2024ല്‍ ടാറ്റയുടെ നാനോ ഇലക്ട്രിക് കാര്‍ എത്തുന്നതിന് ഒരു വര്‍ഷം മുന്‍പേ ഇറങ്ങിയ കുഞ്ഞന്‍ ഇലക്ട്രിക് കാറാണ് എംജിയുടെ കോമറ്റ്. വെറും ഏഴ് ലക്ഷം മുതലങ്ങോട്ട് സൗകര്യങ്ങള്‍ കൂടുന്നതിനനുസരിച്ച് 9.14 ലക്ഷം വരെയാണ് വില. രണ്ട് മുതിർന്നയാളുകൾക്കും രണ്ട് കുട്ടികൾക്കും ഉൾപ്പെടുന്ന ഒരു ഫാമിലിക്ക് നഗരത്തില്‍ ഇനി യാത്രകൾ അനായാസമാകും. ചെലവ് കുറഞ്ഞതുമാകും. രണ്ട് ഡോറുകളേയുള്ളൂ. ആയിരം കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ വെറും 519 രൂപ മതി എന്നത് സാദാ സര്‍ക്കാര്‍ ജീവനക്കാരും കോമറ്റിലേക്ക് തിരിയാന്‍ മതിയായ കാരണമാകും. വീതി അല്പം കുറവാണെങ്കിലും നല്ല ഉയരമുണ്ട്. 1640 എംഎം ആണ് ഉയരം. മാരുതിയുടെ വാഗണര്‍ പലരും ഉപയോഗിക്കുന്നത് ഉയരം നോക്കിയാണല്ലോ.
പക്ഷെ സവിശേഷമായ വൃത്തിയുള്ള ഡിസൈനും മികച്ച സാമഗ്രികള്‍ ഉപയോഗിച്ചുള്ള ആകര്‍ഷകമായ നിര്‍മ്മാണവും കോമറ്റ് നിരത്തിലുണ്ടെങ്കില് ആരും നോക്കിനിന്നുപോകും. അതാണ് കണ്ടാല്‍ വിലകൂടിയത് എന്ന് തോന്നിക്കുന്ന, കയ്യിലൊതുങ്ങുന്ന വിലയില്‍ വാങ്ങാന്‍ കിട്ടുന്ന ഈ ഇലക്ട്രിക് കാറിന്റെ സവിശേഷത. ഇപ്പോള്‍ ഇലക്ട്രിക് കാറുകളുടെ മേഖലയില്‍ ടാറ്റ ടിയാഗോ ഇവിയുമായാണ് എംജി കോമറ്റ് മത്സരിക്കുന്നത്. നാളെ ടാറ്റയുടെ ഇലക്ട്രിക് നാനോ കാറിന് എംജിയുടെ കോമറ്റ് എന്ന ഈ ചെറു കാര്‍ വെല്ലുവിളി ആകാതിരിക്കണമെങ്കില്‍ ടാറ്റാ നാനോ ഏഴ് ലക്ഷത്തിനേക്കാള്‍ താഴെ വിലയിടേണ്ടിവരും.
ഇന്ന് ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ പാസഞ്ചർ ഇലക്ട്രിക് കാർ കൂടിയാണ് കോമറ്റ്. ഇപ്പോള്‍ അതിവേഗം ചാര്‍ജ്ജ് ചെയ്യാവുന്ന സംവിധാനവും പുതിയ കോമറ്റുകളില്‍ ഉണ്ടാകുമെന്നതും ഈ ഹാച്ച് ബാക്കിനെ ആകര്‍ഷകമാക്കുന്നു. നേരത്തെ കാര്‍ ചാര്‍ജ്ജ് ചെയ്യാന്‍ സമയമെടുക്കുന്നു എന്ന പരാതിയാണ് ഇപ്പോള്‍ പരിഹരിച്ചിരിക്കുന്നത്. ഇപ്പോള്‍ മൂന്നര മണിക്കൂറില്‍ 100 ശതമാനം ചാര്‍ജ്ജ് കയറും. നേരത്തെ മുഴുവന്‍ ചാര്‍ജ്ജാകാന്‍ ഏഴ് മണിക്കൂര്‍ വരെ സമയമെടുത്തിരുന്നു. ഒറ്റ ചാര്‍ജ്ജില്‍ 230 കിലോമീറ്റര്‍ വരെ സുഖമായി യാത്ര ചെയ്യാം. കോമറ്റിന്റെ ഏറ്റവും പുതിയ എക്സൈറ്റ് FC, എക്സ്ക്ലൂസീവ് FC വേരിയൻ്റുകളിൽ പുതിയ ഫാസ്റ്റ് ചാർജിംഗ് ഫീച്ചർ ലഭ്യമാണ്
കോമെറ്റ് ഇവി എക്സൈറ്റ് FC പതിപ്പിനായി 8.24 ലക്ഷം രൂപയും എക്സ്ക്ലൂസീവ് FC ട്രിമ്മിന് 9.14 ലക്ഷം രൂപയുമാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. കോമെറ്റിലെ വിവിധ മോഡലുകള്‍ക്ക് 6.99 ലക്ഷം മുതൽ 9.14 ലക്ഷം രൂപ വരെയാണ് ഇവിയുടെ എക്സ്ഷോറൂം വില വരുന്നത്.
17.3 kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്ന എംജിയുടെ കുഞ്ഞൻ കാറില്‍ റിയർ ഡിസ്ക് ബ്രേക്കുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഇഎസ്സി, ഹിൽ-ഹോൾഡ് കൺട്രോൾ, ബോഡി കളറിൽ ഫിനിഷ് ചെയ്ത ഇലക്ട്രിക്കലി ഫോൾഡബിൾ റിയർവ്യൂ മിററുകൾ എന്നിവ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: