ലോകമെങ്ങും എല്ലാ മേഖലയിലും എഐ തരംഗം അലയടിക്കുകയാണല്ലോ. ഭാരതത്തില്‍ എല്ലാമേഖലയിലും കേരളക്കാരുടെയ കയ്യൊപ്പ് പതിയാറുണ്ട്. അത്തരത്തില്‍ എഐ മേഖലയിലും കേരളത്തിന്റെ കയ്യൊപ്പ് നമ്മള് അഭിമാനിക്കുന്ന വിദ്യാഭ്യാസ മേഖലയില്‍ തന്നെയാണ്.
ഇന്ത്യയിലാദ്യമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തി അധ്യാപികയെ അവതരിപ്പിച്ചിരിക്കുകയാണ് തിരുവനന്തപുരം കെടിസിടി ഹയര്‍ സെക്കണ്ടറി സ്കൂള്‍. വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ പഠനാനുഭവം അനുഭവവേദ്യമാക്കുന്നതരത്തില് ഹ്യൂമനോയിഡായിട്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
മേക്കര്‍ലാബ്സ് എജ്യൂടെക് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് വികസിപ്പിച്ച ഈ എഐ അധ്യാപികയ്ക്ക് ഐറിസ് എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. അധ്യാപനം നടത്തുന്നതിന്റെ വീഡിയോ മേക്കര്‍ലാബ്സ് ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഐറിസി(IRIS)നൊപ്പം വിദ്യാഭ്യാസ രംഗത്തെ വിപ്ലവം അനുഭവിച്ചറിയൂ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
https://www.instagram.com/p/C4IFuqRtPEg/?utm_source=ig_embed&utm_campaign=embed_video_watch_again
നിതി ആയോഗ് ആരംഭിച്ച അടല്‍ ടിങ്കറിംഗ് ലാബ് പ്രോജക്റ്റിന് കീഴില്‍ നിര്‍മ്മിച്ച ഐറിസ് നൂതന അധ്യാപന രീതികളില്‍ ഏറെ വിപ്ലവം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള നിരവധി സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതാണ്.
മൂന്ന് ഭാഷകള്‍ സംസാരിക്കാനും സങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍ കൈകാര്യം ചെയ്യാനുമുള്ള കഴിവുള്ള ഐറിസ് ഓരോ വിദ്യാര്‍ത്ഥിക്കും വ്യക്തിഗത പഠനാനുഭവം സാധ്യമാക്കും. വോയ്സ് അസിസ്റ്റന്‍സ്, ഇന്ററാക്ടീവ് ലേണിംഗ് മൊഡ്യൂളുകള്‍, മൊബിലിറ്റി എന്നിവ ഇതിന്റെ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.
മേക്കര്‍ലാബ്സ് ഐറിസിനെ ഒരു റോബോട്ട് എന്നതിലുപരിയായാണ് വിഭാവനം ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസ ചുറ്റുപാടുകള്‍ക്ക് അനുയോജ്യമായ ഒരു നൂതന വോയ്സ് അസിസ്റ്റന്റാണിത്. റോബോട്ടിക്സ്, ജനറേറ്റീവ് എഐ സാങ്കേതികവിദ്യകള്‍ നല്കുന്ന ഐറിസ് തടസ്സമില്ലാത്ത പ്രകടനവും പ്രതികരണശേഷിയും ഉറപ്പുനല്‍കുന്നു.
ഒരു ഇന്റല്‍ പ്രോസസറും കോപ്രോസസറും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഇത് ആഴത്തിലുള്ള പഠനാനുഭവം ഉറപ്പാക്കുന്നതാണെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: