മുംബൈ: കഴിഞ്ഞ ഏതാനും ദിവസത്തെ മാന്ദ്യവും തിരുത്തലുകളും മറികടന്ന് വെള്ളിയാഴ്ച ഇന്ത്യന്‍ ഓഹരി വിപണി മുകളിലേക്ക് കുതിച്ചു. ഈ കുതിപ്പിന് പ്രധാനകാരണമായത് ഇന്ത്യയുടെ മൂന്നാം സാമ്പത്തിക പാദത്തിലെ കണക്ക് പ്രകാരം ജിഡിപി വളര്‍ച്ച 8.4 ശതമാനം രേഖപ്പെടുത്തി എന്ന കണക്ക് പുറത്തുവന്നതാണ്. ഇതോടെ ഓഹരി നിക്ഷേപകര്‍ ഇന്ത്യയിലെ കമ്പനികളില്‍ കൂടുതല്‍ വിശ്വാസം അര്‍പ്പിക്കുകയായിരുന്നു.
വാഹനവില്പനയിലെ കുതിപ്പും യുഎസിലെ നാണ്യപ്പെരുപ്പം പ്രതീക്ഷിച്ച തോതില്‍ നില്ക്കുന്നതും ഇന്ത്യയിലെ ഓഹരിവിപണികള്‍ക്ക് പ്രതീക്ഷയേകി. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എന്‍എസ്ഇ) സൂചികയായ നിഫ്റ്റി 356 പോയിന്റ് കുതിച്ച് 22338ലും ബോംബെ സ്റ്റോക്ക് എക്സ് ചേഞ്ച് (ബിഎസ് ഇ) സൂചികയായ സെന്‍സെക്സ് 1245 പോയിന്റ് കുതിച്ച് 73745 ലും എത്തി. ബാങ്ക് നിഫ്റ്റിയാകട്ടെ 1166 പോയിന്റ് കുതിച്ച് 47,286ല്‍ എത്തി.
വെള്ളിയാഴ്ച മാത്രം ഏകദേശം 200ഓളം ഓഹരികള്‍ ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നില രേഖപ്പെടുത്തി. ടാറ്റാ മോട്ടോഴ്സ്, ടിവിഎസ് മോട്ടോഴ്സ്, ടോറന്റ് ഫാര്‍മ, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ജിന്‍ഡാന്‍ സ്റ്റീല്‍, കല്യാണി സ്റ്റീല്‍, റികോ ഓട്ടോ എന്നീ ഓഹരികള്‍ ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. ബാങ്കിംഗ് ഓഹരികള്‍ വരും ദിവസങ്ങളില്‍ പുതിയ ഉയരങ്ങളില്‍ എത്തുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
റിലയന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക്, സെയില്‍, ടാറ്റാ സ്റ്റീല്‍, എല്‍ ആന്റ് ടി, ജെഎസ് ഡബ്ല്യു സ്റ്റീല്‍, ടൈറ്റന് കമ്പനി, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നീ ഓഹരികള്‍ നേട്ടങ്ങളുണ്ടാക്കിയപ്പോള്‍ ഡോ. റെഡ്ഡീസ്, സണ്‍ ഫാര്‍മ, എച്ച് സിഎല്‍ ടെക്നോളജീസ്, ഇന്‍ഫോസിസ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് എന്നിവ നഷ്ടമുണ്ടാക്കി.
ലോഹങ്ങളുടെ സൂചികയിലാണ് 4 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തിയത്. ഇതില്‍പ്പെട്ട ഓഹരികളായ ടാറ്റാ സ്റ്റീല്‍, ജെഎസ് ഡബ്ല്യു സ്റ്റീല്‍, സെയില്‍ എന്നീ ഓഹരികള്‍ കുതിച്ചു. ഓട്ടോ, ബാങ്ക്, കാപിറ്റര്‍ ഗുഡ്സ്, ഓയില്‍ ആന്റ് ഗ്യാസ് എന്നീ മേഖലയിലെ ഓഹരികള്‍ക്ക് രണ്ട് ശതമാനം വരെ ഉയര്‍ച്ചയുണ്ടായി. അതേ സമയം ആരോഗ്യമേഖലയിലെ ഓഹരികളും ഐടി മേഖലയിലെ ഓഹരികളും യഥാക്രമം ഒരു ശതമാനവും അരശതമാനവും താഴ്ന്നു.
മോദിയുടെ തുടര്‍ഭരണത്തില്‍ വാനോളം പ്രതീക്ഷ
മോദി മൂന്നാമതും ഭരണത്തില്‍ വരുമെന്ന പ്രതീക്ഷയാണ് ഓഹരിവിപണിയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. മാര്‍ച്ച് മാസത്തിലെ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കല്‍ വിപണിയെ കൂടുതല്‍ സ്വാധീനിക്കും. തെരഞ്ഞെടുപ്പ് കാലത്തെ വാദഗതികളും ജയപരാജയ സാധ്യതകളും ഫലപ്രവചനങ്ങളും ഭാവിയില്‍ പല ചാഞ്ചാട്ടങ്ങളും ഉണ്ടാക്കിയേക്കാം. പക്ഷെ ഇവ ധാരാളം അവസരങ്ങളും തുറന്നുതരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഭരണത്തുടര്‍ച്ചയെന്ന് തുരുപ്പുചീട്ടിലാണ് ഓഹരി വിപണി മുന്നേറ്റം തുടരുന്നത്. ഓരോ തവണ ഓഹരിവിപണി വീണാലും കൂടുതല്‍ ഓഹരികള്‍ വാങ്ങിക്കൂട്ടണമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: