ബെംഗളൂരു: കലബുറഗിയിൽ ഉമേഷ് യാദവ് എം.പി.യുടെ അടുത്ത അനുയായിയും ബി.ജെ.പി. നേതാവുമായ ഗിരീഷ് ചക്രയെ (31) ഒരുസംഘമാളുകൾ വെട്ടിക്കൊലപ്പെടുത്തി. വ്യാഴാഴ്ച രാത്രി പിന്തുടർന്നെത്തിയ അക്രമി ഗിരീഷിന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞശേഷം വെട്ടുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ അഫസലാപൂർ താലൂക്കിലെ സഗനൂരിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കലബുറഗി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
എം.ബി.എ. പൂർത്തിയാക്കിയശേഷം രാഷ്ട്രീയത്തിൽ സജീവമായ ഗിരീഷ് യുവ മോർച്ച അംഗവുമായിരുന്നു. ഗിരീഷിനെ അടുത്തിടെയാണ് ഉമേഷ് യാദവ് ബി.എസ്.എൻ.എൽ. കലബുറഗി ഡിവിഷന്റെ അഡ്വൈസറി കമ്മിറ്റി അംഗമായി നിയമിച്ചത്. മിടുക്കനായ യുവനേതാവായിരുന്നു ഗിരീഷെന്നും പത്തുവർഷത്തെ അടുപ്പമുണ്ടെന്നും ഉമേഷ് യാദവ് പറഞ്ഞു. ബുധനാഴ്ച ഗിരീഷ് വന്ന് കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ചിലർ വാടകക്കൊലയാളിയെ ഉപയോഗിച്ച് വകവരുത്തിയതാണെന്ന് സഹോദരൻ സദാശിവ ചക്ര ആരോപിച്ചു. കൊലയ്ക്ക് പിന്നിൽ ആരെല്ലാമെന്ന് തനിക്കറിയാം, പിന്നീട് വെളിപ്പെടുത്തും എന്ന് സദാശിവ അറിയിച്ചു. സംഭവത്തില്‍ ഗണഗപുർ പോലീസ് കേസെടുത്തുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: