കൊല്‍ക്കത്ത: ഷാജഹാന് ഷെയ്ഖിന്റെ അറസ്റ്റില്‍ കാര്യങ്ങള്‍ തീരുന്നില്ല. പ്രക്ഷോഭം അവസാനിപ്പിക്കാതെ സ്ത്രീകള്‍. മമതയുടെ പോലീസില്‍ വിശ്വാസമല്ലെന്നും സന്ദേശ്ഖാലി സിബിഐ അന്വേഷിക്കണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു.
ക്രിമിനലുകള്‍ വീണ്ടും സംഘടിച്ചെത്തി അക്രമം നടത്താതിരിക്കാന്‍ ജാഗ്രത പുലര്‍ത്തും. ചാനലുകളില്‍ കണ്ടതല്ലേ എങ്ങനെയാണ് അയാളെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നതെന്ന്. പോലീസിനെ ഒരിക്കലും വിശ്വസിക്കില്ല. നീണ്ട പോരാട്ടത്തിനായി തയാറെടുക്കുകയാണ്. ഒപ്പം നിയമയുദ്ധവും തുടരും. അന്വേഷണം സിബിഐ ഏറ്റെടുക്കണം, സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ പറയുന്നു.
വര്‍ഷങ്ങളായി മേഖലയിലെ ഭൂമി തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്കിയ ഷാജഹാന് ഷെയ്ഖിന്റെ സഹോദരന് സിറാജുദ്ദീനെ അറസ്റ്റ് ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
മുഖ്യ പ്രതിപക്ഷമായ ബിജെപി വിഷയം കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. ‘പിക്ചര്‍ അഭി ബാക്കി ഹേ,’ എന്നാണ് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞത്. ഇതൊരു അറസ്റ്റല്ലെന്നും അഡ്ജസ്റ്റ്മെന്റാണെന്നും അദ്ദേഹം തുറന്നടിച്ചു. ജനുവരി 15 മുതല്‍ ഒളിവിലായിരുന്ന ഷാജഹാനെ കൊല്‍ക്കത്ത ഹൈക്കോടതി കേന്ദ്ര ഏജന്‍സികള്‍ക്കും അറസ്റ്റ് ചെയ്യാമെന്ന് വിധിച്ചതിന് തൊട്ടുപിന്നാലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഷാജഹാന് കോടതിയില്‍ പോകുന്നതിന് പോലീസ് അകമ്പടി സേവിക്കുകമാത്രമാണ് ചെയ്യുന്നത്. കേസുകളെല്ലാം സിബിഐ അന്വേഷിക്കണം. ഷെയ്ഖും അനുയായികളും കൂടി ആയിരക്കണക്കിന് കോടി രൂപയാണ് തട്ടിയെടുത്തിരിക്കുന്നത്. ഷാജഹാന് ഷെയ്ഖിനെ സിബിഐ കസ്റ്റഡിയില്‍ വിടണമെന്നും സുവേന്ദു അധികാരി ആവശ്യപ്പെട്ടു.
ഒരു ഷാജഹാനെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ. ഇനിയും നിരവധി ഷാജഹാന്മാര് സംസ്ഥാനത്തുടനീളം വ്യാപിച്ചു കിടക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സുകാന്ത മജുംദാര്‍ പറഞ്ഞു. സന്ദേശ്ഖാലിയിലെ അതിക്രമങ്ങള്‍ നാല് വര്‍ഷം മുമ്പ് സംസ്ഥാന പോലീസിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അയാളെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി ഇടപ്പെട്ടതിനു ശേഷമാണ്. ഇത് ഏറെ ആശ്ചര്യപ്പെടുത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ ബംഗാളിലെ സന്ദേശ്ഖാലിയില്‍ സ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കിയ കൊടും ക്രിമിനലും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ഷാജഹാന് ഷെയ്ഖിനെ അറസ്റ്റ് ചെയ്തതോടെ ഗ്രാമീണര്‍ ആഘോഷത്തില്‍. സന്തോഷം പ്രകടിപ്പിച്ച് സ്ത്രികള്‍ മധുരപലഹാരം വിതരണം ചെയ്തും വര്‍ണം വാരിവിതറിയും ഹോളി ആഘോഷിച്ചു.
ഷാജഹാന് ഷെയ്ഖിന്റെ ഗ്രാമമായ സര്ബീരീയ അഗര്‍ഹത്തി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള അക്കുഞ്ഞിപ്പാറ വസതിയിലുള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ 49 ഗ്രാമങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ വരെയാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: