അന്തിക്കാട്: ചാക്കില്‍ കെട്ടി വഴിയില്‍ ഉപേക്ഷിച്ച നാല് നായക്കുട്ടികളെ രക്ഷപ്പെടുത്തിയ സഹോദരങ്ങുടെ പ്രവൃത്തിക്ക് കൈയ്യടി. അന്തിക്കാട് സ്വദേശികളായ കാട്ടുങ്ങല്‍ ജയരാജിന്റെയും നിഷയുടെയും മക്കളായ ആയൂര്‍വേദ വിദ്യാര്‍ത്ഥി കെ. ജെ. അഞ്ജനയും അന്തിക്കാട് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആദിത്യനുമാണ് നായക്കുട്ടികളെ രക്ഷിച്ചത്.
ഞായറാഴ്ച രാത്രി അന്തിക്കാട് കെ.കെ.മേനോന് ഷെഡിന് സമീപം അഞ്ചങ്ങാടി ലിങ്ക് റോഡരികിലാണ് ചാക്ക് കണ്ടെത്തിയത്. കെട്ടിപ്പൂട്ടിയ ചാക്ക് അനങ്ങുന്നത് ഇവരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഉടനെ അവര്‍ സഞ്ചരിച്ചിരുന്ന വാഹനം നിര്‍ത്തി മൊബൈല്‍ ലൈറ്റിന്റെ പ്രകാശത്തില്‍ ചാക്ക് അഴിച്ച് പരിശോധിച്ചപ്പോഴാണ് നായക്കുട്ടികളെ കണ്ടെത്തിയത്.
ശ്വാസം കിട്ടാതെ ചാക്കിനുള്ളില്‍ കിടന്ന് പിടയുകയായിരുന്നു നായകുട്ടികള്‍. ചാക്കിന്റെ കെട്ടഴിച്ച് അവയെ സ്വതന്ത്രരാക്കി തങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോയി. പിന്നീട് പാലും ബിസ്ക്കറ്റും നല്കി വിശപ്പ് മാറ്റി. വാഹനങ്ങള്‍ പാഞ്ഞു പോകുന്ന റോഡരികില്‍ നായക്കുട്ടികളെ ഉപേക്ഷിക്കാന്‍ മനസ്സ് വന്നില്ല. ഒമാനിലുള്ള അച്ഛന്റെ അനുവാദത്തോടെ ഇപ്പോള്‍ നായക്കുട്ടികളെ സംരക്ഷിക്കുകയാണ് സഹോദരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: