തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി കുറച്ച് വീര്യം കുറഞ്ഞ മദ്യവിൽപ്പനയ്ക്ക് അനുമതി നൽകാനുള്ള ആലോചനയിൽ സംസ്ഥാന സർക്കാർ. മദ്യ ഉത്പാദകരുടെ ആവശ്യത്തെ തുടർന്നാണ് സർക്കാർ നീക്കം. സ്ത്രീകള്‍, വിനോദ സഞ്ചാരികള്‍, ഐടി പാർക്കുകള്‍ എന്നിവിടങ്ങളിൽ കൂടുതലായി ഇത്തരം മദ്യം വാങ്ങുമെന്നാണ് മദ്യ ഉല്പാദകർ പറയുന്നത്.
വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പന വർദ്ധിപ്പിക്കാൻ നികുതി കുറയ്ക്കണം എന്നാണ് ഉത്പാദകർ പറയുന്നത്. ഏറെ കാലമായി ഈ ആവശ്യം സർക്കാരിന് മുൻപിൽ ഉത്പാദകർ വയ്ക്കുന്നുമുണ്ട്. എന്നാൽ അടുത്തിടെ ആവശ്യം ഉത്പാദകർ ശക്തമാക്കി. ഇതോടെയാണ് വഴങ്ങാൻ സർക്കാർ തീരുമാനിച്ചത്. നേരത്തെ കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ വീര്യം കുറഞ്ഞ മദ്യം റെഡി ഡ്രിങ്ക് എന്ന രീതിയിൽ വിൽപ്പന ആരംഭിച്ചിരുന്നു. ഇതേ മാതൃക കേരളവും സ്വീകരിക്കണം എന്നാണ് ആവശ്യം.
നിലവിൽ കെയ്സിന് 400 രൂപയ്ക്ക് മുകളിൽ ഉള്ള മദ്യത്തിന് 251 ശതമാനം ആണ് നികുതി. ഇതിന് താഴെ വിലയുള്ള മദ്യത്തിന് 245 ശതമാനവും. കേരളത്തിൽ വിൽക്കപ്പെടുന്ന ഭൂരിഭാഗം ബ്രാൻഡ് മദ്യത്തിനും 400 ന് മുകളിലാണ് വില. 42.86 ശതമാനം ആണ് സംസ്ഥാനത്ത് പുറത്തിറങ്ങുന്ന മദ്യത്തിലുള്ള ആൽക്കഹോളിന്റെ അളവ്. ഇത് 20 ശതമാനമാക്കി കുറയ്ക്കുമ്പോൾ നികുതിയും കുറയ്ക്കണം എന്നാണ് ഉത്പാദകരുടെ ആവശ്യം. ഇത്തരത്തിൽ നുകിതി കുറച്ച് വിൽക്കുമ്പോൾ വീര്യം കുറഞ്ഞ മദ്യത്തിന് ആവശ്യക്കാർ ഏറെയുണ്ടാകുമെന്നും ഇവർ പറയുന്നു.
എന്നാൽ, രണ്ട് തരം നികുതി കൊണ്ടുവന്നാൽ ഖജനാവിന് വലിയ നഷ്ടമുണ്ടാകുമെന്നാണ് നികുതി വകുപ്പ് പറയുന്നത്. വിലകുറഞ്ഞ മദ്യം വിറ്റാൽ നികുതി ചോർച്ച ഉണ്ടാകില്ലേ എന്ന ആശങ്കയും നികുതി കമ്മീഷണർ അജിത് പാട്ടീൽ നേരത്തെ പല ചർച്ചകളിൽ ഉന്നയിച്ചിരുന്നു. പക്ഷെ സർക്കാർ മദ്യ ഉല്പാദകരുടെ ആവശ്യം നടപ്പാക്കാനാണ് ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: