തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്നെ സസ്പെൻഡ് ചെയ്തതിൽ പ്രതികരണവുമായി വൈസ് ചാൻസലറായിരുന്ന ഡോ.എം.ആർ ശശീന്ദ്രനാഥ്. തന്റെ ഭാഗം കേൾക്കാതെയാണ് ഗവർണറുടെ നടപടി. ഇത്തരത്തിൽ പുറത്തു പോരേണ്ടി വന്നതിൽ വിഷമമുണ്ട്. ഗവർണറുടേത് പ്രതികാര നടപടിയായി കാണുന്നില്ലെന്നും അദ്ദേഹവുമായി നല്ല ബന്ധത്തിലാണെന്നും വിസി പറഞ്ഞു.
ആന്റി റാഗിങ് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോളജ് ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സസ്പെൻഡ് ചെയ്യാനിരിക്കെയാണ് തന്നെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഗവർണർ പുറത്തിറക്കിയത്. ഇന്നലെയാണ് ആന്റി റാഗിങ് കമ്മിറ്റി റിപ്പോർട്ട് കൈമാറിയത്. ഇതുപ്രകാരം ഡീനിനും അസിസ്റ്റന്റ് വാർഡനും വീഴ്ച സംഭവിച്ചെന്ന് വ്യക്തമായ സാഹചര്യത്തിൽ ഇരുവരെയും സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതിനുള്ള ഉത്തരവ് തയാറാക്കുന്നതിനിടെയാണ് ഗവർണറുടെ ഉത്തരവ് വന്നത്. ഇതോടെ ഈ ഉത്തരവ് നൽകാൻ സാധിച്ചില്ലെന്ന് എം.ആർ ശശീന്ദ്രനാഥ് പറഞ്ഞു.
സിദ്ധാർത്ഥിന്റെ മരണത്തിന്റെ ധാർമിക ഉത്തരവാദിത്തത്തിൽ നിന്നും തനിക്ക് ഒഴിഞ്ഞ് മാറാനാവില്ല. വാർഡനായ ഡീനും അസിസ്റ്റൻ്റ് വാർഡനും ഹോസ്റ്റൽ സന്ദർശിക്കേണ്ടതായിരുന്നു. കോളജ് ഹോസ്റ്റലുകളിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഡീൻ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. ഒരു കാരണവശാലും സംഭവിക്കാൻ പാടില്ലാത്തതാണ് കോളജിൽ നടന്നത്. തന്റെ ടേം അവസാനിക്കാൻ അഞ്ചുമാസം കൂടിയാണ് ഉള്ളത്. സസ്പെൻഷനെതിരെ നിയമനടപടിക്ക് പോകേണ്ട എന്നതാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ഗവർണറുടേത് പ്രതികാര നടപടിയായി കാണുന്നില്ല. ഗവർണറുമായി നല്ല ബന്ധമാണുള്ളത്. എങ്കിലും വിശദീകരണം തേടിയശേഷം നടപടിയെടുക്കുന്നതായിരുന്നു മര്യാദ. പ്രശ്നങ്ങൾക്ക് കാരണം വിദ്യാർത്ഥി സംഘടനകളുടെ ധാർഷ്ട്യമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: