കൊല്ലം: കേന്ദ്ര സര്‍ക്കാര്‍ നല്‍കാമെന്ന് പറഞ്ഞ 5000 കോടിയുടെ സാമ്പത്തിക സഹായം സ്വീകരിക്കില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് കേരളത്തിലെ ജനങ്ങളോടുള്ള വഞ്ചനയും വെല്ലുവിളിയുമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. കൊല്ലം പ്രസ്ക്ലബ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് സംവാദ പരിപാടി ‘മുഖാമുഖം’ ത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി സര്‍ക്കാരിന്റെ കൊള്ളരുതായ്മയുടെയും കെടുകാര്യസ്ഥതയുടെയും പേരില്‍ കേരളത്തിലെ ജനങ്ങള്‍ ദുരിതത്തിലാകരുത് എന്നതിനാലാണ് കേന്ദ്രം സഹായം നല്കാന് തയാറായത്. എന്നാല്‍ പണത്തിനെക്കാള്‍ രാഷ്ട്രീയ പ്രചരണത്തിനുള്ള മാര്‍ഗമാക്കി കേസിനെ മാറ്റുകയാണ് പിണറായി സര്‍ക്കാരിന്റെ ലക്ഷ്യം. ജനം പട്ടിണിയിലായിട്ടും കേന്ദ്രത്തിന്റെ സഹായം വേണ്ടന്ന് കോടതിയില്‍ പറഞ്ഞതിന്റെ സാഹചര്യം പിണറായി സര്‍ക്കാര്‍ വ്യക്തമാക്കണം.
കടമെടുപ്പിന്റെ കണക്കുകളും 5000 കോടി നല്കാന് തയാറായതിന്റെ കാരണവുമെല്ലാം കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന് കോടതിയില്‍ അറിയിച്ചു. എന്നാല്‍ ആ കണക്കുകള്‍ പുറത്ത് വിടരുതെന്നാണ് കേരളത്തിനു വേണ്ടി ഹാജരായ അഭിഭാഷകന് കപില്‍ സിബല്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന് പറഞ്ഞത് പുറത്ത് വിടാന്‍ മടിക്കുന്നത് എന്തിനെന്നും അദ്ദേഹം ചോദിച്ചു.
ഇങ്ങനെ കടമെടുത്ത് കൂട്ടിയാല്‍ കേരളം വളരെ വലിയ കടക്കെണിയിലാകും. അത് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുകയും സമ്പദ് വ്യവസ്ഥ നിലയ്ക്കുകയും ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം കടമെടുപ്പിന് പരിധി നിശ്ചയിച്ചത്. ഈ ആശങ്ക അറിയിച്ചാണ് കണക്കുകള്‍ അവതരിപ്പിച്ചതും. എന്നാല്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കേസിന് പോവുകയും വസ്തുതകള്‍ പുറത്ത് വിടരുതെന്ന് പറയുന്നതും വസ്തുതകള്‍ ജനങ്ങള്‍ അറിഞ്ഞാല്‍ സര്‍ക്കാരിനെ അടിച്ച് പുറത്താക്കുമെന്ന ഭയമുള്ളതിനാലാണ്.
കൂടാതെ സംസ്ഥാന ധനമന്ത്രി പറയുന്നത് പോലെ യാതൊരു മാനദണ്ഡവും മാറ്റാന്‍ കോടതി ആവശ്യപ്പെട്ടിട്ടില്ലെന്നും കേരളത്തിലെ സാമ്പത്തിക സ്ഥിതിയുടെ ദുഃരവസ്ഥ സുപ്രീം കോടതിക്കും ബോധ്യമായതിനാല്‍ തത്കാലം രക്ഷാ പാക്കേജ് അനുവദിക്കാനാണ് ആവശ്യപ്പെട്ടത്.
കൂടാതെ 10 ദിവസം പോലും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത ധനമന്ത്രിയും സര്‍ക്കാരും വേണോയെന്ന് ജനങ്ങള്‍ ആലോചിക്കണമെന്നും ധനമന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: