കാല്‍നൂറ്റാണ്ടുമുമ്പ്, അന്ന് ബിജെപിയുടെ ജനറല്‍ സെക്രട്ടറി ആയിരുന്ന കെ.എന്‍. ഗോവിന്ദാചാര്യ, ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് സംഭാഷണത്തിനിടെ പറഞ്ഞു: ‘കേരളം മാറും, സമയമെടുത്തേക്കാം. പക്ഷേ, അന്ന് എ.കെ. ആന്റണിപോലും ബിജെപി പക്ഷത്ത് വന്നുകൂടായ്കയില്ല.’ പുരികം ചുളിച്ച് കണ്ണുതുറിച്ച് നോക്കുന്നതുകണ്ട് അദ്ദേഹം പറഞ്ഞു: ”ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷത്തിന്റെ വിശ്വാസമാര്‍ജിക്കണം” എന്ന ആന്റണിയുടെ പ്രസ്താവനയക്ക് ഞാന്‍ കാണുന്ന രാഷ്ട്രീയ സാദ്ധ്യത അങ്ങനെകൂടിയാണ്.
എ.കെ. ആന്റണി 1993ല്‍ കേരള പ്രസ് അക്കാദമിയില്‍ നടത്തിയ മത്തായി മാഞ്ഞൂരാന് സ്മാരക പ്രഭാഷണം ഉദ്ധരിച്ചാണ് ഗോവിന്ദാചാര്യ വിശദീകരിച്ചത്. കാല് നൂറ്റാണ്ട് പിന്നിട്ടപ്പോള്‍ എ.കെ. ആന്റണിയുടെ അടുത്ത തലമുറ ബിജെപിയിലെത്തി. കെ. കരുണാകരന് കോണ്‍ഗ്രസ് നേതാവായി കേരളത്തില്‍ നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തെക്കുറിച്ച് വിശകലനം ചെയ്ത് ഒരിക്കല്‍ സംസാരിച്ചത്, പില്ക്കാലത്ത് ബിജെപി ദേശീയ അദ്ധ്യക്ഷനായ ജനകൃഷ്ണമൂര്‍ത്തിയായിരുന്നു. ന്യൂദല്‍ഹി വി.പി.ഹൗസിലെ അദ്ദേഹത്തിന്റെ മുറിയില്‍, 1996 ല്‍ ആയിരുന്നുവെന്ന് തോന്നുന്നു, ചൈന സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണപ്രകാരം ചൈന സന്ദര്‍ശിച്ച് മടങ്ങിയെത്തിയ സംഘത്തിന്റെ വിശേഷം പങ്കിടുകയായിരുന്നു.
കമ്മ്യൂണിസവും കേരളവും വിഷയമായപ്പോഴാണ് കെ. കരുണാകരനെക്കുറിച്ച് പറഞ്ഞത്. നിലയ്ക്കല്‍ ക്ഷേത്ര പ്രശ്നകാലത്ത് ഹിന്ദു നേതാക്കളെയും സംന്യാസിമാരെയും സമരക്കാരെയും പോലീസിനെക്കൊണ്ട് തല്ലിച്ചതും മറ്റും ഓര്‍മ്മിപ്പിച്ചുകൊണ്ടുതന്നെ അദ്ദേഹം പറഞ്ഞു; കരുണാകരന് കോണ്‍ഗ്രസ് നേതാവാണ്, പക്ഷേ, കേരളത്തിലെ നല്ലൊരുപങ്ക് ആളുകള്‍ കാണുന്നത് ഹിന്ദു നേതാവായാണ്. കരുണാകരനും അങ്ങനെ തോന്നിപ്പിക്കുവാനാണ് ഗുരുവായൂര്‍ ദര്‍ശനത്തിന് ഇത്ര നിഷ്ഠ കാണിക്കുന്നത്. കേരളത്തില്‍നിന്ന് ദല്‍ഹിയിലേക്ക് കരുണാകരനെ ഓടിച്ചത് കോണ്‍ഗ്രസിനെ മറ്റുമത ന്യൂനപക്ഷങ്ങളുടെ കളിക്കോപ്പാക്കും (ടോയ്) എന്നും ജനകൃഷ്ണമൂര്‍ത്തി നിരീക്ഷിച്ചു. അന്ന് കരുണാകരന്റെ ഡിഐസി ഉണ്ടാക്കിയിട്ടില്ല. പക്ഷേ, കരുണാകരനോട് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ അവഗണന പ്രകടമായിത്തുടങ്ങിയിരുന്നു. കരുണാകരന്റെ മകള്‍ പദ്മജാ വേണുഗോപാലിന്റെ ബിജെപി പ്രവേശം കാല് നൂറ്റാണ്ടിനിപ്പുറം സംഭവിക്കുമ്പോള്‍ ‘ജനാജി’ പറഞ്ഞ പലതും സംഭവിക്കുകയാണ്.
കെ.എം. മാണി ഒരുദിവസം പെട്ടെന്ന് ദല്‍ഹി യാത്ര നടത്തുകയും അന്ന് വാജ്പേയി സര്‍ക്കാരില്‍ നിയമമന്ത്രിയായിരുന്ന ബിജെപി നേതാവ് അരുണ്‍ ജെയ്റ്റിലിയെ രാത്രിയില്‍ വസതിയില്‍ കണ്ട് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. ഇത് രാഷ്ട്രീയ വാര്‍ത്തയായി കേരളത്തില്‍. പിറ്റേന്ന് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കുമുന്നിലും പിന്നീട് സ്വകാര്യമായും ജയ്റ്റ്ലി പറഞ്ഞത് കേരളത്തിലെ കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ നിയമനക്കാര്യം ചര്‍ച്ച ചെയ്യുകയായിരുന്നുവെന്നാണ്. എന്നാല്‍, സ്വകാര്യമായി വിശദീകരിച്ചത്, കെ.എം. മാണിയുടെ പാര്‍ട്ടിയുടെ അടിസ്ഥാന രാഷ്ട്രീയ ലക്ഷ്യം സാദ്ധ്യമാക്കാന്‍ ബിജെപിയുടെ സഖ്യമാണ് ആ പാര്‍ട്ടിയുടെ യോജിച്ച പങ്കാളി എന്നായിരുന്നു. സ്വാശ്രയ ഭാരതം എന്ന ബിജെപി നടപ്പാക്കുന്ന ആശയവും സ്വാശ്രയ കേരളം എന്ന കേരള കോണ്‍ഗ്രസിന്റെ ലക്ഷ്യവും തമ്മില്‍ യോജിച്ചുപോകുമെന്നും വിശദീകരിച്ചു. കെ.എം. മാണിയുടെ കാലശേഷം മകന്, ജോസ്.കെ.മാണിയാകട്ടെ, അച്ഛനെ ഏറ്റവും എതിര്‍ത്ത് തകര്‍ത്ത പാര്‍ട്ടിയായ സിപിഎമ്മിനോടാക്കി കൂട്ട്.
കമ്മ്യൂണിസത്തെക്കുറിച്ചും കമ്മ്യൂണിസ്റ്റ് ഭരണത്തെക്കുറിച്ചും എറെ പഠിച്ച്, അതിനോടുള്ള ബിജെപി സര്‍ക്കാര്‍ നിലപാടുകള്‍ രൂപീകരിക്കാന്‍ നിലപാടുകള്‍ എടുത്തയാളായിരുന്നു, വാജ്പേയി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന, പ്രസിദ്ധ പത്രപ്രവര്ത്തകന് അരുണ്‍ ഷൂരി. പശ്ചിമ ബംഗാളിലെ കമ്മ്യൂണിസ്റ്റ് പതനം വര്‍ഷങ്ങള്‍ മുമ്പേ പ്രവചിച്ചയാള്‍. ജ്യോതിബസു, ഇഎംഎസ് തുടങ്ങിയ നേതാക്കളുടെ അഭാവത്തില്‍ അടുത്ത തലമുറ കമ്മ്യൂണിസ്റ്റുകള്‍ ആ പാര്‍ട്ടിയെ നാമാവശേഷമാക്കുമെന്നായിരുന്നു അരുണ്‍ ഷൂരിയുടെ നിരീക്ഷണം. ഒരു വര്‍ത്തമാനത്തില്‍, ബംഗാള്‍ സര്‍ക്കാരിന്റെ കാല് നൂറ്റാണ്ടിലെ സിഎജി റിപ്പോര്‍ട്ട് പഠിച്ചാല്‍, ആ സംസ്ഥാനത്തിന്റെ തകര്‍ച്ചയുടെ ധവളപത്രമായി അതിനെ കാണാമെന്ന് അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് ഭരണം മാറിയില്ലെങ്കില്‍ ആ സംസ്ഥാനം തകരുമെന്ന ആശങ്കയും പങ്കുവെച്ചു.
അങ്ങനെ പല പാര്‍ട്ടികള്‍ക്കും ശരിയായ നേതൃത്വം ഇല്ലാതാകുന്നു, അടുത്ത തലമുറകള്‍ക്ക് മനം മാറുന്നു, നയം മാറുന്നു, പലതും തകരുന്നു. പലരും ബിജെപിയിലെത്തുന്നു, ചാര്‍ച്ചയുണ്ടാക്കുന്നു. സ്വാഭാവികമാണ്. ബിജെപിയോട് ചേര്‍ന്നവര്‍ അകന്നുപോകുന്നുമുണ്ട്. അവര്‍ പിന്നീട് മടങ്ങിവരുന്നുമുണ്ട്. ബീഹാറിലെ നിതീഷ് കുമാര്‍ മികച്ച ഉദാഹരണം. മമതാ ബാനര്‍ജി ഒരിക്കല്‍ ബിജെപി നയിക്കുന്ന എന്‍ഡിഎയില്‍ ഉണ്ടായിരുന്നല്ലോ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബിജെപിയുമായി ചേര്‍ന്ന് അധികാരത്തിലിരുന്നിട്ടുണ്ടല്ലോ. ബിജെപിക്ക് അന്നും ഇന്നും എന്നും നയനിലപാടുകളിലുള്ള സ്ഥിരതയാണ് അതിന് കാരണം. ‘ബിജെപി ആന്‍ഡ് ഇന്ത്യന്‍ പൊളിറ്റിക്സ’ എന്ന് ഒരു പുസ്തകമുണ്ട്. 1989ല്‍ ആണെന്നു തോന്നുന്നു അതിന്റെ ആദ്യ പതിപ്പ്. ജനസംഘമായിരുന്ന കാലം മുതല്‍ അന്നുവരെ പാര്‍ട്ടി ഓരോ വിഷയത്തില്‍ എടുത്ത നയവും നിലപാടും അതത്കാലത്തെ ആധികാരിക രേഖകള്‍ സഹിതം പ്രസിദ്ധീകരിച്ചിരിക്കുന്നു. ഒരു പാര്‍ട്ടിക്കും സാധിക്കില്ല, അത്തരത്തില്‍ കര്‍ക്കശ നിലപാടുകള്‍ ഒരു വിഷയത്തിലും മാറ്റേണ്ടിവരാത്ത തരത്തില്‍ കൈക്കൊള്ളാന്‍. താല്‍ക്കാലിക വിജയത്തിന് വേണ്ടിയുള്ള അടവുകളോ അടവുനയങ്ങളോ അല്ല അവയൊന്നും. നേതൃത്വം മാറിയാലും പാര്‍ട്ടിയുടെ പ്രവര്‍ത്തനവും ആശയവും അവിടെ തുടര്‍ച്ചയാണ്. അതില്‍ ആശയക്കുഴപ്പമില്ല. മറ്റു പലപാര്‍ട്ടികളിലും അങ്ങനെയല്ല. ബിജെപിയെ പഠിക്കാതെ, അവര്‍ പറയുന്നതും ചെയ്യുന്നതും മനസ്സിലാക്കാതെ നടത്തുന്ന ഉപരിപ്ലവ വിമര്‍ശനങ്ങളെ കണക്കിലെടുക്കേണ്ടതില്ല.
എന്നാല്‍ കാലത്തിനൊത്ത് മാറാനും, കാലം ആവശ്യപ്പെടുന്നത് ചെയ്യാനും, കാലികമായത് സ്വീകരിക്കാനും ആ പാര്‍ട്ടിക്ക് കഴിയാതിരിക്കുന്നില്ല എന്നതും ആ പാര്‍ട്ടിയെ ശ്രദ്ധേയമാക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലോകം ഭരിക്കാനിറങ്ങുമ്പോള്‍ കഴിഞ്ഞ കേന്ദ്രമന്ത്രിസഭാ യോഗം 10,300 കോടിരൂപയുടെ ഇന്ത്യാ എഐ മിഷന് പ്രഖ്യാപിച്ചുകഴിഞ്ഞു. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറാണ് ഈ വകുപ്പ് കൈകാര്യം ചെയ്യുന്ന കേന്ദ്ര മന്ത്രി. ആ വിഷയത്തില്‍ പ്രായോഗിക പരിജ്ഞാനമുള്ള മന്ത്രി കേരളത്തിലുള്‍പ്പെടെ ഭാരതത്തിലെ ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുമായി ഈ വിഷയത്തില്‍ നടത്തിയ ആശയവിനിമയം ഒരു സര്‍ക്കാരിന്റെ, സര്‍ക്കാര്‍ നയിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളുടെ കാഴ്ചയും കാഴ്ചപ്പാടുമാണ് വ്യക്തമാക്കുന്നത്. (മണ്ഡലത്തിലെ പ്രധാന എതിര് സ്ഥാനാര്‍ത്ഥി ശശിതരൂരിനുമുണ്ട്, ആ തരത്തില്‍ ഉയര്‍ന്ന സ്റ്റാറ്റസ്. ഐക്യരാഷ്ട്ര സംഘടനയിലെ മുതിര്‍ന്ന ഡിപ്ലോമാറ്റിക് പദത്തില്‍ ഇരുന്നയാളാണ്. കോണ്‍ഗ്രസില്‍ചേര്‍ന്ന് തരൂര്‍ എംപിയായി, കേന്ദ്ര മന്ത്രിയായി, പക്ഷേ പ്രകടനത്തില്‍ പരാജിതനായി. ഒരാള്‍ ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യ’ക്കാരന്, മറ്റേയാള്‍ ‘ഇന്റലിജന്റ് ആര്‍ട്ടിഫഷ്യലും.’ തെരഞ്ഞെടുക്കുന്നവരുടെ ഇന്റലിജന്‍സാണ് ഇനി തെളിയേണ്ടത്).
പദ്മജയുടെ ബിജെപിയിലേക്കുള്ള വരവും ടി.എന്‍. പ്രതാപന്റെ തൃശൂരില്‍നിന്നുള്ള ‘ഓട്ട’വും വയനാട്ടിലേക്കുതന്നെ രാഹുല്‍ ഗാന്ധി മടങ്ങുന്നതും കെ.സി. വേണുഗോപാലിന് ആലപ്പുഴയില്‍ മത്സരിക്കേണ്ടിവരുന്നതും കാണിക്കുന്നത് ചില സൂചനകള്‍കൂടിയാണ്. കേരളമെന്ന് അവാസന നിലപാടുതറയിലും സംഭവിക്കുന്ന വിള്ളലുകള്‍ തിരിച്ചറിയപ്പെടാന്‍ തുടങ്ങിയിരിക്കുന്നു.
വ്യക്തികള്‍ രാഷ്ട്രീയം മാറുന്നതിനെ അപഹസിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, പ്രത്യേകിച്ച് സിപിഎം, അവരുടെ മുന്‍ഗാമികള്‍ പഴയ കോണ്‍ഗ്രസുകാരായിരുന്നുവെന്നത് മറക്കുന്നു. മാത്രമല്ല, ഒറ്റയ്ക്ക് കേരളം വിജയിച്ച ആ പാര്‍ട്ടിയാണ് കേരളത്തില്‍ മുന്നണി രാഷ്ട്രീയം പ്രതിഷ്ഠിച്ചത്. അവരുടെ മുന്നണിയിലേക്കും അവിടെനിന്നും വ്യക്തികളല്ല പാര്‍ട്ടികള്‍തന്നെയാണ് മറുകണ്ടം ചാടിയ ചരിത്രമുള്ളത്. ഇപ്പോഴും എതിര്‍മുന്നണിയിലുള്ള മുസ്ലിം ലീഗ് പാര്‍ട്ടിയെ സ്വന്തം സഖ്യത്തില്‍ ഇന്നല്ലെങ്കില്‍ നാളെ കൂട്ടിച്ചേര്‍ക്കാന്‍ പരിശ്രമങ്ങള്‍ നടക്കുകയാണ്. ഇങ്ങനെ കേരളം എല്ലാവര്ക്കും അവസാനത്തെ വണ്ടി കടന്നുപോകുന്ന അവസാനത്തെ സ്റ്റോപ്പായി മാറിയിരിക്കുമ്പോഴാണ് ബിജെപിയാണ് ഞങ്ങളുടെ മുഖ്യഎതിരാളിയെന്ന് സംസ്ഥാനത്തെ ഭരണമുന്നണിയുടെ മുഖ്യനേതാക്കള്‍ക്ക് പറയേണ്ടിവരുന്നത്. ഇവര്‍തന്നെ 10 വര്‍ഷം മുമ്പ് പറഞ്ഞിരുന്നത് അങ്ങനെയല്ല. കേരളത്തില്‍ ബിജെപി ഒരു ഘടകമേ അല്ല എന്നാണ്. അതിനും മുമ്പ് പറഞ്ഞിരുന്നത് ഈ പരിപ്പ് ഇവിടെ വേകില്ലെന്നാണ്. അവിടെയാണ് കാലങ്ങള്‍ക്കുമുമ്പേ ചിലര്‍ നടത്തിയ കണക്കുകൂട്ടലിലെ പിഴവും മറ്റുചിലരുടെ മിഴിവും വ്യക്തമാകുന്നത്.
അരുണ്‍ ഷൂരി കമ്മ്യൂണിസത്തേയും പശ്ചിമ ബംഗാളിനേയും കുറിച്ച് പറഞ്ഞതുപോലെ, പാര്‍ട്ടിക്കും അവര്‍ ഭരിക്കുന്നിടങ്ങള്‍ക്കും പറ്റുന്ന നാശം കേരളത്തിലും തുടര്‍ഭരണത്തിനൊടുവില്‍ കണ്ടുകൊണ്ടിരിക്കുകയാണ്. രണ്ടാം തവണയിലെ തുടര്‍ഭരണത്തില്‍, പറഞ്ഞതൊക്കെയും പൂര്‍ത്തിയാക്കുകയോ തുടങ്ങിവെക്കുകയോ ചെയ്ത കേന്ദ്ര സര്‍ക്കാരും തുടര്‍ഭരണത്തില്‍ പറഞ്ഞതെല്ലാം അബദ്ധവും ചെയ്തതെല്ലാം അപകടവുമായെന്ന് തെളിയിക്കുകയും ചെയ്യുന്ന കേരള സര്‍ക്കാരും താരതമ്യത്തിനുള്ള മികച്ച അവസരമാണ് നല്‍കുന്നത്. കേന്ദ്രത്തിനെതിരേ സമരം ചെയ്തും കേസുനടത്തിയും കൂടുതല്‍ കടമെടുക്കാനുള്ള വാതില്‍ തുറപ്പിച്ചുവെന്നത് വിജയമായി പറയുകയാണ് കേരള സര്‍ക്കാരിന്റെ സാമ്പത്തിക വിദഗ്ദ്ധരില്‍ ചിലര്‍. ക്രഡിറ്റ് കാര്‍ഡിലെ കടമൊടുക്കാന്‍ അതേ ബാങ്കില്‍നിന്ന് കിടപ്പാടത്തിന്റെ ആധാരം പണയംവെച്ച് വായ്പയെടുക്കുന്നവന്റെ കൂടുതല്‍ അപകടത്തിലേക്ക് പോകുന്ന പ്രശ്നപരിഹാര തന്ത്രമാണ് കേരളം നടത്തുന്നത്. ഈ തെരഞ്ഞെടുപ്പും കഴിയും. നാളത്തെ കേരളമോ?
പിന്കുറിപ്പ്:
കേരളത്തില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തോടെ തീയും പറഞ്ഞേക്കാം; ‘ഹൊ! എന്തൊരുചൂട്’
പ്രതികരിക്കാൻ ഇവിടെ എഴുതുക: