ന്യൂദല്‍ഹി: അന്താരാഷ്ട്ര ലഹരിക്കടത്ത് കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന തമിഴ് സിനിമാ നിര്‍മാതാവ് ജാഫര്‍ സാദിഖിനെ നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) അറസ്റ്റു ചെയ്തു. ഫെബ്രുവരി 15 മുതല്‍ ഇയാള്‍ക്കായുള്ള തെരച്ചിലിലായിരുന്നു അന്വേഷണ സംഘം. ഭാരതത്തില്‍ നിന്ന് ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലേക്ക് ലഹരിവസ്തുക്കള്‍ കടത്തിയിരുന്ന സംഘത്തിന്റെ സൂത്രധാരന്‍ ഇയാളാണെന്ന് എന്‍സിബി കണ്ടെത്തിയിരുന്നു.
വിദേശങ്ങളിലേക്ക് ലഹരി വ്യാപാരം നടത്തുന്ന ഡ്രഗ് സിന്‍ഡിക്കേറ്റിന്റെ തലവനാണ് ഇയാളെന്ന് എന്‍സിബി പറഞ്ഞു. ദിവസങ്ങള്‍ക്കു മുമ്പ് ഇയാളുടെ എട്ട് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. 45 പാഴ്സലുകളിലായി 3,500 കിലോ സ്യൂഡോഫെഡ്രിന് ജാഫര്‍ ഓസ്ട്രേലിയയിലേക്ക് കടത്തി. തേങ്ങയിലും ഉണക്കിയ പഴങ്ങളിലും ഒളിപ്പിച്ചാണ് ഇവ കടത്തിയത്. മെത്താഫെറ്റമിന്‍, ക്രിസ്റ്റല്‍ മെത്ത് ഉള്‍പ്പെടെയുള്ള മാരക ലഹരി മരുന്നുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണിതെന്നും എന്‍സിബി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഗ്യാനേശ്വര്‍ സിങ് വ്യക്തമാക്കി.
ലഹരിക്കടത്തിലൂടെ കോടികള്‍ സമ്പാദിച്ച ജാഫര്‍ സിനിമാ നിര്‍മാണത്തിനു പുറമെ റിയല്‍ എസ്റ്റേറ്റിലും വന്‍തുക നിക്ഷേപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഹോട്ടല്‍ വാങ്ങിയതായും എന്‍സിബി കൂട്ടിച്ചേര്‍ത്തു. ഇതുവരെ നാല് സിനിമകളാണ് ഇയാള്‍ നിര്‍മിച്ചിട്ടുള്ളത്. ഇതിലൊന്ന് ഈ മാസം റിലീസ് ചെയ്യാനിരിക്കുകയാണ്.
ജാഫറിന്റെ ലഹരിക്കടത്ത് ശൃംഖലയില്‍ ഉള്‍പ്പെട്ട രണ്ടു പേര് കഴിഞ്ഞയാഴ്ച മധുരയില്‍ അറസ്റ്റിലായിരുന്നു. 180 കോടി രൂപയുടെ 36 കിലോ മെത്താഫെറ്റമിന്‍ ശ്രീലങ്കയിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ ട്രെയിനില്‍ വച്ചാണ് ഇവരെ പിടികൂടിയത്. എന്‍സിബി അന്വേഷണം ആരംഭിച്ചതിനു പിന്നാലെ തമിഴ്നാട്ടില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ ജാഫര്‍ സാദിഖ് പിന്നീട് മുംബൈ, പുനെ വഴി ജയ്പൂരിലേക്ക് കടന്നിരുന്നു.
തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയുമായി ജാഫര്‍ സാദിഖിന് അടുത്ത ബന്ധമുണ്ട്. 2010ല്‍ ചെന്നൈ വെസ്റ്റില്‍ ഡിഎംകെയുടെ എന്‍ആര്‍ഐ വിങ്ങിന്റെ ഡെപ്യൂട്ടി ഓര്‍ഗനൈസറായാണ് രാഷ്ട്രീയരംഗത്തെത്തിയത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ആരോപണമുയരുകയും അന്വേഷണം നേരിടുകയും ചെയ്തതോടെ കഴിഞ്ഞ മാസം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
ലഹരിവസ്തുക്കള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളുമായി മൂന്ന് തമിഴ്നാട് സ്വദേശികള്‍ കഴിഞ്ഞമാസം ദല്‍ഹിയില്‍ നിന്ന് അറസ്റ്റിലായിരുന്നു. ഇവരില്‍നിന്നാണ് ജാഫര്‍ സാദിഖിന് ലഹരിക്കടത്തില്‍ നിര്‍ണായക പങ്കുണ്ടെന്ന സൂചന ലഭിച്ചത്. ഇയാള്‍ പിടിയിലായതോടെ ഡിഎംകെയ്ക്കു നേരെ രൂക്ഷവിമര്‍ശനവുമായി ബിജെപി രംഗത്തുവന്നു. തമിഴ്നാട് രാജ്യത്തെ ലഹരിമരുന്ന് കടത്തിന്റെ കേന്ദ്രമായെന്ന് ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: