തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയില്‍ യുവം പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ വേദിയില്‍ ഉണ്ടായിരുന്ന നടി നവ്യാനായര്‍ ഇപ്പോള്‍ ശരിയ്ക്കും ബിജെപിയായോ എന്ന നിലയില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. ഇതിന് കാരണം കേരള സര്‍വ്വകലാശാല യുവജനോത്സവ വേദിയില്‍ വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിക്ക് നവ്യാനായര്‍ ഉരുളയ്ക്ക് ഉപ്പേരി എന്ന നിലയില്‍ മറുപടി കൊടുത്തതും എസ് എഫ് ഐയുടെ അക്രമരാഷ്ട്രീയത്തെ താക്കീത് ചെയ്യുന്ന ചില പരാമര്‍ശങ്ങളുമാണ്.
പൊതുവേ ഇടതുപക്ഷ സഹയാത്രികയായി ആദ്യമൊക്കെ അറിയപ്പെട്ടിരുന്ന നവ്യാനായരുടെ മറ്റൊരു മുഖമാണ് കേരള സര്‍വ്വകലാശാല യുവജനോത്സവ പ്രസംഗവേദിയില്‍ കണ്ടത്. ഇത് പ്രധാനമന്ത്രി മോദിയെ കണ്ടതിന് ശേഷമുള്ള മാറ്റമാണോ എന്ന് ചോദിക്കുകയാണ് സമൂഹമാധ്യമം.
കലോത്സവത്തില്‍ പങ്കെടുക്കുന്ന മമ്മൂട്ടി ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളാരും പ്രതിഫലം വാങ്ങാറില്ല എന്ന മന്ത്രി ശിവന്‍കുട്ടിയുടെ പ്രസ്താവനയ്ക്ക് വേദിയില്‍ അപ്പോള്‍ തന്നെ നവ്യാനായര്‍ മറുപടി കൊടുത്തിരുന്നു. “യൂത്ത് ഫെസ്റ്റിവലുകളില്‍ പങ്കെടുക്കുന്ന താരങ്ങള്‍ അവരുടെ വേരുകള്‍ ഓര്‍മ്മിക്കണമെന്നും വലിയ തുക പ്രതിഫലം വാങ്ങരുതെന്നുമുള്ള മന്ത്രി ശിവന്‍കുട്ടിയുടെ പ്രസംഗത്തോട് താന്‍ ഇന്നുവരെ പങ്കെടുത്ത ഒരു യൂത്ത് ഫെസ്റ്റിവല്‍ ചടങ്ങുകള്‍ക്കും പ്രതിഫലം വാങ്ങിയിട്ടില്ലെന്നായിരുന്നു ഇതിന് നവ്യാ നായര്‍ നല്കിയ മറുപടി. നവ്യാനായരുടെ അടുത്ത വാചകം മന്ത്രിയെയും കടത്തിവെട്ടുന്നതായിരുന്നു. “കേരളത്തിന്റെ ഭാവി മിനിസ്റ്ററുടെ കയ്യിലല്ല. കുട്ടികളായ നിങ്ങളുടെ കയ്യിലാണ്”- നവ്യാ നായരുടെ ഈ വാചകം മന്ത്രിയ്ക്കെതിരായ ഒരു കുത്തായിരുന്നോ എന്ന് ചോദ്യം പലരും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ത്തുന്നു.
നവ്യാ നായര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്കിയ ഉപദേശം “നിങ്ങള്‍ ആരുടെയും കയ്യിലെ കളിപ്പാവകളായി മാറരുത്”എന്നതായിരുന്നു. “ആരെങ്കിലും എന്തെങ്കിലും പറഞ്ഞുകൊടുത്താല്‍ അത് മാത്രം ചിന്തിക്കുന്ന റോബോട്ടുകളാകരുത് കുട്ടികള്‍.”- നവ്യാ നായരുടെ ഈ വാക്കുകള്‍ വിദ്യാര്‍ത്ഥികളെ വെട്ടാനും കുത്താനും ഉപയോഗിക്കുന്ന എസ് എഫ് ഐ നേതാക്കള്‍ക്കെതിരായ വിമര്‍ശനമാണെന്നും സമൂ ഹമാധ്യമങ്ങള്‍ വ്യാഖ്യാനിക്കുന്നു.
പലസ്തീനില്‍ കുട്ടികള്‍ മരിയ്ക്കുമ്പോള്‍ നമ്മള് ഇവിടെ ചര്‍ച്ച ചെയ്യാറുണ്ട്. പക്ഷെ ഇവിടുത്തെ കുട്ടികള്‍ മരിയ്ക്കുമ്പോള്‍ അധികം ചര്‍ച്ച ചെയ്യാറില്ലെന്ന നവ്യാനായരുടെ വാക്കുകള്‍ക്കും ഇപ്പോഴത്തെ സാഹചര്യത്തില്‍ നല്ല മൂര്‍ച്ചയുള്ളതായിരുന്നു. കാരണം വയനാട് പൂക്കോടിലെ വെറ്ററിനറി കോളെജിലെ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥനെ എസ് എഫ് ഐ കാപാലികര്‍ ക്രൂരമായ ആള്‍ക്കൂട്ടക്കൊല നടന്ന പശ്ചാത്തലത്തില്‍ ഈ വാക്കുകള്‍ ഇപ്പോഴും ചര്‍ച്ചയാവുകയാണ്. പലസ്തീനിലെ കാര്യം ഇവിടെയല്ലാതെ വേറെ എവിടെ ചര്‍ച്ച ചെയ്യും എന്ന മന്ത്രി ശിവന്‍കുട്ടിക്ക് ഇവിടുത്തെ കുട്ടികളുടെ പ്രശ്നം ഇവിടെയല്ലാതെ വേറെ എവിടെയാണ് ചര്‍ച്ച ചെയ്യുക എന്ന മറുചോദ്യത്തിന് നവ്യാനായര്‍ക്ക് നല്ല കയ്യടിയും കിട്ടി. ‘നിങ്ങളൊക്കെ അക്കാദമിക് തലത്തില്‍ ഉയരങ്ങളില്‍ എത്തിയില്ലെങ്കിലും ജീവനോടെ വേണമെന്ന് ഏത് അച്ഛനും അമ്മയ്ക്കും ആഗ്രഹമുണ്ടാകില്ലേ’ എന്ന നവ്യാനായരുടെ ചോദ്യവും ചെന്ന് കൊണ്ടത് സിദ്ധാര്‍ത്ഥിന്റെ കൊലപാതകത്തില്‍ തന്നെയാണ്.
വിദ്യാര്‍ത്ഥികളില്‍ ലഹരിമരുന്ന് ഉപയോഗം കൂടുകയാണെന്ന രീതിയിലും നവ്യാനായര്‍ ഉയര്‍ത്തിയ വിമര്‍ശനവും ശ്രദ്ധേയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: