രണ്ടായിരത്തി പത്തൊന്പതില് പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വ നിയമഭേദഗതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തതോടെ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. ഇതുപ്രകാരം ഭാരതത്തിന്റെ അയല്‍ രാജ്യങ്ങളായ പാകിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഭാരത പൗരത്വത്തിന് അപേക്ഷിക്കാം. ഇതിനുള്ള വെബ് പോര്‍ട്ടല്‍ സംവിധാനം ജില്ലാതലത്തില്‍ തന്നെ നിലവില്‍ വരികയും ചെയ്തിരിക്കുന്നു. 2014 ഡിസംബര്‍ അവസാനിക്കുന്നതിനു മുന്‍പ് ഭാരതത്തില്‍ അഭയം തേടിയ ഹിന്ദു, ക്രൈസ്തവ, സിഖ്, ബുദ്ധ, ജൈന, പാര്‍സി മതങ്ങളില്‍പ്പെട്ടവര്‍ക്കാണ് അപേക്ഷിക്കുന്ന പക്ഷം പൗരത്വം ലഭിക്കുക. പതിനാല് വര്‍ഷത്തിനിടെ കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും ഭാരതത്തില്‍ താമസിച്ചിട്ടുള്ളവരും, ഒരു വര്‍ഷമായി താമസിച്ചുവരുന്നവരുമായിരിക്കണം പൗരത്വത്തിന് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫോമുകള്‍ വിജ്ഞാപനത്തോടൊപ്പം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പൂര്‍ണമായും ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അഭയാര്‍ത്ഥികളായെത്തുന്നവര്‍ക്ക് മുന്‍കാലത്ത് പതിനൊന്ന് വര്‍ഷം കഴിഞ്ഞാല്‍ മാത്രമേ സ്വാഭാവിക പൗരത്വം ലഭിക്കുമായിരുന്നുള്ളൂ. ഈ കാലതാമസമാണ് ഇപ്പോള്‍ ഇല്ലാതായിരിക്കുന്നത്. അസം, മേഘാലയ, മിസോറാം, ത്രിപുര എന്നിവിടങ്ങളിലെ ഗോത്രവര്‍ഗ മേഖലകളെ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിയമം ഗോത്രവര്‍ഗക്കാരെ ബാധിക്കുമെന്ന കുപ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുന്നു.
പൗരത്വ നിയമഭേദഗതി ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നതാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുന്നത് അവ നിറവേറ്റാനാണ്. കശ്മീരിന് ബാധകമായിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും, അയോധ്യയില്‍ രാമക്ഷേത്രം പുനര്‍നിര്‍മിച്ചതും ഇതിന് തെളിവാണല്ലോ. 2019 ല്‍ അധികാരമേറ്റ രണ്ടാം മോദി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ പോവുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കുന്നു. അതുകൊണ്ട് പൗരത്വ നിയമഭേദഗതി നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. അക്കാര്യത്തില്‍ ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും നിര്‍ബന്ധബുദ്ധിയുമുണ്ട്. അതിനാല്‍ എന്തുകൊണ്ട് ഈ നിയമം ഇപ്പോള്‍ നടപ്പാക്കുന്നു എന്ന ചോദ്യത്തിന് പ്രസക്തിയില്ല. പൗരത്വ നിയമഭേദഗതി പാര്‍ലമെന്റ് പാസ്സാക്കിയപ്പോള്‍ അതിനെതിരെ ചിലര്‍ പ്രക്ഷോഭത്തിനിറങ്ങിയിരുന്നു. ചിലയിടങ്ങളില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ പിന്തുണയോടെ മതമൗലികവാദികള്‍ കലാപങ്ങള്‍ സംഘടിപ്പിക്കുക വരെ ചെയ്തു. ഭാരതത്തിന്റെ ഉയര്‍ച്ച ആഗ്രഹിക്കാത്ത ചില രാജ്യങ്ങളുടേയും വൈദേശിക ശക്തികളുടെയും പിന്തുണയോടെ ആഗോളതലത്തില്‍ തന്നെ പ്രചാരണം നടന്നു. ഇതുകൊണ്ടൊക്കെ നരേന്ദ്ര മോദി സര്‍ക്കാര്‍ പിന്മാറുമെന്നാണ് തല്‍പ്പരകക്ഷികള്‍ പ്രതീക്ഷിച്ചത്. ഈ പ്രതീക്ഷ തകര്‍ന്നതോടെ ചിലര്‍ വീണ്ടും കോലാഹലമുയര്‍ത്തുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരാജയഭീതി തുറിച്ചുനോക്കുന്നവര്‍ ഗത്യന്തരമില്ലാതെ ഓരോന്നു ചെയ്യുന്നു എന്നുമാത്രം കരുതിയാല്‍ മതി.
പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവര്‍ തുടക്കം മുതല്‍ തന്നെ അസത്യപ്രചാരണമാണ് നടത്തിയത്. ഈ നിയമം ആരുടെയും പൗരത്വം എടുത്തുകളയാനുള്ളതല്ല, അര്‍ഹിക്കുന്നവര്‍ക്ക് അത് നല്കാനുള്ളതാണെന്ന അടിസ്ഥാനപരമായ വസ്തുത ഇക്കൂട്ടര്‍ മറച്ചുപിടിച്ചു. ഇക്കാര്യം അംഗീകരിച്ചാല്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ സമരത്തിന് ആളെക്കിട്ടില്ലെന്നു മനസ്സിലാക്കിയായിരുന്നു കുപ്രചാരണം. മുസ്ലിം സമുദായത്തില്‍ അനാവശ്യ ഭീതി പരത്തി വോട്ടുബാങ്കിന്റെ പിന്തുണ നേടാനായിരുന്നു കോണ്‍ഗ്രസ്സിന്റെയും ഇടതു പാര്‍ട്ടികളുടെയും ദുഷ്ടലാക്ക്. പൗരത്വ നിയമ ഭേദഗതി മുസ്ലിങ്ങള്‍ക്കെതിരല്ലെന്ന് പല ഇസ്ലാമിക പണ്ഡിതന്മാര് പോലും വ്യക്തമായി പറഞ്ഞുകഴിഞ്ഞിട്ടുള്ളതാണ്. ഈ നിയമത്തെ തങ്ങള്‍ സ്വാഗതം ചെയ്യുകയാണെന്നും ഇവര്‍ വ്യക്തമാക്കുകയുണ്ടായി. എന്നിട്ടും നിയമം മുസ്ലിം വിരുദ്ധമാണെന്ന് പറഞ്ഞ് ചിലര്‍ കോടതിയെ സമീപിക്കുകയാണ്. കേരളത്തില്‍ ഇടതു-വലതു മുന്നണികള്‍ തമ്മില്‍ ഇക്കാര്യത്തില്‍ ഒരു മത്സരം തന്നെയാണ് നടക്കുന്നത്. കുപ്രചാരണത്തില്‍ ഇവര്‍ പരസ്പരം കടത്തിവെട്ടാനാണ് നോക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ഒരു പടികൂടി കടന്ന് പ്രഖ്യാപിച്ചിരിക്കുന്നത് കേരളത്തില്‍ ഈ നിയമം നടപ്പാക്കില്ലെന്നാണ്. ആര്‍ക്കെങ്കിലും പൗരത്വം നല്‍കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്ന കാര്യമാണ്. പിണറായിക്കും കൂട്ടര്‍ക്കും അതില്‍ ഒന്നും ചെയ്യാനാവില്ല. എന്നിട്ടും ജനങ്ങളുടെ സാമാന്യബുദ്ധിയെ വെല്ലുവിളിച്ച് വര്‍ഗീയപ്രീണനം നടത്തുകയാണ്. ഇത് വിജയിക്കാന്‍ പോകുന്നില്ല. വളരെ സുതാര്യമായാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവന്നിട്ടുള്ളതും അത് നടപ്പാക്കുന്നതും. വിവേകമതികള്‍ അത് തിരിച്ചറിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: