കോട്ടയം: സെറിബ്രല്‍ പാള്‍സിയെ അതിജീവിച്ച് ഇന്‍ഫോപാര്‍ക്കിലെ ബഹുരാഷ്ട്ര കമ്പനിയില്‍ ഉദ്യോഗസ്ഥയായി മാറിയ വിജയഗാഥയാണ് കോട്ടയം പരിപ്പ് സ്വദേശി ദുര്‍ഗാ രാജ്മോഹന്റേത്. ഒരു ദുരിതകാലം പിന്നിട്ട് അവള് വിജയതീരത്തണയുമ്പോള്‍ ആഹ്ലാദമേറെയും അമ്മ അനിത മോഹന്‍രാജിനാണ്.
ആറാം മാസത്തിലാണ് അനിത ദുര്‍ഗയെ പ്രസവിച്ചത്. കമഴ്ന്നുവീഴാനും നടക്കാനും ഒക്കെ ഏറെ വൈകി. അസുഖം ആദ്യമൊന്നും തിരിച്ചറിഞ്ഞില്ല. കോട്ടയം കഞ്ഞിക്കുഴിയിലെ ഒരു ആശുപത്രിയിലെത്തിച്ചപ്പോഴാണ് സെറിബ്രല്‍ പാള്‍സിയെന്ന സംശയം ഡോക്ടര്‍ പ്രകടിപ്പിച്ചത്. അവളുടെ രണ്ട് കാല്‍മുട്ടുകളും യഥാസ്ഥാനത്തായിരുന്നില്ല. ഒന്നര വയസില്‍ തുടങ്ങിയ ഫിസിയോ തെറാപ്പി അടുത്തകാലം വരെയും തുടര്‍ന്നു. നിരവധി ആശുപത്രികളില്‍ പരിശോധന, ആയുര്‍വേദ ചികിത്സ… ഒന്നും പറയത്തക്ക പ്രയോജനം ചെയ്തില്ല. അപ്പോഴാണ് മംഗളൂരു മണിപ്പാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോ. ബഞ്ചമിനെ കുറിച്ച് അറിയുന്നത്. അവിടെയെത്തി. അന്ന് ദുര്‍ഗയുടെ പന്ത്രണ്ടാം പിറന്നാളായിരുന്നു. കാല്‍മുട്ടുകളുടെ സ്ഥാനം ശരിയാക്കി. തുട മുതല്‍ കണങ്കാലിന് മുകള്‍ വരെയുള്ള പേശികള്‍ക്ക് നിരവധി ശസ്ത്രക്രിയകള്‍. രണ്ട് കാലിലും പ്ലാസ്റ്റര്‍ ഇട്ടു. അവിടെ നിന്ന് കോട്ടയം ഭാരത് ആശുപത്രിയിലെത്തിച്ച് കാല് അകന്നിരിക്കുന്നതിന് പ്ലാസ്റ്ററില്‍ കമ്പിയിട്ടു. വേദനയുടെ ആ കാലത്താണ് ഇരുട്ടടി പോലെ അച്ഛന് രാജ്മോഹനെ വാഹനാപകടത്തില്‍ നഷ്ടമായത്. പിന്നെയും മൂന്ന് സര്‍ജറികള്‍ കൂടി നടന്നു.
പരിമിതികള്‍ ഏറെയുണ്ടായിട്ടും മകളുടെ പഠനം അമ്മ അനിത മുടക്കിയില്ല. പ്ലേ സ്കൂളിലേക്ക് എടുത്തുകൊണ്ടു പോയി. എഴുത്ത് വിരലുകള്‍ക്ക് വഴങ്ങിയില്ല. ഡ്രോയിങ് ബുക്ക് വാങ്ങി, ക്രയോണ്‍സ് കൈയില്‍ പിടിപ്പിച്ചു വരപ്പിച്ചു. അങ്ങനെ കൈയിലെ മസില് ബലപ്പെടുത്തി. എട്ടാം ക്ലാസ് എത്തിയപ്പോഴേക്കും പഠനത്തിന്റെ താളം ശരിയായി.
പത്താം ക്ലാസ് പരീക്ഷ സഹായിയെ വച്ച് എഴുതി. പ്ലസ് ടു പരീക്ഷ സ്വയം എഴുതി. കൊമേഴ്സായിരുന്നു വിഷയം. ഡിഗ്രിക്ക് ബേക്കര്‍ വിമന്‍സ് കോളജില്‍. രണ്ടാം വര്‍ഷ പരീക്ഷ കഴിഞ്ഞ് കൈക്ക് നീരുവന്നത് പഠനം മുടക്കി. ആ സമയത്താണ് അനിതയുടെ പുനര്‍വിവാഹം ബിസിനസുകാരനായ മനോജുമായി നടന്നത്. അദ്ദേഹം ദുര്‍ഗയെ സ്വന്തം മകളെ പോലെ സ്നേഹിച്ചു. അവളുടെ പഠനത്തിന് വേണ്ടി സമയം മാറ്റി വച്ചു. ആര്‍പ്പൂക്കരയിലെ ഒരു അക്ഷയ കേന്ദ്രത്തില്‍ ഡിസിഎക്ക് ചേര്‍ത്തു. കുറച്ചുനാള്‍ അവിടെ ജോലിയും ചെയ്തു. ദുര്‍ഗയുടെ സുഹൃത്ത് മീരയാണ് ഇന്‍ഫോപാര്‍ക്കിലുള്ള എംഎന്‍സി സ്ഥാപനം ഫ്രാഗമെനിലേക്ക് അപേക്ഷ അയച്ചത്. ഇപ്പോള്‍ അവിടെ പ്രോസസ്സ് അസിസ്റ്റന്റായാണ് ദുര്‍ഗ ജോലി ചെയ്യുന്നത്. വര്‍ക്ക് ഫ്രം ഹോം ആണെങ്കിലും ഓരോ നിമിഷവും ആസ്വദിച്ചാണ് ജോലി.
വേളൂര്‍ സെന്റ് ജോണ്‍സ് യുപി സ്കൂള്‍ അദ്ധ്യാപിക, പരിപ്പ് പൂക്കോട്ടു അനിത മോഹന്‍രാജിന്റേയും രാജ്മോഹന്റേയും മകളാണ് ഈ ഇരുപത്തിയാറുകാരി. കവിതയെഴുത്തുമുണ്ട് ദുര്‍ഗയ്ക്ക്. തന്നെപ്പോലെ അവശത അനുഭവിക്കുന്നവരെ വീല്‍ ചെയറിലെത്തി സന്ദര്‍ശിച്ച് അവര്‍ക്ക് ആശ്വാസം പകരാനും സാമ്പത്തികസഹായം വേണ്ടുന്നവരെ സഹായിക്കാനും ദുര്‍ഗ മുന്നിലുണ്ട്. സക്ഷമയില്‍ അംഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: