കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിനെ 55 ദിവസത്തെ ഒളിവിൽ കഴിഞ്ഞ ശേഷം വ്യാഴാഴ്ച രാവിലെ അറസ്റ്റ് ചെയ്തതിനെ നിശിതമായി വിമർശിച്ച് ബിജെപി. തൃണമൂൽ കോൺഗ്രസും സംസ്ഥാന പോലീസുമാണ് കുറ്റവാളിയെ സംരക്ഷിക്കുന്നത്. നന്നായി തിരക്കഥയെഴുതിയ കഥയുടെ ഭാഗമായാണ് ഇയാളെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി.
തങ്ങളുടെ നേതൃത്വത്തിൽ നടന്ന തുടർച്ചയായ പ്രക്ഷോഭം കാരണം സംസ്ഥാന ഭരണകൂടം അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ നിർബന്ധിതരായിയെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് സുകാന്ത മജുമാദാർ പറഞ്ഞു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ സുന്ദർബൻസിന്റെ പ്രാന്തപ്രദേശത്തുള്ള സന്ദേശ്ഖാലി ദ്വീപിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള മിനാഖാനിലെ ഒരു വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ഏതാനും കൂട്ടാളികളോടൊപ്പം ഷെയ്ഖ് വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു.അറസ്റ്റിന് ശേഷം ഇയാളെ ബസിർഹത്ത് കോടതിയിൽ ഹാജരാക്കിയതായി പോലീസ് അറിയിച്ചു. അദ്ദേഹം ഇപ്പോൾ കോടതി ലോക്കപ്പിലാണെന്ന് പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഇയാളെ പിന്നീട് ജഡ്ജിക്ക് മുന്നിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
സിബിഐയ്ക്കോ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനോ (ഇഡി) പശ്ചിമ ബംഗാൾ പോലീസിനോ ഷെയ്ഖിനെ അറസ്റ്റ് ചെയ്യാമെന്ന് കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ട് 24 മണിക്കൂറിനുള്ളിലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
തിങ്കളാഴ്ച രാത്രി ഷെയ്ഖിനെ അറസ്റ്റ് ചെയ്യാൻ ഗവർണർ സി.വി. ആനന്ദ ബോസ് സംസ്ഥാന സർക്കാരിന് 72 മണിക്കൂർ സമയം നൽകിയിരുന്നു. തുരങ്കത്തിന്റെ അറ്റത്ത് എല്ലായ്പ്പോഴും വെളിച്ചമുണ്ട്, ഞാൻ അതിനെ സ്വാഗതം ചെയ്യുന്നുവെന്നാണ് ഗവർണർ വ്യക്തമാക്കിയത്.
മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ ഉപയോഗിച്ചാണ് ഷെയ്ഖിനെ കണ്ടെത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ക്രമസമാധാന നില നിലനിർത്തുന്നതിനായി കൊൽക്കത്തയിൽ നിന്ന് 65 കിലോമീറ്റർ അകലെയുള്ള ബസിർഹട്ട് കോടതിയിൽ വൻ പോലീസ് വിന്യാസം ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിൽ ലൈംഗിക അതിക്രമങ്ങൾക്കും ഭൂമി കൈയേറ്റങ്ങളും നടത്തിയതിന്റെ പേരിലാണ് ഷെയ്ഖ് ഒളിവിലായിരുന്നത്. ഇയാൾക്കെതിരെ പ്രദേശത്തെ സ്ത്രീകളടകടക്കം നിരവധി പേരാണ് പ്രക്ഷോഭം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: