ഇന്ത്യാവിരുദ്ധ നടപടി കടുപ്പിച്ച് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. മേയ് 10ന് ശേഷം സിവിലിയന്‍ വസ്ത്രത്തില്‍ പോലും ഇന്ത്യന്‍ സൈനികരെ മാലദ്വീപില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് മുയിസു.
ഇന്ത്യന്‍ സൈന്യത്തെ രാജ്യത്ത് നിന്ന് പുറത്താക്കുന്നതില്‍ തന്റെ സര്‍ക്കാര്‍ വിജയിച്ചതായും ഇതിനെ തുടര്‍ന്ന് കുറച്ചുപേര്‍ കള്ളപ്രചരണം നടത്തുകയാണെന്നും തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായും ബാ അറ്റോള്‍ എയ്ദാഫൂസിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യവേ മുയിസു പറഞ്ഞു.
മൂന്ന് ഏവിയേഷന്‍ പ്ലാറ്റ്‌ഫോമുകളിലൊന്നിന്റെ ചുമതല ഏറ്റെടുക്കാന്‍ ഇന്ത്യന്‍ സിവിലിയന്‍ സംഘം മാലദ്വീപിലെത്തി ഒരാഴ്ച തികയുന്നതിന് മുമ്പാണ് മുയിസുവിന്റെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യന്‍ സൈന്യം പുറത്തുപോകുന്നില്ല. സിവിലിയന്‍ വസ്ത്രത്തിലേക്ക് യൂണിഫോം മാറി അവര്‍ തിരിച്ചുവന്നിരിക്കുകയാണ്. ഒരു വസ്ത്രത്തിലും ഇന്ത്യന്‍ സൈനികരെ മാലദ്വീപില്‍ താമസിപ്പിക്കില്ല. ആത്മവിശ്വാസത്തോടെയാണ് ഞാനിത് പറയുന്നത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യഥാര്‍ത്ഥ സ്വാതന്ത്ര്യം സുരക്ഷിതമാക്കുന്നതിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നും ഇന്ത്യന്‍ സൈനികരെ പുറത്താക്കുന്നത് പോലെ തന്നെ രാജ്യത്തിന് നഷ്ടമായ തെക്കന്‍ സമുദ്രമേഖല തിരിച്ചുപിടിക്കാന്‍ പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മൂന്ന് സൈനിക കേന്ദ്രങ്ങളിലായി 88 ഇന്ത്യന്‍ സൈനികര്‍ മാലിദ്വീപില്‍ ദുരിതാശ്വാസ സേവനങ്ങളും വൈദ്യ സഹായവും നല്‍കിവരുന്നുണ്ട്. രണ്ട് ഹെലികോപ്റ്ററുകളും ഒരു ഡോണിയര്‍ എയര്‍ക്രാഫ്റ്റും ഇന്ത്യ പ്രവര്‍ത്തിപ്പിക്കുന്നു. ഇതിനായി സൈനികര്‍ക്ക് പകരം സിവിലിയന്‍മാരെ നിയോഗിക്കാമെന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണ. ഇതനുസരിച്ച് ഈ മാസം 10നകം ഇന്ത്യന്‍ സൈനികരുടെ ആദ്യ ബാച്ച് മാലദ്വീപ് വിടും. പകരം സിവിലിയന്‍ സംഘം നിയന്ത്രണം ഏറ്റെടുക്കും. മറ്റ് രണ്ട് കേന്ദ്രങ്ങളിലെ സൈനികരെ മാറ്റിപ്രതിഷ്ഠിക്കുന്നതിന് മേയ് 10 വരെ സമയമുണ്ട്.
മുഹമ്മദ് മുയ്‌സു പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെയാണ് മാലദ്വീപില്‍നിന്ന് ഇന്ത്യന്‍ സൈനികരെ പുറത്താക്കല്‍ നടപടികള്‍ ആരംഭിച്ചത്. ചൈന അനുകൂല നിലപാടുകളുടെ പേരില്‍ നേരത്തെതന്നെ ശ്രദ്ധേയനാണ് മുഹമ്മദ് മുയിസു. ഇന്ത്യവിരുദ്ധ നിലപാടുകളായിരുന്നു അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പോലും മുന്നോട്ടുവച്ചിരുന്നത്. ഇന്ത്യന്‍ സൈന്യം രാജ്യത്ത് തുടരുന്നത് മാലദ്വീപിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് മുഹമ്മദ് മുയിസുവിന്റെ പ്രതികരണം. 2009 മുതല്‍ മാലദ്വീപിലെ സ്ഥിരം സാന്നിധ്യമാണ് ഇന്ത്യ.
മാലദ്വീപില്‍ നിന്ന് ഇന്ത്യ തങ്ങളുടെ ഉദ്യോഗസ്ഥരെ പിന്‍വലിക്കണമെന്ന് സത്യപ്രതിജ്ഞ ചെയ്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മുയിസു ആവശ്യപ്പെട്ടിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: