എസ്എഫ്ഐ ചെങ്കോട്ടകളെന്ന് സ്വയം വിശേഷിപ്പിക്കുന്ന കലാലായങ്ങള്‍ ഭരിക്കുന്നത് ഒപ്പം കിടന്നുറങ്ങുന്നവനെപ്പോലും കൊന്നുതിന്നുന്ന നരഭോജികളായാലോ? കാമ്പസിലെ ഇടിമുറികളില്‍ ചവിട്ടി അരയ്‌ക്കപ്പെട്ട ജീവിതങ്ങള്‍… ഭീഷണിയില്‍ നിശബ്ദരാക്കപ്പെട്ട അദ്ധ്യാപകര്‍… മദ്യവും മയക്കുമരുന്നും തലയ്‌ക്ക്പിടിച്ച് നടത്തുന്ന പേക്കൂത്തുകളില്‍ പഠനം ഉപേക്ഷിച്ച് ജീവിതം നശിച്ചവര്‍… അതിനെല്ലാം കൂട്ടുനില്‍ക്കുന്ന, ഇടത് രാഷ്‌ട്രീയം തലച്ചോറിലെ കാന്‍സറായി മാറിയ അദ്ധ്യാപകരുടെ വേഷമിട്ട ചില ചെന്നായ്‌ക്കള്‍…
മൂന്നുദിവസം പൂക്കോട് വെറ്ററിനറി കോളജിലെ 21കാരന്‍ സിദ്ധാര്‍ത്ഥന്‍ നേരിട്ട ക്രൂര പീഡനത്തിന്റെ ചുരുളുകളില്‍ ഒരംശം മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. മുദ്രാവാക്യത്തിലെ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും അവരെത്തന്നെ നോക്കി പല്ലിളിക്കുന്ന എസ്എഫ്‌ഐയുടെ ആദ്യത്തേയോ അവസാനത്തേയോ ഇരയല്ല പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്‍… പത്തനംതിട്ട പരുമല കോളജില്‍ തുടങ്ങി ഇപ്പോള്‍ സിദ്ധാര്‍ത്ഥനിലൂടെ നരനായാട്ട് ഇന്നും തുടരുകയാണ്… എസ്എഫ്‌ഐ എന്ന ഭീകര സംഘടന…പരുമലയില്‍
എറിഞ്ഞെടുത്ത
മൂന്ന് ജീവനുകള്‍
ഇരുപത്തെട്ടു വര്‍ഷം മുമ്പ് പത്തനംതിട്ട പരുമല കോളജില്‍ എസ്എഫ്‌ഐയും മാര്‍ക്‌സിസ്റ്റ് അക്രമികളും ചേര്‍ന്ന് നടത്തിയ കൊടും ക്രൂരതയില്‍ പമ്പയാറുപോലും വിറങ്ങലിച്ചിട്ടുïാകും. 1996 സപ്തംബര്‍ 17ന് കോളജിലെ എബിവിപി പ്രവര്‍ത്തകരായിരുന്ന അനു പി.എസ്., സുജിത്, കിം കരുണാകരന്‍ എന്നിവരെ കല്ലെറിഞ്ഞ് പമ്പയാറ്റില്‍ മുക്കി കൊലപ്പെടുത്തിയത് ഇതേ എസ്എഫ്‌ഐ ആണ്. കോളജിലെ എസ്എഫ്‌ഐയുടെ ജനാധിപത്യ വിരുദ്ധതക്കെതിരെ ഒറ്റയ്‌ക്ക് പൊരുതി വിജയിച്ചതിന്റെ പ്രതികാരമായിരുന്നു അന്നുവരെ ആരും കേള്‍ക്കാത്ത തരത്തിലുള്ള കൊലപാതകം. ക്രൂര മര്‍ദ്ദനത്തില്‍ നിന്നും രക്ഷനേടാന്‍ പമ്പയാറ്റില്‍ ചാടിയതായിരുന്നു മൂവരും.
പക്ഷെ കരയില്‍ നിന്ന ഇരുകാലി മൃഗങ്ങള്‍ ക്രൂരമായി കല്ലെറിഞ്ഞ് പമ്പയാറ്റിന്റെ ആഴങ്ങളില്‍ താഴ്‌ത്തി. അന്നും പ്രിന്‍സിപ്പലും സാക്ഷികളും സിപിഎമ്മിനുവേണ്ടി മുട്ടിലിഴഞ്ഞു. കൊലപാതകത്തിന് ശേഷം സിദ്ധാര്‍ത്ഥനോട് കാണിച്ചപോലെ വ്യക്തിഹത്യ അന്നും നടത്തി. വി.എസ്. അച്ച്യുതാനന്ദനും ഇ.കെ. നായനാരും കൊല്ലപ്പെട്ടവരെ മദ്യപാനികളാക്കി ചിത്രീകരിച്ചു. വര്‍ഷങ്ങളോളം ഇത് ആവര്‍ത്തിച്ച് ആ മൂന്നുകുടുംബങ്ങളെയും കൊല്ലാക്കൊല ചെയ്തു.
മഹാരാജാസില്‍
കസേര കത്തിക്കല്‍,
കേരളയില്‍
പീഡനം
മഹാരാജാസ് കോളജില്‍ പ്രിന്‍സിപ്പല്‍ എന്‍.എല്‍. ബീനയുടെ കസേര കത്തിച്ചാതായിരുന്നു മറ്റൊരു ഗുരുഭക്തി. കോളജില്‍ ആയുധങ്ങള്‍ കണ്ടെത്തിയതിലും പ്രിന്‍സിപ്പല്‍ നടപടി സ്വീകരിച്ചിരുന്നു. കസേര കത്തിക്കാനും സഖാക്കളെ രക്ഷിക്കാനും ഇടതു അദ്ധ്യാപക സംഘടനകളും ഒപ്പം നിന്നു.
കേരള സര്‍വകലാശാല ആസ്ഥാനത്ത് ഇപ്പോഴത്തെ രാജ്യസഭാംഗം എ.എ. റഹിമിന്റെ നേതൃത്വത്തില്‍ സ്റ്റുഡന്റ്‌സ് സര്‍വീസ് മേധാവി പ്രൊഫ. വിജയലക്ഷ്മിയെ ഇരുനൂറോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് തടഞ്ഞുവച്ചത് മണിക്കൂറുകളോളമാണ്. കലോത്സവ നടത്തിപ്പിലെ ക്രമക്കേടുകള്‍ ചണ്ടിക്കാട്ടിയതിന് വെള്ളം പോലും നല്കാതെ മാനസികമായി പീഡിപ്പിച്ചു. തലമുടി പിടിച്ചുവലിച്ചും പേനകൊണ്ട് മുതുകില്‍ കുത്തിയും രസിച്ചത് പെണ്‍സഖാക്കളായിരുന്നു. ഈ സമയം കേരള യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ എസ്എഫ്‌ഐക്കാരുടെ ഭീഷണിയെത്തുടര്‍ന്ന് പോലീസ് കാവലിലായിരുന്നു യാത്ര.
എഐഎസ്എഫ് പെണ്‍കുട്ടിയോട്
ആര്‍ഷോ പറഞ്ഞത്
‘അധികം കളിച്ചാല്‍ നീ തന്തയില്ലാത്ത കുട്ടിയെ പ്രസവിക്കുമെന്ന്’ എഐഎസ്എഫ് വനിതാ നേതാവിനോട് ആക്രോശിച്ചുകൊണ്ട് അടിവയറിന് ചവിട്ടാനോങ്ങിയത് എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയും സംഘവുമാണ്. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചും വസ്ത്രങ്ങളില്‍ കയറിപ്പിടിച്ചും ആ പെണ്‍കുട്ടിയെ ആക്രമിച്ചു.
എസ്എഫ്‌ഐക്കാര്‍ക്ക് വഴിവിട്ട സഹായം ചെയ്തത് ചോദ്യം ചെയ്ത പത്തനംതിട്ട കടമ്മനിട്ട മൗണ്ട്് സിയോണ്‍ ലോ കോളജിലെ നിള എസ്. പണിക്കര്‍ക്ക് നേരിടേണ്ടിവന്നത് കൊടിയ പീഡനമാണ്. മതിയായ ഹാജര്‍ ഇല്ലെന്നപേരില്‍ പുറത്താക്കപ്പെട്ടപ്പോള്‍ നിള നിയമ പോരാട്ടം നടത്തിയാണ് തിരികെ എത്തിയത്. എന്നാല്‍ ഹാജരില്ലാത്ത എസ്എഫ്‌ഐ നേതാക്കള്‍ യഥേഷ്ടം പരീക്ഷ എഴുതി. ഇത് ചോദ്യം ചെയ്തതിന് ഡിവൈഎഫ്‌ഐ പെരുനാട് ബ്ലോക്ക് സെക്രട്ടറിയും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ ജെയ്‌സന്‍ ജോസഫ് സാജന്‍ ചെയ്തത് കൊടും ക്രൂരതയാണ്. തലപിടിച്ച് ശക്തിയായി ഭിത്തിയിലിടിച്ചു. ഇടതു ചെവിയുടെ കേള്‍വിശക്തി 60 ശതമാനം നഷ്ടമായി. വലതു ചെവിക്ക് 20 ശതമാനത്തോളവും കേള്‍വി ശക്തിയില്ല. മാനസിക പീഡനങ്ങള്‍ സഹിച്ച് നിയമപോരാട്ടത്തിനൊടുവില്‍ ജെയ്‌സന്‍ ജോസഫ് സാജനെ കഴിഞ്ഞദിവസമാണ് കോളജില്‍ നിന്നും പുറത്താക്കിയത്.
എസ്എഫ്‌ഐക്കാരുടെ മാനസിക പീഡനം കാരണം ആറ്റിങ്ങല്‍ സ്വദേശിനി ആത്മഹത്യക്ക് ശ്രമിച്ചത് തലസ്ഥാനത്തെ ചെങ്കോട്ടയെന്നറിയപ്പെടുന്ന യൂണിവേഴ്‌സിറ്റി കോളജിലും. ടിസി വാങ്ങാനെത്തിയപ്പോഴും കോളജ് മാറിപോയിട്ടുപോലും എസ്എഫ്‌ഐ നടത്തിയ പീഡനങ്ങളും ചില്ലറയല്ല. എസ്എഫ്‌ഐയുടെ സമരത്തിന് പോയില്ലെങ്കില്‍ കടുത്ത മാനസിക പീഡനത്തിന് ഇരയാകേണ്ടിവരും. എസ്എഫ്‌ഐക്കാരുടെ പോലീസിങ്ങിന് വിധേയരായി കോളജ് മാറിയും പഠനം ഉപേക്ഷിച്ചും പോയ വിദ്യാര്‍ത്ഥിനികള്‍ ആയിരക്കണക്കിനുണ്ട്.
ബ്ലഡി ക്രിമിനല്‍സ്…
ബ്ലഡി ക്രിമിനല്‍സ് എന്ന് എസ്എഫ്‌ഐക്കാരെ നോക്കി എന്നേ മലയാളികള്‍ വിളിക്കേണ്ടതായിരുന്നു. അത് വിളിക്കാനും എസ്എഫ്‌ഐയും പോപ്പുലര്‍ ഫ്രണ്ടും തമ്മിലുള്ള ബാന്ധവം തുറന്നുകാട്ടാനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ വേണ്ടിവന്നു. എസ്എഫ്‌ഐയുടെ അക്രമത്തിന് ഇരയായവരും അവരുടെ നരഭോജി സംസ്‌കാരം അറിയാവുന്നവരും മൗനം പൂïപ്പോഴാണ് ആരിഫ് മുഹമ്മദ്ഖാന്‍ മുഖത്തുനോക്കി ക്രിമിനല്‍സ് എന്നുവിളിച്ചത്. ആ വിളി അന്വര്‍ത്ഥമാക്കുന്ന സംഭവമാണ് വെറ്ററിനറി സര്‍വകലാശാലയില്‍ ഉണ്ടായതും.
ആര്‍ഷോ എന്ന
പിടികിട്ടാപ്പുള്ളി
അഭിഭാഷകനെ വധിക്കാന്‍ ശ്രമിച്ചെന്നനാല്പ്പതോളം കേസില്‍ പ്രതിയാണ് പി.എം. ആര്‍ഷോ. വധശ്രമക്കേസില്‍ റിമാന്‍ഡില്‍ കഴിയവെ ആര്‍ഷോ സര്‍വകലാശാല പരീക്ഷ പാസായത് വിവാദമായിരുന്നു. 2019ല്‍ മഹാരാജാസ് ഹോസ്റ്റല്‍ മുറിയില്‍ കെഎസ്‌യു പ്രവര്‍ത്തകനെ ആക്രമിച്ചതും ആര്‍ഷോയുടെ പേരിലുള്ള കുറ്റമാണ്. ഹോസ്റ്റലില്‍ ആര്‍ഷോയും സംഘവും മദ്യപിച്ചത് ചോദ്യം ചെയ്തത് ആയിരുന്നു ആക്രമണത്തിന് കാരണം. എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതിയും കേസും വേറെ. അങ്ങനെയുള്ള നേതാവ് നയിക്കുന്ന സംഘടന അക്രമത്തിലേക്ക് നീങ്ങിയില്ലെങ്കിലേ അത്ഭുതമുള്ളൂ.
കുഴിമാടമൊരുക്കിയ
ഗുരുനിന്ദ
പത്തനംതിട്ടയില്‍ കൊലവിളി മാത്രമാണ് ഉണ്ടായതെങ്കില്‍ പാലക്കാട് വിക്‌ടോറിയ കോളജില്‍ അദ്ധ്യാപികയ്‌ക്ക് കുഴിമാടമൊരുക്കിയാണ് ഉമിത്തീയില്‍ ദഹിച്ച സുകുമാരകവിയുടെ പാരമ്പര്യമുള്ള നാട്ടില്‍ യാത്രയയപ്പ് നല്കിയത്. എസ്എഫ്‌ഐയുടെ കൊള്ളരുതായ്മകള്‍ക്ക് കൂട്ടുനില്‍ക്കാത്തതിന് പ്രിന്‍സിപ്പð ടി.എന്‍. സരസുവിന് വിരമിക്കുന്ന ദിവസം കോളജിലെ ഓഫീസിന് മുന്നില്‍ കുഴിമാടം ഒരുക്കി റീത്ത് വച്ചാണ് ആഘോഷിച്ചത്. പോലീസ് കേസെടുത്തെങ്കിലും സാക്ഷികള്‍ കൂറുമാറിയതോടെ പ്രതികളെ വെറുതെ വിട്ടു.
നരഭോജികള്‍ക്ക്
കുഴലൂതുന്നവര്‍
അച്ഛനും അമ്മയും കഴിഞ്ഞാല്‍ ദൈവത്തിന് മുന്നേ സ്ഥാനം അദ്ധ്യാപകനാണ്. വിദ്യാര്‍ത്ഥികള്‍ക്ക് നേര്‍വഴി പറഞ്ഞുകൊടുക്കേണ്ടവര്‍. പക്ഷെ ചെങ്കോട്ടകളിലെ നരഭോജികളായ എസ്എഫ്‌ഐക്കാരുടെ ഉച്ഛിഷ്ടം ഭക്ഷിക്കുന്നവരാണ് അദ്ധ്യാപകരില്‍ ചിലര്‍.
അതിന്റെ നേര്‍ചിത്രമാണ് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ കണ്ടത്. മൂന്നുദിവസത്തെ പീഡനം അദ്ധ്യാപകര്‍ അറിഞ്ഞില്ല. ഹോസ്റ്റല്‍ വാര്‍ഡന്റെ ചുമതലയുള്ള ഡീനോ, അസിസ്റ്റന്റ് വാര്‍ഡനോ അറിഞ്ഞില്ല. പക്ഷെ ജീവനെടുത്തശേഷവും പെണ്ണുകേസില്‍ കുടുക്കാനുള്ള ഗൂഢോലോചനയില്‍ പങ്കെടുക്കാനും ഒപ്പിടാനും അവര്‍ക്ക് അറിയാമായിരുന്നു.
എസ്എഫ്‌ഐക്കാര്‍ എന്തുകാണിച്ചാലും അവര്‍ ഒത്താശചെയ്യും. എസ്എഫ്‌ഐ സംസ്ഥാനസെക്രട്ടറി പി.എം. ആര്‍ഷോയുടെ മാര്‍ക്ക് വിവാദത്തിലും നിഖില്‍തോമസിന്റെ സര്‍ട്ടിഫിക്കറ്റ് വിവാദത്തിലുമൊക്കെ കïതാണ്.
ക്രിമിനല്‍സ്
ഫെഡറേഷന്‍
ഓഫ് സിപിഎം
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐക്കാരനായ അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ എസ്എഫ്‌ഐക്കാര്‍തന്നെ ശ്രമിച്ചത് പുറത്ത് വന്നതോടെയാണ് ഇടിമുറികളെ കുറിച്ച് വീണ്ടും ചര്‍ച്ചയാകുന്നത്. 19 എസ്എഫ്‌ഐക്കാരാണ് ആ കേസില്‍ പ്രതികളായുള്ളത്. നസീമും ശിവരഞ്ജിത്തും ഉള്‍പ്പെടെയുള്ളവരുടെ പിഎസ്‌സി പരീക്ഷാ തട്ടിപ്പ് പുറത്തുവന്നതും അഖിലിനെ മര്‍ദ്ദിച്ച കേസിലാണ്. കുസാറ്റ് കാംപസില്‍ അസില്‍ അബൂബക്കര്‍ എന്ന വിദ്യാര്‍ത്ഥിയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത് എസ്എഫ്‌ഐ നേതാക്കളായ പ്രജിത്തും രാഹുലും ചേര്‍ന്നാണ്.
തിരുവനന്തപുരത്ത് സിപിഎം വനിതാ നേതാവും പെരുങ്കടവിള പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എസ്. ബിന്ദുവിന്റെ മകനും സംസ്‌കൃത കോളജ് വിദ്യാര്‍ത്ഥിയുമായ ആദര്‍ശിന്റെ താടിയെല്ല് അടിച്ചുപൊട്ടിച്ചതും കുട്ടിസഖാക്കളാണ്.
സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നിന്നും കരകയറും മുമ്പാണ് കോഴിക്കോട് കൊയിലാണ്ടി ആര്‍. ശങ്കര്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി സി.ആര്‍. അമലിനെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അനുരാഗ് മര്‍ദ്ദിച്ച് അവശനാക്കിയത്. ഇരുപതോളം മറ്റു എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ വലയത്തിലായിരുന്നു മര്‍ദ്ദനം. എസ്എഫ്‌ഐയുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് വൈകല്യത്തോടെ കഴിയുന്നവര്‍ നിരവധിപേരുണ്ട്.
എല്ലാത്തിനും പാര്‍ട്ടി പിന്തുണ
സിദ്ധാര്‍ത്ഥനെ കൊലപ്പെടുത്തിയ പ്രതികളെ മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കുമ്പോള്‍ ഒപ്പം പോയത് സിപിഎം നേതാവാണ്. അതാണ് സിപിഎമ്മിന്റെ രീതി.എസ്എഫ്‌ഐക്കാര്‍ എന്ത് കൊള്ളരുതായ്മകള്‍ കാട്ടിക്കൂട്ടിയാലും പാര്‍ട്ടിയും ഇടത് സര്‍ക്കാരും കൈയും മെയ്യും മറന്ന് ഒപ്പം നില്‍ക്കും. പിഎസ്‌സി പരീക്ഷാ തട്ടിപ്പിലടക്കം നമ്മള്‍ കണ്ടതാണ്. മുന്നേ അക്രമം നടത്തിയ എസ്എഫ്‌ഐ നേതാക്കള്‍ മന്ത്രിമാരായി ഭരിക്കുമ്പോള്‍ അതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാനുമില്ല. ആ ഭയമാണ് കലാലയങ്ങളില്‍ എസ്എഫ്‌ഐ എന്ന കഴുകന്മാരെ വളരാന്‍ അനുവദിക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: