അശ്ലീല ഉള്ളടക്കം പ്രദര്‍ശിപ്പിച്ചതിന് ഒരു പറ്റം ഒടിടി ആപ്പുകളും സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളും നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. മലയാളം ഒടിടി ആപ്പായ യെസ്മ ഉള്‍പ്പടെ 18 പ്ലാറ്റ്ഫോമുകളാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നിരോധിച്ചത്. ഇതോടൊപ്പം 19 വെബ്സൈറ്റുകള്‍, 10 ആപ്പുകള്‍ (ഏഴ് എണ്ണം ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും 3 എണ്ണം ആപ്പിള്‍ ആപ്പ്സ്റ്റോറില്‍ നിന്നും) 57 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും സർക്കാർ നിരോധിച്ചു. അശ്ലീല ഉള്ളടക്കം അടങ്ങിയ സിനിമകളും ഹ്രസ്വചിത്രങ്ങളുമാണ് ഇത്തരം പ്ലാറ്റ്ഫോമുകളിലൂടെ സ്ട്രീം ചെയ്തിരുന്നത്.
‘സർഗ്ഗാത്മകമായ ആവിഷ്കാര’ത്തിന്റെ മറവിൽ അശ്ലീലവും അസഭ്യവും അധിക്ഷേപപരവുമായ കണ്ടന്റുകൾ പ്രചരിപ്പിക്കുകയായിരുന്നു ഈ ഒടിടി പ്ലാറ്റ്ഫോമുകളെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു.
ഡ്രീംസ് ഫിലിംസ്, വൂവി, മൂഡ്എക്സ്, നിയോൺ എക്സ് വിഐപി, മോജ് ഫ്ലിക്സ്, ഹണ്ടേഴ്സ്, യെസ്മ, ഹോട്ട് ഷോട്ട്സ് വിഐപി, അൺകട്ട് അഡ, റാബിറ്റ്, ഫുജി, ട്രി ഫ്ളിക്സ്, എക്സ് പ്രൈം, പ്രൈം പ്ലേ എന്നിവയും നിരോധിക്കപ്പെട്ട ഒടിടി പ്ലാറ്റ്ഫോമുകളിൽ പെടുന്നു.
സർക്കാരിന്റെ മറ്റു മന്ത്രാലയങ്ങളും/വകുപ്പുകളും മീഡിയ ആൻഡ് എന്റർടെയിൻമെന്റ്, സ്ത്രീകളുടെ അവകാശങ്ങൾ, കുട്ടികളുടെ അവകാശങ്ങൾ എന്നിവയിൽ വൈദഗ്ധ്യമുള്ള ഡൊമെയ്ൻ വിദഗ്ധരുമായി കൂടിയാലോചിച്ചാണ് 2000ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരമുള്ള ഒടിടി പ്ലാറ്റ്ഫോമുകൾക്കെതിരെ പ്രവർത്തിക്കാനുള്ള തീരുമാനമെടുത്തതെന്ന് സർക്കാർ പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: