ന്യൂദല്‍ഹി : അതീവ ആക്രമണ സ്വഭാവമുളള പിറ്റ്ബുള്‍, അമേരിക്കന്‍ ബുള്‍ഡോഗ്, റോട്ട്വീലര് ഉള്‍പ്പെടെ 23 ഇനം നായ്ക്കളുടെ ഇറക്കുമതിയും വില്പനയും നിരോധിച്ചു.മനുഷ്യജീവന് അപകടമാണെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്. നായകളുടെ ഇറക്കുമതി, പ്രജനനം, വില്‍പ്പന എന്നിവ തടയണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്കി.
ഈ ഇനങ്ങളിലുളള നായ്ക്കള്‍ക്ക് ലൈസന്‍സോ പെര്‍മിറ്റോ നല്‍കരുതെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. സംസ്ഥാനങ്ങളില്‍ ചീഫ് സെക്രട്ടറിക്ക് ആണ് നിര്‍ദ്ദേശവുമായി കേന്ദ്രം കത്തയച്ചത്.
അപകടകാരികളായ നായ്ക്കളെ നിരോധിക്കണം എന്ന ആവശ്യത്തില്‍ തീരുമാനം എടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ദര്ല്ഹി ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ലീഗല്‍ അറ്റോര്‍ണിസ് ആന്‍ഡ് ബാരിസ്റ്റര്‍ ലോ ഫേം ആണ് ചില ഇനം നായ്ക്കളുടെ നിരോധനവും ഇത് വരെ ഈ നായ്ക്കളെ വളര്‍ത്തുന്നതിന് അനുവദിച്ച ലൈസന്‍സുകളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
അപകടകാരികളായ നായ്ക്കളുടെ ക്രോസ് ബീഡുകള്‍ക്കും വിലക്കുണ്ട്. റോട്ട്വീലര്, പിറ്റ്ബുള്‍ ടെറിയര്‍, അമേരിക്കന്‍ ബുള്‍ഡോഗ്, അമേരിക്ക സ്റ്റാഫോര്‍ഡ്ഷയര്‍ ടെറിയര്‍, ടോസ ഇനു, ഫില ബ്രസീലിറോ, ഡോഗോ അര്‍ജന്റീനോ,ബോസ്ബോയല്‍, കംഗല്‍, സെന്‍ട്രല്‍ ഏഷ്യന്‍ ഷെപ്പേര്‍ഡ് ഡോഗ്, കൊക്കേഷ്യന്‍ ഷെപ്പേര്‍ഡ് ഡോഗ്, സൗത്ത് റഷ്യന്‍ ഷെപ്പേര്‍ഡ് ഡോഗ്, ടോണ്‍ജാക്ക്, സാര്‍പ്ലാനിനാക്, ജാപ്പനീസ് ടോസ, മാസ്ടിഫ്സ്, ടെറിയര്‍സ്, റൊഡേഷ്യന്‍ റിഡ്ജ്ബാക്ക്, വുള്‍ഫ് ഡോഗ്സ്, കാനറിയോ, അക്ബാഷ്, മോസ്കോ ഗ്വാര്, കെയ്ന്‍ കോര്‍സോ, ബാന്‍ഡോ എന്നിവയാണ് നിരോധിച്ച പട്ടികയിലുള്‍പ്പെട്ടവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: