കൊല്‍ക്കത്ത: സന്ദേശ്ഖാലിയിലെ ക്രൂരതകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ എന്റെ ശരീരം വിറയ്ക്കുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. തൃണമൂല്‍ ഭരണത്തില്‍ അക്രമവും അശാന്തിയും സ്ത്രീകള്‍ക്കെതിരെയുള്ള മാനഭംഗവും ചൂഷണവും വാഴുകയാണ്. ഇതൊരിക്കലും അനുവദിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. കൊല്‍ക്കത്തയില്‍ ഖോല ഹവ സംഘടിപ്പിച്ച സാംസ്കാരിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നിര്‍മല.
ഷാജഹാന് ഷെയ്ഖ് എവിടെയാണെന്ന് സംസ്ഥാന സര്‍ക്കാരിനറിയാം. എന്നാല്‍ ഇയാളെ അറസ്റ്റ് ചെയ്യുവാന്‍ മമതാ സര്‍ക്കാര്‍ തയാറാവുന്നില്ല. ഒരാഴ്ചയ്ക്കുള്ളില്‍ അറസ്റ്റ് ചെയ്യുമെന്ന് തൃണമൂല്‍ നേതാവ് പറയുമ്പോള്‍ ഷാജഹാന് ഷെയ്ഖ് എവിടെയാണെന്ന് സര്‍ക്കാരിന് വ്യക്തമാണെന്നും നിര്‍മല പറഞ്ഞു. ടിഎംസി മന്ത്രിമാര്‍ സന്ദേശ്ഖാലി സന്ദര്‍ശിക്കുന്നു. എന്നാല്‍ മറ്റാരെയും സന്ദര്‍ശിക്കാന്‍ അനുവദിക്കുന്നില്ല.
മണിപ്പൂരിന്റെ പേരില്‍ പാര്‍ലമെന്റില്‍ ബഹളം കൂട്ടിയവര്‍ സന്ദേശ്ഖാലിയില്‍ സംഭവിക്കുന്നതു സംബന്ധിച്ച് മൗനം പാലിക്കുന്നു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ 24 ലക്ഷം വ്യാജ തൊഴില്‍ കാര്‍ഡുകളാണ് ബംഗാളില്‍ ഉള്ളത്. അതുകൊണ്ടാണ് എംഎന്‍ആര്‍ഇജിഎ ഫണ്ട് നല്‍കാതിരുന്നതെന്നും അവര്‍ പറഞ്ഞു. ആരോഗ്യരംഗത്ത് അഞ്ച് ലക്ഷം രൂപയുടെ സഹായം ലഭിക്കുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതി രാഷ്ട്രീയത്തിന്റെ പേരില്‍ തൃണമൂല്‍ സര്‍ക്കാര്‍ നടപ്പാക്കിയില്ല. ജനങ്ങളെ വഞ്ചിക്കുകയാണ് തൃണമൂല്‍ സര്‍ക്കാരെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: