കൊല്‍ക്കത്ത: ബംഗാളില്‍ ഇന്‍ഡി സഖ്യത്തിന്റെ ചെറിയ സാധ്യതകളെപ്പോലും ഇല്ലാതാക്കി തൃണമൂല്‍ കോണ്‍ഗ്രസ് 42 ലോക്സഭാ മണ്ഡലങ്ങളിലേക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ബിജെപിയെ നേരിടാന്‍ ദേശീയ തലത്തില്‍ രൂപീകരിച്ച ഇന്‍ഡി സഖ്യത്തിന്റെ തുടക്കത്തില്‍ സജീവമായിരുന്ന ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജി കോണ്‍ഗ്രസിന്റെ സഖ്യമോഹങ്ങളെ പൂര്‍ണമായും തള്ളിയാണ് ഒറ്റയ്ക്ക് ത്സരിക്കാന്‍ തീരുമാനിച്ചത്.
ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ വ്യവസായിയില്‍ നിന്ന് കോഴ വാങ്ങിയെന്നു തെളിഞ്ഞതിനെത്തുടര്‍ന്ന് ലോക്സഭയില്‍ നിന്ന് അയോഗ്യയാക്കിയ മഹുവ മൊയ്ത്രയെ കൃഷ്ണനഗറില്‍ നിന്നു മത്സരിപ്പിക്കും. മമതയുടെ അനന്തരവന് അഭിഷേക് ബാനര്‍ജി കൊല്‍ക്കത്ത ഡയമണ്ഡ് ഹാര്‍ബറില്‍ നിന്ന് ജനവിധി തേടും. മുന്‍ ദേശീയ ക്രിക്കറ്റ് താരം യൂസഫ് പഠാന് തൃണമൂലിന്റെ പട്ടികയില്‍ ഇടം തേടി. കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി മത്സരിക്കുന്ന ബെഹ്രാപുരില് യൂസഫ് പഠാന് ടിഎംസിയുടെ സ്ഥാനാര്‍ത്ഥിയാവും. കൊല്‍ക്കത്ത ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ ഇന്നലെ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യവെ മമതയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
ബംഗാളില്‍ കോണ്‍ഗ്രസുമായി യോജിക്കാതെ ഒറ്റയ്ക്ക് മത്സരിക്കുമ്പോഴും ഇന്‍ഡി സഖ്യത്തിന്റെ ഭാഗമായി നില്‍ക്കാനാണ് മമതയുടെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: