അബുദാബി ഹിന്ദു മന്ദിര്‍ ഇന്ന് മുതല്‍ പൊതുജനങ്ങള്‍ക്കായി തുറക്കും. രാവിലെ ഒമ്പത് മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് പ്രവേശന സമയം. കഴിഞ്ഞമാസം 14നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബാപ്സ് ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
സന്ദര്‍ശിക്കാനായി ആഗ്രഹിക്കുന്നവര്‍ വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്ത ശേഷം എത്തണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. തിങ്കളാഴ്ച ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ സന്ദര്‍ശകരെ അനുവദിക്കില്ല എന്നും ക്ഷേത്രം അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
യുഎഇയില്‍ 3.5 ദശലക്ഷം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട്. യുഎഇ ഗവണ്മെന്റാണ് ക്ഷേത്രത്തിനുള്ള സ്ഥലം സംഭാവന ചെയ്തത്. യുഎഇയിലെ എമിറേറ്റുകളെ പ്രതിനീധികരിക്കുന്ന ഒട്ടകങ്ങള്‍, ദേശീയ പക്ഷിയായ ഫാല്‍ക്കണ്‍ തുടങ്ങിയവയെല്ലാം ക്ഷേത്രത്തിലെ കൊത്തുപണികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആതിഥേയ രാജ്യത്തിന് തുല്യമായ പ്രാതിനിധ്യം നല്‍കുന്നതാണ് ശിലാക്ഷേത്രത്തിലെ ഈ കൊത്തുപണികള്‍.
ഇതിന് പുറമെ ശ്രീരാമന്, ജഗന്നാഥന്, കൃഷ്ണന്, സ്വാമിനാരായണന് (കൃഷ്ണന്റെ പുനര്ജന്മം), തിരുപ്പതി ബാലാജി, അയ്യപ്പന് തുടങ്ങിയവരുടെ പ്രതിമകളും ക്ഷേത്രത്തിലുണ്ട്. ഇന്ത്യന്‍ പുരാണങ്ങളിലെ പ്രധാന സ്ഥാനം വഹിക്കുന്ന ആന, ഒട്ടകം, മയില്‍, സിംഹം എന്നിവയും ക്ഷേത്രത്തിന്റെ ചുവരുകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. രാമായാണത്തിനും മഹാഭാരതത്തിനും പുറമെ മായന്‍, ആസ്ടെക്, ഈജിപ്ഷ്യന്‍, അറബിക്, യൂറോപ്യന്‍, ചൈനീസ്, ആഫ്രിക്കന്‍ പുരാണ കഥകളെയും അടിസ്ഥാനമാക്കിയുള്ള രൂപങ്ങള്‍ ക്ഷേത്ര ചുവരില്‍ കൊത്തിയിട്ടുണ്ട്.
ക്ഷേത്രത്തിന്റെ അകത്തളങ്ങളില്‍ വെളുത്ത ഇറ്റാലിയന്‍ മാര്‍ബിളുകളാണുള്ളത്. അകത്തളങ്ങളെ കൊത്തുപണികളെല്ലാം അതിമനോഹരമാണ്. ക്ഷേത്രത്തിന് അകത്ത് താഴികക്കുടങ്ങള്‍ക്ക് സാമാനമായ ഘടനകളും കൊത്തിവച്ചിട്ടുണ്ട്. 402 തൂണുകളാണ് ക്ഷേത്രത്തിലുള്ളത്.
ക്ഷേത്രത്തിന്റെ ഇരുവശത്തും ഇന്ത്യയില്‍ നിന്നെത്തിച്ച ഗംഗ, യമുന നദികളിലെ വെള്ളവും സജ്ജമാക്കിയിട്ടുണ്ട്. രാജസ്ഥാന്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള കരകൗശല വിദഗ്ധരാണ് ക്ഷേത്രത്തിലെ കൊത്തുപണികള്‍ പൂര്‍ത്തിയാക്കിയത്. ക്ഷേത്ര നിര്‍മാണത്തിനായി രാജസ്ഥാനില്‍ നിന്നും പിങ്ക് കളര്‍ മണല്‍ക്കല്ലുകളും എത്തിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ മുന്‍വശത്ത് അതിമനോഹരമായ മാര്‍ബിള്‍ കൊത്തുപണികളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: