റാഞ്ചി: ബാസ്ബോള്‍ ശൈലിയില്‍ ടെസ്റ്റ് കളിക്കുന്ന ഇംഗ്ലണ്ടിന് ആദ്യ പരമ്പരയാണ് ഭാരതത്തിനെതിരെ നഷ്ടമായത്. നാലാം ടെസ്റ്റില്‍ ജയിച്ച് 3-1നാണ് ഭാരതം പരമ്പര നേടിയത്. ബാസ്ബോള്‍ ശൈലി നടപ്പാക്കിയശേഷം ഇംഗ്ലണ്ടിനെതിരെ പരമ്പര സ്വന്തമാക്കുന്ന ആദ്യ നായകനെന്ന അപൂര്‍വ നേട്ടവും ഇതോടെ രോഹിത് ശര്‍മ സ്വന്തമാക്കി.
ബ്രണ്ടന്‍ മക്കല്ലം ഇംഗ്ലണ്ട് പരിശീലകനും ബെന്‍ സ്റ്റോക്സ് ക്യാപ്റ്റനുമായശേഷം ഇതുവരെ ഇംഗ്ലണ്ട് കളിച്ച 22 ടെസ്റ്റുകളില്‍ 14 എണ്ണം ജയിച്ചപ്പോള്‍ ഏഴെണ്ണം തോറ്റു. ഒരേയൊരു ടെസ്റ്റ് മാത്രമാണ് സമനിലയായത്. ബാസ്ബോള്‍ യുഗത്തില്‍ കളിച്ച എട്ട് ടെസ്റ്റ് പരമ്പരകളില്‍ അഞ്ചെണ്ണം നടന്നത് ഇംഗ്ലണ്ടിലായിരുന്നു. ഇതില്‍ മൂന്നെണ്ണം ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ രണ്ട് പരമ്പരകള്‍ സമനിലയായി.
വിദേശ പരമ്പരകളില്‍ 2022ല്‍ പാകിസ്ഥാനിലും ന്യൂസിലന്‍ഡിലും ടെസ്റ്റ് പരമ്പരകള്‍ 3-0ന് ഇംഗ്ലണ്ട് തൂത്തുവാരുകയും ചെയ്തു. 2023ലലെ ന്യൂസിലന്‍ഡ് പര്യടനത്തില്‍ രണ്ട് ടെസ്റ്റുകളുടെ പരമ്പര 1-1 ന് സമനിലയായി. നാട്ടില്‍ ഓസ്ട്രേലിയക്കെതിരെ നടന്ന ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ട് ഓസ്ട്രേലിയയെ 2-2 സമനിലയില്‍ പിടിച്ചെങ്കിലും നിലവിലെ ചാമ്പ്യന്മാരെന്ന നിലയില്‍ ഓസീസ് ആഷസ് നിലനിര്‍ത്തി.
ഭാരതത്തിനെതിരായ പരമ്പരയില്‍ ആദ്യ ടെസ്റ്റില്‍ ജയിച്ചു തുടങ്ങിയ ഇംഗ്ലണ്ട് 12 വര്‍ഷത്തെ ഇടവേളക്കുശേഷം വീണ്ടുമൊരു പരമ്പര നേട്ടം സ്വപ്നം കണ്ടെങ്കിലും യശസ്വി ജയ്സ്വാളിനെയും ശുഭ്മാന്‍ ഗില്ലിനെയും ധ്രുവ് ജുറെലിനെയും സര്‍ഫറാസ് ഖാനെയും പോലുള്ള യുവതാരങ്ങളുടെ മികവ് ഭാരതത്തെ പരമ്പര നേട്ടത്തിലേക്ക് നയിച്ചു. സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലിയും കെ.എല്‍. രാഹുലും അടക്കമുള്ളവര്‍ ഇല്ലാതെയാണ് ഭാരതത്തിന്റെ നേട്ടമെന്നത് രോഹിത്തിന്റെ തൊപ്പിയിലെ പൊന്‍തൂവലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: