നെയ്യാറ്റിന്‍കര: പാത ഇരട്ടിപ്പിക്കല്‍ തുടരുന്ന, അമൃത് ഭാരത് പദവിയിലുള്ള വികസനത്തിന് തയ്യാറെടുക്കുന്ന നെയ്യാറ്റിന്‍കര റെയില്‍വെക്ക് പ്രതിബന്ധമായി ആശുപത്രിയുടെ അനധികൃതനിര്‍മാണം. ജില്ലാ ജനറല്‍ ആശുപത്രിയില്‍ അനുമതിയില്ലാതെ അനുബന്ധകെട്ടിടം നിര്‍മിച്ചത് പൊളിക്കണമെന്ന് റെയില്‍വെ.
റെയില്‍വെ നേരത്തേ തന്നെ അളന്ന് തിട്ടപ്പെടുത്തി അതിര്‍ത്തി നിര്‍ണയ തൂണ് സ്ഥാപിച്ച സ്ഥലത്താണ് ഒരു വര്‍ഷം മുമ്പ് നെയ്യാറ്റിന്‍കര എംഎല്‍എ കെ. ആന്‍സലന്‍ ഉള്‍പ്പെടെയുള്ളവരുടെ അറിവോടെ പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചത്. സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഇടപെട്ട റെയില്‍വെ അധികൃതല്‍ എംഎല്‍എ കെ. ആന്‍സലന്റെ പിഎ ശ്രീകുമാര്‍, ജില്ലാ കളക്ടര്‍ ജെറോം കെ. ജോര്‍ജ്, ആശുപത്രി സൂപ്രണ്ട് ഡോ. സന്തോഷ്കുമാര്‍, റെയില്‍വെ സ്ഥലമേറ്റെടുപ്പ് തഹസില്‍ദാര്‍ അനിത എന്നിവരുമായി ഇന്നലെ ചര്‍ച്ച നടത്തിയെങ്കിലും അലൈന്മെന്റ് മാറ്റി ആശുപത്രി കെട്ടിടങ്ങള്‍ നിലനിര്‍ത്തണമെന്നായിരുന്നു എംഎല്‍എയുടെ പിഎയുടെ വാദം.
എന്നാല്‍ റെയില്‍വെയുടെ അലൈന്മെന്റ് മാറ്റാനാവില്ലെന്നും വികസനമെത്തുമ്പോള്‍ റെയില്‍വെ യാര്‍ഡ് നിലവില്‍ വരാന്‍ പോകുന്ന സ്ഥലത്താണ് നിര്‍ദിഷ്ട നിര്‍മിതി എന്നും റെയില്‍വെ അധികൃതര്‍ വ്യക്തമാക്കി. ഒപ്പം പുതുതായി ആശുപത്രി വളപ്പില്‍ സ്ഥാപിച്ച എംഎല്‍എ പേവാര്‍ഡ് ബ്ലോക്കിലെ രണ്ടു നിലകള്‍, ബ്ലഡ് ബാങ്കിന് അനുബന്ധമായി നിര്‍മിച്ച പുതിയ കെട്ടിടം എന്നിവ അടിയന്തരമായി പൊളിച്ചു നീക്കണമെന്നും റെയില്‍വെ അധികൃതര്‍ നിര്‍ദേശം നല്കി.
എങ്കിലും അലൈന്മെന്റ് മാറ്റാന്‍ മറ്റൊരു അനുയോജ്യ സ്ഥലം കണ്ടെത്തി ചര്‍ച്ച തുടരണമെന്ന ആവശ്യം റെയില്‍വെ അധികൃതര്‍ അംഗീകരിച്ചു. വെള്ളിയാഴ്ച സംയുക്ത പരിശോധന നടത്താനും യോഗം തീരുമാനമെടുത്ത് പിരിഞ്ഞു. സമീപത്തായി റെയില്‍വെ അതിര്‍ത്തി നിര്‍ണയിച്ച് തൂണ് സ്ഥാപിച്ചതിനപ്പുറമുള്ള പോലീസ് വകുപ്പിന്റെ സ്ഥലവും ഇരുനില കെട്ടിടവും മാസങ്ങളായി റെയില്‍വെയ്ക്കായി ഒഴിച്ചിട്ട നിലയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: