തൃശൂര്‍: നടന് സുരേഷ് ഗോപി ലൂര്‍ദ്ദ് പള്ളിയിലെ മാതാവിന് സമര്‍പ്പിച്ച സ്വര്‍ണ്ണക്കിരീടത്തില്‍ ഉപയോഗിച്ച സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി പരിശോധിക്കുന്ന പ്രശ്നമില്ലെന്ന് തൃശൂര്‍ ലൂര്‍ദ്ദ് പള്ളി അധികൃതര്‍ അറിയിച്ചു. അത്തരം വാര്‍ത്തകള്‍ വ്യാജമാണെന്നും ലൂര്‍ദ്ദ് മെട്രോപൊളിറ്റന്‍ കത്തീഡ്രല്‍ ഭരണസമിതി അധികൃതര്‍ പറഞ്ഞു.
സുരേഷ് ഗോപി നല്കിയ സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി അളക്കാന്‍ അഞ്ചംഗ സമിതിയെ പള്ളി നിയോഗിച്ചു എന്ന വാര്‍ത്തയും തെറ്റാണെന്ന് പള്ളി ഭരണസമിതി അധികൃതര്‍ പറഞ്ഞു. താന്‍ നല്കിയ സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി ആരും നോക്കേണ്ട കാര്യമില്ലെന്ന് കഴിഞ്ഞ ദിവസം സുരേഷ് ഗോപി പ്രസ്താവിച്ചിരുന്നു. അതിന് പിന്നാലെയാണ് പള്ളി അധികൃതരുടെ വിശദീകരണം വന്നത്.
പകരം ഒരു ഭക്തന് നല്കിയ സംഭാവനയിലെ സ്വര്‍ണ്ണത്തിന്റെ അളവ് മാത്രമാണ് നോക്കുക. അത് തിട്ടപ്പെടുത്തേണ്ടത് കമ്മിറ്റിയുടെ ആവശ്യമാണ്. – പള്ളി അധികൃതര്‍ വിശദമാക്കി.
ഒരിയ്ക്കലും സുരേഷ് ഗോപി നല്കിയ സ്വര്‍ണ്ണത്തിന്റെ മാറ്റ് നോക്കാന്‍ തീരുമാനിച്ചില്ല. എങ്ങിനെയാണ്, എവിടെ നിന്നാണ് ആ വാര്‍ത്ത പൊട്ടിപ്പുറപ്പെട്ടതെന്ന് അറിയില്ലെന്നും പള്ളി കമ്മിറ്റിയിലെ ഒരു അംഗം പറഞ്ഞു. പള്ളിയുടെ സ്വത്ത് രജിസ്റ്ററില്‍ കിട്ടിയ സ്വര്‍ണ്ണത്തിന്റെ അളവ് രേഖപ്പെടുത്തണമെന്ന് മാത്രം.
സെന്റ് ലൂര്‍ദ്ദ് പള്ളിയിലെ ഫാ. ഡേവിസ് പുലിക്കോട്ടില്‍ മാനേജിംഗ് ട്രസ്റ്റിയായ നാലംഗ സമിതിയുടെ കാലാവധി ഈ വര്‍ഷം ആഗസ്തില്‍ അവസാനിക്കും. അടുത്ത കമ്മിറ്റിക്ക് സ്വത്ത് രജിസ്റ്റര്‍ കൈമാറുമ്പോള്‍ അതില്‍ കണക്കുണ്ടായിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: