ന്യൂദല്‍ഹി: സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയാകുന്നതോടെ കോണ്‍ഗ്രസിലെ മുന്‍നിരനേതാക്കള്‍ പലരും പാര്‍ട്ടി വിടുകയോ രാഷ്ട്രീയം മതിയാക്കുകയോ ചെയ്യുമെന്ന് സൂചന. മധ്യപ്രദേശിലെ മുതിര്‍ന്ന നേതാക്കളായ ദിഗ്വിജയ് സിങ്ങും കമല്‍നാഥും വിട പറയലിന്റെ പടിവാതിലിലാണ്.
മുന്നിരനേതാക്കള്ക്ക് പലര്‍ക്കും തെരഞ്ഞെടുപ്പില്‍ സീറ്റുണ്ടാവില്ലെന്ന് ഉറപ്പായതോടെയാണ് പാര്‍ട്ടിയില്‍നിന്ന് കൂടുതല്‍ പേര് പുറത്തേക്കുള്ള വഴി തേടുന്നുവെന്ന വാര്‍ത്തകള്‍ സജീവമാകുന്നത്. 62 സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ തിങ്കളാഴ്ച ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) രണ്ടാം വട്ട യോഗം കഴിഞ്ഞതിന് പിന്നാലെ ഇന്നലെ 43 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഗുജറാത്ത്(14), രാജസ്ഥാന് (13), മധ്യപ്രദേശ് (16), ആസാം (14), ഉത്തരാഖണ്ഡ് (5) തുടങ്ങിയ സംസ്ഥാനങ്ങളിലെ സീറ്റുകളിലേക്കാണ് യോഗത്തില്‍ ചര്‍ച്ച നടന്നത്.
മുന്‍ മുഖ്യമന്ത്രിമാരായ അശോക് ഗെഹ്ലോട്ട്, കമല്‍നാഥ്, ദിഗ്വിജയ സിങ്, ഹരീഷ് റാവത്ത്, മുന്‍ ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റ് എന്നിവരുടെ പേരുകള്‍ പരിഗണനയില്‍ ഇല്ലെന്നാണ് വിവരം. ഇവരൊന്നും ലോക്സഭയിലേക്ക് മത്സരിക്കാന്‍ താല്പര്യപ്പെടുന്നില്ല. തെരഞ്ഞെടുപ്പ് പരാജയം ഉറപ്പാണെന്ന നിലയിലാണ് ഈ തീരുമാനം. ചില നേതാക്കള്‍ തങ്ങള്‍ക്ക് പകരം മറ്റ് ചിലരുടെ പേരുകള്‍ പട്ടികയിലേക്ക് നിര്‍ദേശിച്ചിട്ടുമുണ്ട്.
രാജസ്ഥാന് മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ സ്വന്തം മണ്ഡലമായ ജോധ്പൂരിനെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തതുമില്ല. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന് നകുല്‍നാഥ് ചിന്ദ്വാരയില് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിട്ടുണ്ട്. ദേശീയരാഷ്ട്രീയത്തിലും സംസ്ഥാനത്തും പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതിനാല്‍ കമല്‍നാഥ് എന്ത് തീരുമാനമെടുക്കുമെന്നതും ചര്‍ച്ചയാണ്.
അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് മകന് വീരേന്ദ്ര റാവത്തിന് ടിക്കറ്റ് നല്‍കണമെന്ന് ആവശ്യപ്പെടുന്നത്.
മത്സരിക്കാന്‍ താല്പര്യമില്ലെന്നും പകരം രാജസ്ഥാനിലെ നാല് ലോക്സഭാ സീറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നും ഛത്തീസ്ഗഢിലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് സച്ചിന് പൈലറ്റ് പറയുന്നു. തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ അടുത്ത യോഗം 15 ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: