ന്യൂദല്‍ഹി: എന്‍ഡിഎക്കെതിരെ ഇന്‍ഡി മുന്നണിയുമായിറങ്ങിയവര് തമ്മിലുള്ള തമ്മിലടിക്ക് അവസാനമില്ല. ഒടുവിലത്തെ ഉടക്ക് മാനിഫെസ്റ്റോ കമ്മിറ്റിയെച്ചൊല്ലി. തെരഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്ക് രൂപം നല്കാന് കോണ്‍ഗ്രസ് മാനിഫെസ്റ്റോ സമിതിയുടെ യോഗം മാര്‍ച്ച് നാലിന് വിളിച്ചുചേര്‍ത്തുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് മുന്നണിയെന്തിനെന്ന ചോദ്യം ഉയരുന്നത്.
ബംഗാളിലേക്ക് നോക്കരുതെന്ന് മമതാ ബാനര്‍ജിയും പഞ്ചാബില്‍ കണ്ണുവയ്ക്കണ്ട എന്ന അരവിന്ദ് കേജ്രിവാളും മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് പുതിയ കുരുക്ക് മുറുകുന്നത്.
കോണ്‍ഗ്രസ് ഒറ്റയ്ക്ക് പ്രകടനപത്രികാ സമിതി രൂപീകരിക്കുകയും ആദ്യയോഗം ജനുവരിയില്‍ ചേരുകയും ചെയ്തിരുന്നു. പി. ചിദംബരമാണ് കമ്മിറ്റിയുടെ അധ്യക്ഷന്‍. ഛത്തീസ്ഗഢ് മുന്‍ ഉപമുഖ്യമന്ത്രി ടി.എസ്. സിങ് ദിയോ ആണ് കണ്‍വീനര്‍. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ജയറാം രമേശ്, ശശി തരൂര്‍, പ്രിയങ്കവാദ്ര എന്നിവരാണ് മറ്റ് അംഗങ്ങള്‍. വിവാദം മുറുകുന്നതിനിടെ സഖ്യകക്ഷികളുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന വിശദീകരണവും കോണ്‍ഗ്രസ് നല്‍കുന്നുണ്ട്. ജനുവരി 5 ന്, പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുലും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ദല്‍ഹിയില്‍ മറ്റ് പാര്‍ട്ടികളിലുള്ളവരുമായി ആശയ വിനിമയം നടത്തിയിരുന്നു എന്നാണ് വിശദീകരണം.
ദല്‍ഹിയില്‍ ആപ്പുമായും ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയുമായും സീറ്റ് ധാരണ ഉണ്ടായതൊഴിച്ചാല്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇപ്പോഴും കോണ്‍ഗ്രസ് ഇരുട്ടില്‍ തപ്പുകയാണ്. മുസ്ലീം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം ഉയര്‍ത്തിയ ആശയക്കുഴപ്പം കേരളത്തിലെ കോണ്‍ഗ്രസ് മുന്നണിയില്‍ത്തന്നെ പ്രശ്നമാണ്. ഇന്‍ഡി മുന്നണി കേരളത്തില്‍ ഫലത്തിലില്ല. കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ്, ജമ്മു കശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) എന്നിവിടങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് ഇപ്പോഴും നേതാക്കളുടെ അവകാശവാദം. 28നകം എല്ലാ കാര്യത്തിലും പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് നേതാക്കള്‍ പറയുന്നു.
അതേസമയം കശ്മീരില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് മേധാവി ഫാറൂഖ് അബ്ദുള്ള ഈ മാസം ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: