കൊല്‍ക്കത്ത: സന്ദേശ്ഖാലിയില്‍ സ്ത്രീകളെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയും ജനങ്ങളില്‍ നിന്നും ഭൂമി തട്ടിയെടുത്തെന്ന കേസിലെ മുഖ്യപ്രതി ഷാജഹാന് ഷെയിഖ് അറസ്റ്റിലായത് നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയില്‍ നിന്ന്. സുന്ദര്‍ബന്‍സിന്റെ പ്രാന്തപ്രദേശത്തുള്ള സന്ദേശ്ഖാലി ദ്വീപില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള മിനാഖാനിലെ ഒരു വീട്ടില്‍ നിന്നാണ് ഷെയ്ഖിനെ അറസ്റ്റ് ചെയ്തത്, അവിടെ അയാള്‍ ഏതാനും കൂട്ടാളികളോടൊപ്പം ഒളിച്ചിരിക്കവേയാണ് ഇയാള്‍ പിടിയിലായത്.
ബംഗാള്‍ പോലീസിന്റെ പ്രത്യേക സംഘം ഗവര്‍ണറുടെ അന്ത്യശാസനത്തിന് പിന്നാലെ രക്ഷയില്ലാതായതോടെയാണ് പോലീസിന്റെ ഈ അറസ്റ്റ്. സര്‍ക്കാരും തൃണമൂല്‍ കോണ്‍ഗ്രസും ഷാജഹാന് ഷെയ്ഖിനേയും അനുയായികളേയും സംരക്ഷിക്കുകയാണെന്നത് ഒന്നുകൂടി ശരിവെക്കുന്നതാണ് 55 ദിവസങ്ങള്‍ക്ക് ശേഷം പുറത്തു നിന്ന് ആരേയും കടത്തി വിടാതെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പര്‍ഗനാസില്‍ നിന്ന് ഹാജഹാനെ പിടികൂടി എന്നത്. അറസ്റ്റിന് പിന്നാലെ സന്ദേശ്ഖാലിയില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ജനുവരി ആദ്യം ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും ഷാജഹാന് പ്രതിയാണ്. റേഷന്‍ അഴിമതിക്കേസില്‍ ഇ ഡി ഷാജഹാന് ഷെയ്ഖിന്റെ വീട്ടില്‍ തെരച്ചില്‍ നടത്തുകയും അറസ്റ്റ് ചെയ്യുമെന്നായതോടെയാണ് ഇയാള്‍ ഒളിവില്‍ പോകുന്നത്. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് ഷാജഹാനെ ബംഗാള്‍ പോലീസ് പിടികൂടുന്നത്. വ്യാഴാഴ്ച ബസിര്‍ഹട് കോടതിയില്‍ ഹാജരാക്കിയ ഇയാളെ പത്ത് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ഇയാളുടെ അറസ്റ്റ് ആവശ്യപ്പെട്ട് മാസങ്ങളായി സന്ദേശ്ഖാലിയില്‍ പ്രതിഷേധം അരങ്ങേറുകയാണ്. എന്നിട്ടും ഇയാള്‍ ഒളിവിലാണ് തെരച്ചില്‍ നടത്തി വരികയാണെന്ന മറുപടിയാണ് പോലീസ് ഇതുവരെ നല്‍കിയത്. കൂടാതെ നോര്‍ത്ത് 24 പര്‍ഗനാസില്‍ 144 ഏര്‍പ്പെടുത്തുകയും ബിജെപി നേതാക്കള്‍ക്ക് ഉള്‍പ്പടെ ഇങ്ങോട്ടേയ്ക്ക് സന്ദര്‍ശനം വിലക്കി, ഇന്റര്‍നെറ്റ് സേവനവും റദ്ദാക്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാറും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഹൈക്കോടതി അനുമതിയിലാണ് സ്ത്രീകളേയും പ്രദേശവാസികളേയും കണ്ടത്. ബിജെപി അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ഇ ഡിയെ പഴി ചാരിയുമാണ് മമത സര്‍ക്കാരും ടിഎംസിയും ഇതുവരെ വിഷയത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയത്.
ജനങ്ങള്‍ പ്രതിഷേധം കടുപ്പിക്കുകയും കോടതി വിഷയത്തില്‍ ഇടപെടുകയും സിബിഐക്കോ, ഇ ഡി പോലുള്ള കേന്ദ്ര ഏജന്‍സിക്ക് ഷാജഹാന് ഷെയ്ഖിനെ അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സന്ദേശ്ഖാലിയില്‍ നേരിട്ടെത്തി ജനങ്ങളുടെ പ്രശ്നങ്ങള്‍ കേട്ട ഗവര്‍ണര്‍ ആനന്ദബോസ് ഇയാളെ 72 മണിക്കൂറിനുള്ളില്‍ പിടികൂടണമെന്ന് അന്ത്യശാസനവും നല്‍കിയിരുന്നു. ഇയാള്‍ക്ക് പിന്നാലെ അടുത്ത സഹായി ആമിര്‍ അലി ഗാസിയും പിടിയിലായിട്ടുണ്ട്. ഇയാളെ ഝാര്‍ഖണ്ഡില്‍ നിന്നാണ് പോലിസ് പിടികൂടിയത്.
എന്നാല്‍ ഷാജഹാനെ അറസ്റ്റ് ചെയ്യുന്നതിന് നിയമ പരമായ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടായിരുന്നു. അനുമതി ലഭിച്ചതിന് ശേഷം മാത്രമേ അറസ്റ്റിലേക്ക് കടക്കാന്‍ സാധിക്കുവായിരുന്നെന്ന് പോലീസ് അറിയിച്ചു. രാജധര്‍മ്മമാണ് മമത സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് ടിഎംസി നേതാവും പാര്‍ട്ടി എംപിയുമായ ശാന്തനുസെന് സര്‍ക്കാരിനെ അനുകൂലിച്ച് പ്രതികരിച്ചു. സന്ദേശ്ഖാലി വിഷയത്തില്‍ ആരോപണ വിധേയരായ പാര്‍ത്ഥ ചാറ്റര്‍ജി, ജ്യോതിപ്രിയ മാലിക്, ഷിബു ഹസ്ര, ഉത്തം സര്‍ദാര്‍ എന്നിവര്‍ക്കെതിരെ നേരത്തെ തന്നെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഷാജഹാനെയും അറസ്റ്റ് ചെയ്തെന്നും ടിഎംസി നേതാവ് കൂട്ടിച്ചേര്‍ത്തു.
അതേസമയം സന്ദേശ്ഖാലി അന്വേഷണം സിബിഐക്കോ പ്രത്യേക സംഘത്തിനോ കൈമാറണമെന്ന ഹര്‍ജിയില്‍ കല്‍ക്കട്ട ഹൈക്കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും. ഷാജഹാന് ഷെയ്ഖ് സഹതാപം അര്‍ഹിക്കുന്ന വ്യക്തിത്വം അല്ലെന്നും കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: