തിരുവനന്തപുരം: കലോത്സവം ഇന്ന് സമാപിക്കുമ്പോള്‍ ഓവറോള്‍ കിരീടം നേടാന്‍ ഇഞ്ചോടിഞ്ച് പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജുമാണ് ഇഞ്ചോടിഞ്ച് പോരാട്ടത്തിലുള്ളത്. ഇന്നലെ രാത്രി 8.30 വരെയുള്ള പോയിന്റ് നില അനുസരിച്ച് 175 പോയിന്റുമായി യൂണിവേഴ്സിറ്റി കോളജാണ് മുന്നില്‍.
173 പോയിന്റുമായി മാര്‍ ഇവാനിയോസ് തൊട്ടുപിന്നിലുണ്ട്. 115 പോയിന്റുമായി തിരുവനന്തപുരം ശ്രീസ്വാതി തിരുനാള്‍ സംഗീത കോളജ് മൂന്നാം സ്ഥാനത്തും 86 പോയിന്റുമായി തിരുവനന്തപുരം വഴുതക്കാട് ഗവ. വനിതാ കോളജ് നാലാമതും 64 പോയിന്റുമായി കേരള യൂണിവേഴ്സിറ്റി ക്യാമ്പസ് അഞ്ചാം സ്ഥാനത്തുമുണ്ട്.
അതേസമയം കലാപ്രതിഭ പട്ടത്തിനുള്ള പോരാട്ടം മാര്‍ ഇവാനിയോസ് കോളേജിലെ നന്ദകിഷോറും ബി. മുരളീകൃഷ്ണയും തമ്മിലാണ്. നന്ദകിഷോറിന് 11 പോയിന്റും ബി. മുരളീകൃഷ്ണയ്ക്ക് 10 പോയിന്റുമാണുള്ളത്. മൂന്നാം സ്ഥാനത്ത് ഉള്ളത് ഏഴ് പോയിന്റുള്ള കേരള യൂണിവേഴ്സിറ്റി ക്യാമ്പസിലെ എം. ഫിഡെല്‍ കാസ്ട്രോയാണ്. കലാതിലകത്തിനായുള്ള പോരാട്ടത്തില്‍ 18 പോയിന്റുമായി മാര്‍ ഇവാനിയോസിലെ ആര്. അഭിരാമിയാണ് മുന്നില്‍.
15 പോയിന്റുമായി തൈക്കാട് ഗവ. കോളജ് ഒഫ് ടീച്ചര്‍ എഡ്യുക്കേഷനിലെ ബി.ആര്. ഗൗരിനന്ദ തൊട്ടുപിന്നിലുണ്ട്. വഴുതക്കാട് ഗവ. വനിതാ കോളജിലെ റിയ അന്ന റോയിയും യൂണിവേഴ്സിറ്റി കോളജിലെ കെ.ആര്. ശ്രീനന്ദിനിയും 10 പോയിന്റുമായി പിന്നിലുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലെ കലാരത്ന പട്ടം യൂണിവേഴ്സിറ്റി കോളജിലെ എ.എസ്. ആദില്‍ ഉറപ്പിച്ചു. 30 പോയിന്റാണ് ആദിലിന്. ഇതേ കോളജിലെ എസ്.എം. അല്ഷിയയ്ക്ക് 15 പോയിന്റാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: