ബെംഗളൂരു: ഭാരതത്തിന്റെ ഏറ്റവും പുതിയ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ്-3 ഡിഎസ് ഭൂമിയുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ആരംഭിച്ചു. ഉപഗ്രഹം ആദ്യമായി പകര്‍ത്തിയ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു.
കര്‍ണാടക ഹാസനിലെ ഐഎസ്ആര്‍ഒയുടെ മാസ്റ്റര്‍ കണ്ട്രോള് ഫെസിലിറ്റിയാണ് ചിത്രങ്ങള്‍ പ്രോസസ് ചെയ്ത് പുറത്തുവിട്ടത്. ഇന്‍സാറ്റ്-3 ഡിഎസിലെ കാലാവസ്ഥ പേലോഡുകളായ ആറ് ചാനലുകളുള്ള ഇമേജറും 19 ചാനലുകളുള്ള സൗണ്ടറും മാര്‍ച്ച് ഏഴിന് പകര്‍ത്തിയ ചിത്രങ്ങളാണ് ഇവ. കാലാവസ്ഥാപ്രവചനം, അന്തരീക്ഷ ഗവേഷണം എന്നിവയില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കാനുള്ള ഉപഗ്രഹത്തിന്റെ സന്നദ്ധതയാണ് ഭൂമിയുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിന്റെ വിജയകരമായ തുടക്കം തെളിയിക്കുന്നതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
ഫെബ്രുവരി 17ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നാണ് ഇന്‍സാറ്റ്-3ഡിഎസ് വിക്ഷേപിച്ചത്. ഘട്ടംഘട്ടമായി ഭ്രമണപഥമുയര്‍ത്തി ഉപഗ്രഹത്തെ 28ന് ജിയോസ്റ്റേഷനറി ഓര്‍ബിറ്റില്‍ എത്തിച്ചു. തുടര്‍ന്ന് ഇന്‍ ഓര്‍ബിറ്റ് ടെസ്റ്റിങ്ങിനും വിധേയമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: