ന്യൂദല്‍ഹി: തടിയന്റെവിട നസീറിന്റെ നേതൃത്വത്തില്‍ രാജ്യത്ത് ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ട കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏഴ് സംസ്ഥാനങ്ങളിലായി 17 സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തി.
ഇന്ന് രാവിലെ മുതല്‍ കര്‍ണാടകയും തമിഴ്നാടും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് റെയ്ഡുകള്‍ നടക്കുന്നത്. കൂടാതെ കേസുമായി ബന്ധപ്പെട്ട തീവ്രവാദ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവരുമായി ബന്ധമുള്ള സ്ഥലങ്ങളിലും പ്രത്യേക പരിശോധന നടക്കുകയാണ്.
ഈ വര്‍ഷം ജനുവരി 12നാണ് മലയാളിയായ ലഷ്കര്‍ ഇ തൊയ്ബ ഭീകരന് തടിയന്റെവിട നസീറിനും കൂട്ടാളികള്‍ക്കുമെതിരെ ബംഗളൂരു ജയിലിനുള്ളില്‍ വച്ച് ചാവേറാക്രമണ പദ്ധതിയിട്ടതിന് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. എട്ടു പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ഒളിവിലുള്ള ജുനൈദ് അഹമ്മദ് എന്ന ജെഡി, സല്മാന് ഖാന് എന്നിവര്‍ വിദേശത്തേക്ക് കടന്നുവെന്നാണ് കരുതുന്നത്.
സുഹൈല്‍ എന്ന സയ്യിദ് സുഹൈല്‍ ഖാന്, ഉമര്‍ എന്ന മുഹമ്മദ് ഉമര്‍, സാഹിദ് എന്ന സാഹിദ് തബ്രീസ്, സയ്യിദ് മുദാസിര്‍ പാഷ, മുഹമ്മദ് ഫൈസല്‍ റബ്ബാനി എന്നിവരാണ് മറ്റുള്ള പ്രതികള്‍. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം, സ്ഫോടക വസ്തു നിയമം, ആയുധ നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികളായ എട്ട് പേര്‍ക്കെതിരെയും കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
പ്രതികളില്‍ ഏഴ് പേരുടെ കൈവശം നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ഹാന്‍ഡ് ഗ്രനേഡുകളും വോക്കി ടോക്കികളും പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് 2023 ജൂലൈ 18 ന് ബെംഗളൂരു സിറ്റി പോലീസ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്യന്നുത്. പ്രതികളിലൊരാളുടെ വീട്ടില്‍ ഏഴുപേരും ഒത്തുകൂടിയപ്പോഴാണ് ഇവരെ പിടികൂടിയത്.
2023 ഒക്ടോബറില്‍ എന്‍ഐഎ ഏറ്റെടുത്ത കേസിന്റെ അന്വേഷണത്തില്‍ നിരവധി സ്ഫോടനക്കേസുകളില്‍ ഉള്‍പ്പെട്ട ടി. നസീര്‍ 2017ല്‍ ബംഗളൂരു ജയിലില്‍ കഴിയവേ മറ്റ് പ്രതികളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി കണ്ടെത്തി. സലാം പോക്സോ കേസിലും മറ്റുള്ളവര്‍ കൊലക്കേസിലുമാണ് അന്ന് ജയിലില്‍ എത്തിയത്.
അവരെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ലഷ്കറിലേക്ക് റിക്രൂട്ട് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നസീര്‍ അവരെ സമീപിച്ചത്. ജുനൈദിനെയും സല്‍മാനെയുമാണ് ആദ്യ നസീര്‍ കൂടെ ചേര്‍ത്തത്. അതിനുശേഷം, മറ്റ് പ്രതികളെ തീവ്രവാദികളാക്കി റിക്രൂട്ട് ചെയ്യാന്‍ ജുനൈദുമായി ഗൂഢാലോചന നടത്തി.
എന്‍ഐഎ അന്വേഷണമനുസരിച്ച്, ജയിലിനകത്തും പുറത്തുമുള്ള ലഷ്കര്‍ ഇ ടി പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ജുനൈദ് തന്റെ കൂട്ടുപ്രതികള്‍ക്ക് വിദേശത്ത് നിന്ന് ഫണ്ട് അയച്ചു തുടങ്ങിയിരുന്നു. ബംഗളൂരുവിലെ രാമേശ്വരം കഫേ സ്ഫോടന അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറി രണ്ട് ദിവസത്തിന് ശേഷമാണ് കേസില്‍ പുതിയ റെയ്ഡുകള്‍ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: