തുറവൂര്‍ : തുറവൂരിലെ വീട്ടുവളപ്പില്‍നിന്നു കിട്ടിയ 128 വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണ പുരോഗതിയില്ല. കഴിഞ്ഞമാസം അവസാനമാണു വീട്ടുവളപ്പിലെ ചവറുകൂനയ്ക്കിടയില്‍ ഉപേക്ഷിച്ചനിലയില്‍ ഇവ കണ്ടെടുത്തത്. പോലീസിലെ ആര്‍മറി വിഭാഗത്തിന്റെ പരിശോധനയില്‍ വലിയ തോക്കില്‍ ഉപയോഗിക്കുന്നവയാണെന്നു വ്യക്തമായി. തുടര്‍ന്ന് ബോംബ് സ്ക്വാഡ് പരിശോധന നടത്തി.
വിദഗ്ധ പരിശോധനയ്ക്കായി ബാലിസ്റ്റിക് വിഭാഗത്തിന്റെ സേവനം ആവശ്യപ്പെട്ട് പോലീസ് കത്തയച്ചെങ്കിലും മറുപടി കിട്ടിയില്ല. ദുരൂഹതയില്ലെന്നാണു പ്രാഥമിക നിഗമനമെങ്കിലും ഉറവിടം വ്യക്തമായിട്ടില്ല. വെടിയുണ്ടകള്‍ പരിശോധനയ്ക്കായി വിദഗ്ധര്‍ എത്താത്ത സാഹചര്യത്തില്‍ പോലീസ് കോടതിക്കു കൈമാറി. കുത്തിയതോട് എസ്ഐ. എല്‍ദോസ് കുര്യാക്കോസിന്റെ നേതൃത്വത്തിലാണ് ഉണ്ടകള്‍ ചേര്‍ത്തല ജുഡീഷ്യല്‍ ഫസ്റ്റ്കഌസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) യില്‍ ഹാജരാക്കിയത്.
കൂടുതല്‍ അന്വേഷണം വേണ്ട സാഹചര്യത്തില്‍ കോടതിയുടെ അനുമതിയോടെ വെടിയുണ്ടകള്‍ പരിശോധിക്കാം. ഇതിനാലാണു കോടതിക്കു കൈമാറിയത്. റിട്ട.എസ്ഐ ചേര്‍ത്തല അരീപ്പറമ്പ് സ്വദേശി രമേശന് വാടകയ്ക്കു താമസിക്കുന്ന വീട്ടില്‍നിന്നാണ് ഉണ്ടകള്‍ കണ്ടെത്തിയത്. മുന്‍പ് അന്യസംസ്ഥാന തൊഴിലാളികള്‍ അടക്കം ഈ വീട്ടില്‍ താമസിച്ചിരുന്നു. അതിനാല്‍ വെടിയുണ്ട കണ്ടെത്തിയ സംഭവം അതീവഗൗരവതരമാണ്. കുട്ടികള്‍ കളിക്കുന്നതിനിടെയാണ് യാദൃശ്ചികമായി വെടിയുണ്ടകള്‍ ശ്രദ്ധയില്‍പ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: