‘ഒരു സർക്കാർ ഉത്പന്നം’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് നിസാം റാവുത്തർ (49) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. പത്തനംതിട്ട കടമ്മനിട്ടയിൽ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. പത്തനംതിട്ട കടമനിട്ട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്നു.
റിലീസാവാനിരിക്കുന്ന ‘ഒരു സർക്കാർ ഉത്പന്നം’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് നിസാം റാവുത്തർ. ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിച്ച് ചിത്രം ഈയാഴ്ച തിയേറ്ററുകളിലെത്താനിരിക്കേയാണ് അദ്ദേഹത്തിന്റെ വിയോഗം.
ഒരു ഭാരത് സർക്കാർ ഉത്പന്നം എന്നായിരുന്നു ചിത്രത്തിന് ആദ്യമിട്ടിരുന്ന പേര് എന്നാൽ പിന്നീട് സെൻസർ ബോർഡിൻറെ നിർദ്ദേശ പ്രകാരം ചിത്രത്തിൻറെ പേര് ഒരു സർക്കാർ ഉത്പന്നം എന്നാക്കി മാറ്റി. ടി വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് രഞ്ജിത് ജഗന്നാഥൻ, ടി വി കൃഷ്ണൻ തുരുത്തി, രഘുനാഥൻ കെ സി എന്നിവരാണ്. ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സുബീഷ് സുധി, ഷെല്ലി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ അജു വർഗീസ്, ഗൗരി ജി കിഷൻ, ദർശന എസ് നായർ, ജാഫര്‍ ഇടുക്കി, വിനീത് വാസുദേവൻ, ലാൽ ജോസ്, ഗോകുലൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിൻറെ ഛായാഗ്രഹണം അൻസാർ ഷാ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: