കൊച്ചി: ഓണ്‍ലൈന്‍ വായ്പാ, ചൂതാട്ട ആപ്പുകള്‍ വഴി 123 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ കൊച്ചി ഉള്‍പ്പെടെ 10 സ്ഥലങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. നിരവധി ഡിജിറ്റല്‍ ഉപകരണങ്ങളും വ്യാജരേഖകളും ബാങ്ക് ഇടപാട് വിവരങ്ങളും പിടിച്ചെടുത്തു.
കൊച്ചിയില്‍ റാഫേല്‍ ജയിംസ് റൊസാരിയോയുടെ വീട്, ഓഫീസ്, മുംബൈയിലെ എന്‍ഐയുഎം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസ്, കമ്പനി ഡയറക്ടര്‍മാരുടെ വീടുകള്‍, ചെന്നൈയിലെ സോഡക്സ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, വിക്ര ട്രേഡിങ് എന്റര്‍പ്രൈസസ്, ടൈറാനസ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ്, ഫ്യൂച്ചര്‍ വിഷന്‍ മീഡിയ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ആപ്രികിവി സൊലൂഷന് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ഓഫീസുകള്‍ എന്നിവിടങ്ങളിലാണ് രണ്ടു ദിവസം നീണ്ട റെയ്ഡ് നടത്തിയത്. കേരളത്തിലെ നിരവധി ബാങ്കുകളിലെ വ്യാജ അക്കൗണ്ടുകള്‍ വഴിയാണ് തട്ടിപ്പുകള്‍ നടത്തിയതെന്ന് റെയ്ഡില്‍ സ്ഥിരീകരിച്ചു.
തട്ടിപ്പിലൂടെ ശേഖരിച്ച കോടികള്‍ ചെന്നൈ, മുംബൈ, ദല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളിലെ കടലാസ് കമ്പനികളുടെ മറവില്‍ വിദേശത്തേക്കും കടത്തി. സിംഗപ്പൂരില്‍നിന്ന് സോഫ്റ്റ്വെയറുകള് ഇറക്കുമതി നടത്തിയെന്ന് വ്യാജരേഖകള്‍ ചമച്ചും വിദേശ കറന്‍സി വാങ്ങിയും ക്രിപ്റ്റോ കറന്‍സി വഴിയുമാണ് തട്ടിപ്പുതുക വിദേശത്തേക്ക് കടത്തിയതെന്ന് ഇ ഡി അധികൃതര്‍ പറഞ്ഞു.
വന്‍സംഘമാണ് തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഭാരതത്തിലും സിംഗപ്പൂരിലും കടലാസ് കമ്പനികള്‍ രൂപീകരിച്ചാണ് പണം കടത്തിയിരുന്നത്. ഭാരതത്തിലും കമ്പനികള്‍ക്ക് സോഫ്റ്റ്വെറുകളും മറ്റു സേവനങ്ങളും നല്‍കിയതായി വ്യാജരേഖകള്‍ സിംഗപ്പൂര്‍ തട്ടിപ്പു കമ്പനികള്‍ തയാറാക്കും. എന്‍ഐയുഎം സിംഗപ്പൂര്‍ എന്ന വിദേശനാണയ വിനിമയ കമ്പനി വ്യാജരേഖകള്‍ ഇവരുടെ ഇന്ത്യന്‍ കമ്പനിയായ എന്‍ഐയുഎം ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന് കൈമാറും.
ഓണ്‍ലൈന്‍ വായ്പകളുടെയും ചൂതാട്ടത്തിന്റെയും മറവില്‍ തട്ടിയെടുക്കുന്ന തുക വ്യാജരേഖകള്‍ ഉപയോഗിച്ച് സേവനമാണെന്ന് കാണിച്ചാണ് സിംഗപ്പൂര്‍ ഉള്‍പ്പെടെ വിദേശത്തേക്ക് കടത്തിയിരുന്നത്. ഇതു സംബന്ധിച്ച രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. കേരള, ഹരിയാന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് കള്ളപ്പണ വിനിയോഗം തടയുന്ന നിയമം പ്രകാരം ഇ ഡി അന്വേഷണം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: