കൊല്‍ക്കത്ത: മമതയുടെ കിങ്കരന്മാര് ചെയ്ത ക്രൂരതകള്‍ അവര്‍ പ്രധാനമന്ത്രിയോടു പറഞ്ഞു. പലരും വിതുമ്പി, ചിലര്‍ പൊട്ടിക്കരഞ്ഞു. എല്ലാം ഒരച്ഛന്റെ വികാരവായ്പോടെ അദ്ദേഹം കേട്ടു. പ്രധാനമന്ത്രിയുടെ കണ്ണുകളും ഈറനണിഞ്ഞു. സന്ദേശ്ഖാലിയിലെ പോരാളികളെ കാണാനാണ് മോദി ഇന്നലെ ബംഗാളില്‍ അദ്ദേഹത്തിന്റെ സമയം മാറ്റിവച്ചത്. ബരാസതില്‍ സംഘടിപ്പിച്ച നാരീശക്തിവന്ദന്‍ വനിതാ സമ്മേളനത്തിലായിരുന്നു കൂടിക്കാഴ്ച.
ഷാജഹാന് ഷെയ്ഖിന്റെ നേതൃത്വത്തിലുള്ള തൃണമൂല്‍ അക്രമികള്‍ പീഡിപ്പിച്ചതിനെപ്പറ്റി, അക്രമികളെ പോലീസ് സംരക്ഷിച്ചതിനെപ്പറ്റി, പരാതികള്‍ കേള്‍ക്കാന്‍ ആരും തയാറാകാതിരുന്നതിനെപ്പറ്റി…. അവര്‍ക്ക് മോദിയോട് ഏറെ പറയാനു
ണ്ടായിരുന്നു.
ഈ കണ്ണീര് രാജ്യമെങ്ങും പ്രതിഷേധത്തിന്റെ കടല്‍ തീര്‍ക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സന്ദേശ്ഖാലിയിലെ നാരീശക്തിയുടെ പ്രതിഷേധ കൊടുങ്കാറ്റ് ബംഗാളിലെങ്ങും ആഞ്ഞടിക്കുമെന്ന് ബരാസത്തിലെ മഹാറാലിയില്‍ അദ്ദേഹം പറഞ്ഞു. രാജ്യം ഒപ്പമുണ്ട്. സന്ദേശ്ഖാലിയില്‍ സംഭവിച്ചത് നാണിപ്പിക്കുന്നതാണ്. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാതെ അക്രമികളെ സംരക്ഷിക്കുകയാണ് തൃണമൂല്‍ സര്‍ക്കാരും പോലീസും. ബംഗാളിലെ ഓരോ സ്ത്രീയും ദുര്ഗാദേവിയാകണം. സ്ത്രീകളെ ഉപദ്രവിക്കുന്നവര്‍ക്ക് ജീവപര്യന്തം തടവുപോലെ ശക്തമായ ശിക്ഷ നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്. വനിതാ ഹെല്‍പ്പ്ലൈനിലൂടെ വളരെ പെട്ടെന്ന് പരാതികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും, മോദി തുടര്‍ന്നു.
റാലിയില്‍ പങ്കെടുക്കുന്ന സ്ത്രീകളുടെ ബസുകളും വാഹനങ്ങളും സുരക്ഷയുടെ പേരില്‍ ബംഗാള്‍ പോലീസ് നേരത്തേ തടഞ്ഞിരുന്നു. പ്രതിസന്ധികളെല്ലാം തകര്‍ത്തെറിഞ്ഞ് പതിനായിരക്കണക്കിന് സ്ത്രീകളാണ് നാരീശക്തി സമ്മേളനത്തില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: