഗുലാം നബി ആസാദ് തുടങ്ങിയവരും അംഗങ്ങളായ സമിതി 1800 പേജുള്ള വിശദ റിപ്പോർട്ടാണ് തയ്യാറാക്കിയിരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: