പെരുമ്പാവൂര്‍: കലാലയങ്ങളില്‍ കലയുടെ ശംഖമുയര്‍ത്തുവാനും കൊലയുടെ ശീല്‍കാരമണയ്‌ക്കുവാനും മഹിളകള്‍ രംഗത്തിറങ്ങണമെന്ന് മഹിളാ ഐക്യവേദി. പെരുമ്പാവൂരിലെ ഇരിങ്ങോളില്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ഈ ആഹ്വാനം.
കേരളത്തിലെ കലാലയാന്തരീക്ഷം കലാപകലുഷിതമാണ്. ദേശവിരുദ്ധതയും അരാജകത്വവും അസന്മാര്‍ഗികതയും കളിയാടുകയാണ്. കക്ഷിരാഷ്‌ട്രീയ പിന്‍ബലത്തോടെ കുട്ടികള്‍ തെറ്റായ വഴികളിലൂടെ സഞ്ചരിക്കുകയാണ്. മദ്യവും മയക്കുമരുന്നും യുവത്വത്തെ വഴിതെറ്റിക്കുന്നു. റാഗിങ് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. നൊന്ത് പ്രസവിച്ച മക്കളെ നഷ്ടപ്പെടുന്നത് ഒരമ്മയ്‌ക്കും സഹിക്കാവുന്നതല്ല. സ്‌നേഹവും സഹവര്‍ത്തിത്വവും സാഹോദര്യഭാവവും വളരണം. സര്‍വകലാശാല അധികൃതരും അദ്ധ്യാപകരും അനദ്ധ്യാപകരും വിദ്യാര്‍ത്ഥി സംഘടനകളും എല്ലാ ഭേദചിന്തകളും രാഷ്‌ട്രീയവും മാറ്റിവച്ച് പുതുതലമുറയ്‌ക്കായ് അണിചേരണമെന്ന് സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
ഇനിയൊരു അഭിമന്യുവും സിദ്ധാര്‍ത്ഥനും ഉണ്ടാവാതിരിക്കാന്‍ ഭരണകൂടം ശക്തമായ നിലപാട് സ്വീകരിക്കണം. കേരളത്തിലെ മഹിളകള്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
രക്ഷാധികാരി ദേവകി ടീച്ചര്‍ ദീപ പ്രോജ്വലനം നടത്തി. സംസ്ഥാന അധ്യക്ഷ ബിന്ദുമോഹന്‍ അധ്യക്ഷയായി. ജനറല്‍ സെക്രട്ടറി ഷീജ ബിജു, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.പിഹരിദാസ്, കെ. ഷൈനു, സെക്രട്ടറി സാബു ശാന്തി, മഹിളാ ഐക്യവേദി സെക്രട്ടറി സൂര്യ, ഉഷാദേവി, ഗിരിജ, പി.കെ., യമുന വത്സന്‍, രമണി ശങ്കര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: