ആലപ്പുഴ: രാജ്യം പദ്മശ്രീ നല്കി ആദരിച്ച അന്താരാഷ്ട്ര പ്രശസ്തനായ ഡോ. എന്‍. കൊച്ചുപിള്ള (84) ബെംഗളൂരുവില്‍ അന്തരിച്ചു. ആലപ്പുഴ സ്വദേശിയാണ്. ദല്‍ഹി എയിംസിലെ മെഡിസിന് ഡിപ്പാര്‍ട്ട്മെന്റ് പ്രൊഫസറും തലവനുമായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് ആലപ്പുഴയിലെ കുടുംബവീടായ സീവ്യൂവാര്ഡില് ഹോപ്പ് വില്ലയില്‍.
അന്താരാഷ്ട്ര തലത്തില്‍ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വൈദ്യശാസ്ത്രത്തില്‍ ഭാരതത്തില്‍ നല്കുന്ന അത്യുന്നത ബഹുമതിയായ ബസന്തിദേവി അമര്‍ചന്ദ് അവാര്‍ഡ് നേടുന്ന ആദ്യത്തെ മലയാളിയാണ്. 2002ല്‍ ഡോ. ബി.സി. റോയി അവാര്‍ഡ് ലഭിച്ചു. 2003ല്‍ രാജ്യം പദ്മശ്രീ നല്കി ആദരിച്ചു. റേഡിയോ ഇമ്മ്യൂണൈസോ വൈദ്യശാസ്ത്ര ശാഖയില്‍ ലോകത്തിലെ ഏറ്റവും പ്രമുഖമായ അമേരിക്കയിലെ സ്ഥാപനത്തില്‍ നൊബേല്‍ പുരസ്കാര ജേതാവ് റൊസാലിന്‍ എസ്. യാലോയ്ക്കൊപ്പം രണ്ടു വര്‍ഷം ഗവേഷണം നടത്തി. പ്രശസ്ത വൈദ്യശാസ്ത്ര പ്രസിദ്ധീകരണങ്ങളായ നേച്ചര്‍, ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് മെഡിസിന്, ലാന്‍സെറ്റ്, എന്‍ഡോക്രൈനോളജി തുടങ്ങിയവയില്‍ 140ലേറെ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ കീഴിലുള്ള എപ്പിഡെമോളജി അയഡിന്‍ ഡെഫിഷ്യന്‍സി ഡിസോര്‍ഡേഴ്സ് അഡൈ്വസറി ബോര്‍ഡംഗമായിരുന്നു. ഭാരതത്തിലെയും അമേരിക്കയിലേയും മറ്റു യുറോപ്യര്‍ രാജ്യങ്ങളിലേയും പ്രശസ്തങ്ങളായ 17 അവാര്‍ഡുകള്‍ കരസ്ഥമാക്കി. എന്‍ഡോക്രൈന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ മുന്‍ പ്രസിഡന്റും ബെംഗളൂരുവിലെ എം.എസ്. രാമയ്യ മെഡി. കോളജിലെ ഡയറക്ടറുമാണ്.
ആലപ്പുഴയിലെ പ്രശസ്തമായിരുന്ന പോപ്പുലര്‍ ബേക്കറി ഉടമ നാരായണപ്പണിക്കരുടെയും, പത്മാവതി പണിക്കരുടേയും മൂത്ത മകനാണ്. എയിംസിലെ തന്നെ കാന്‍സര്‍ വിഭാഗം മേധാവിയും അനേകം അന്താരാഷ്ട്ര പ്രശസ്തമായ അവാര്‍ഡുകളുടെ ഉടമയുമായ വിനോദ് കാന്ഡാളാണ് ഭാര്യ. മക്കള്‍: മാലിനി കൊച്ചുപിള്ള (ആര്‍ക്കിടെക്റ്റ്, ന്യൂദല്‍ഹി), മൃണാളിനി കൊച്ചുപിള്ള (നിയമവിദഗ്ധ, ജര്‍മനി).
പ്രതികരിക്കാൻ ഇവിടെ എഴുതുക: