തൃശൂര്‍ : വോട്ടര്‍മാരെ നേരില്‍ക്കണ്ട് സുരേഷ് ഗോപി. ചേര്‍പ്പ് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലായിരുന്നു സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍. രാവിലെ അവിണിശ്ശേരി സെന്റ് ജോസഫ് പള്ളിയില്‍ നിന്നായിരുന്നു തുടക്കം. തുടര്‍ന്ന് ആനക്കല്ല്, പാറളം, വെങ്ങിണിശ്ശേരി, കോടന്നൂര്‍, പഴുവില്‍, പെരുമുടിക്കുന്ന് തുടങ്ങിയ കേന്ദ്രങ്ങളിലും എത്തി.
നൂറ് കണക്കിനാളുകളാണ് ഓരോ കേന്ദ്രത്തിലും സുരേഷ് ഗോപിയെ കാണാനായി കാത്തുനില്‍ക്കുന്നത്. എല്ലാവരോടും സ്ഥാനാര്‍ത്ഥിക്ക് പറയാനുള്ളത് ഒന്ന് മാത്രം. ഒരവസരം തരൂ, കഴിവിന്റെ പരമാവധി നിങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കും. കാത്തുനില്ക്കുന്ന പലര്‍ക്കും പലവിധ ആവലാതികളാണ്. എല്ലാത്തിനും പരിഹാരമുണ്ടാകും. നിങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിക്കണം. ജയിക്കാതെ എങ്ങനെയാണ് ഇത്രയധികം പ്രശ്നങ്ങള്‍ പരിഹരിക്കാനാകുക. നമ്മുടെ പ്രധാനമന്ത്രി പാവപ്പെട്ടവരെക്കുറിച്ച് ഏറെ കരുതലുള്ളയാളാണ്. മോദിക്കൊപ്പം നില്ക്കുന്ന ഒരു ജനപ്രതിനിധി വേണം ഇക്കുറി തൃശൂരില്‍ നിന്ന്. അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്‍ഡിഎ നേതാക്കളും സുരേഷ് ഗോപിയെ അനുഗമിച്ചു.
ഇടക്ക് കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരോടും വിവാദ വിഷയങ്ങളിലടക്കം കുറിക്കു കൊള്ളുന്ന മറുപടി. ലൂര്‍ദ്ദ് പള്ളിയില്‍ എന്റെ കഴിവിനനുസരിച്ച സമര്‍പ്പണമാണ് ചെയ്തത്. അവിടത്തെ വികരിയച്ചനുമായി സംസാരിച്ചാണ് കനക കിരീടം സമര്‍പ്പിച്ചത്. ചിലര്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. എന്നായിരുന്നു മറുപടി. ഇന്ന് തൃശൂര്‍ നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സുരേഷ് ഗോപി പര്യടനം നടത്തും.
ഇടത് മുന്നണി സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍കുമാര്‍ ഇന്നലെ തൃശൂര്‍ നഗരത്തിലെ വിവിധ പൗരപ്രമുഖര്‍, പഴയ സഹപാഠികള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവരെ നേരില്‍കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. രാവിലെ അന്തിക്കാടും തൃശൂര്‍ ശക്തന് നഗറിലും കുട്ടനെല്ലൂര്‍ കോളേജിലും നടന്ന പരിപാടികളില്‍ പങ്കെടുത്തു.വൈകിട്ട് വാടാനപ്പിള്ളിയില്‍ റോഡ് ഷോയിലും പങ്കെടുത്തു.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതുന്ന ടി.എന്‍.പ്രതാപനും ഇന്നലെ സജീവമായിരുന്നു. പ്രതാപന് നയിക്കുന്ന സ്നേഹ സന്ദേശ യാത്ര ഇന്നലെ സമാപിച്ചു. പുതുക്കാട് മണ്ഡലത്തിലായിരുന്നു സമാപനം.വൈകിട്ട് നടന്ന സമാപന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: