ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് വീണ്ടും വന്‍തിരിച്ചടി. എഐസിസി ദേശീയ സെക്രട്ടറിയും മൂന്നു തവണ എംഎല്‍എയുമായിരുന്ന അജയ് കപൂര്‍ ബിജെപിയില്‍ ചേര്‍ന്നു. ബിഹാറിന്റെ ചുമതലയുണ്ടായിരുന്ന അജയ് കപൂര്‍ ആണ് കോണ്‍ഗ്രസ്-ആര്‍ജെഡി സീറ്റ് ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിച്ചിരുന്നത്. ഇന്നലെ ദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെ അജയ് കപൂറിന് അംഗത്വം നല്കി. ബിജെപി മീഡിയ ഇന്‍ ചാര്‍ജ് അനില്‍ ബലൂനി എംപി, വക്താക്കളായ പ്രേംശുക്ല, കെ.കെ. ശര്‍മ്മ എന്നിവരും പങ്കെടുത്തു.
2002ല്‍ ഗോവിന്ദ് നഗറില്‍ നിന്നാണ് അജയ് കപൂര്‍ ആദ്യമായി നിയമസഭയിലെത്തുന്നത്. 53,000 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. 2007ല്‍ ഗോവിന്ദ് നഗറില്‍ നിന്നു തന്നെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കിദ്വായ് നഗറിലേക്ക് മാറിയെങ്കിലും അവിടെയും വിജയം തുടര്‍ന്നു. എന്നാല്‍ 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കിദ്വായ് നഗറില്‍ ബിജെപി സ്ഥാനാര്‍ത്ഥി മഹേഷ് ത്രിവേദിയോട് പരാജയപ്പെട്ടു.
ആറ് വര്‍ഷം ബിഹാറിന്റെ ചുമതല വഹിച്ച അജയ് കപൂറിന്റെ ബിജെപി പ്രവേശം ഉത്തര്‍പ്രദേശിനുപുറമെ ബിഹാറിലും പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഗപുരുഷന് എന്ന് വിശേഷിപ്പിച്ച അജയ് കപൂര്‍ രാജ്യത്തിന്റെ പുരോഗതിക്കായി ഓരോ വ്യക്തിയും നരേന്ദ്ര മോദിയുടെ കുടുംബമായി ചേരണമെന്ന് അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസുമായുള്ള 37 വര്‍ഷം നീണ്ട ബന്ധത്തില്‍ താന്‍ സത്യസന്ധമായി പ്രവര്‍ത്തിച്ചു. ഇത് ഒരു പുതിയ ജീവിതത്തിന്റെ തുടക്കമാണ്, ഇനിയുള്ള രാഷ്ട്രീയ ജീവിതം മുഴുവന്‍ ബിജെപിക്കായി സമര്‍പ്പിക്കുകയാണ്. പ്രധാനമന്ത്രി മോദിയുടെ കുടുംബാംഗം എന്ന നിലയില്‍ പാര്‍ട്ടിയെയും സമൂഹത്തെയും സത്യസന്ധമായി സേവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: