മാലെ : ഇന്ത്യ വിരുദ്ധ സമീപനമുളള മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്സുവിനെതിരെ രാജ്യത്തെ മുന്‍ വിദേശകാര്യമന്ത്രി അബ്ദുല്ല ഷാഹിദ് . ഇന്ത്യന്‍ സൈനികരുടെ എണ്ണം സംബന്ധിച്ച് മുയ്സു പറഞ്ഞതു നുണയാണെന്നു അബ്ദുല്ല ഷാഹിദ് ചൂണ്ടിക്കാട്ടി. സായുധരായ വിദേശ സൈനികര്‍ മാലദ്വീപിലില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ആയിരക്കണക്കിന് ഇന്ത്യന്‍ സൈനികര്‍ മാലദ്വീപിലുണ്ടെന്ന പ്രസിഡന്റ് മുയ്സുവിന്റെ അവകാശവാദം നുണയാണ്. ഇപ്പോഴത്തെ ഭരണകൂടത്തിനു കൃത്യമായ അക്കങ്ങള്‍ പറഞ്ഞ് സംസാരിക്കാനാവില്ല. രാജ്യത്ത് സായുധരായ ഒറ്റ വിദേശ സൈനികന് പോലും ഇല്ലെന്നും അബ്ദുല്ല ഷാഹിദ് പറഞ്ഞു.
ഇന്ത്യന്‍ സൈനികരെ മാലദ്വീപില്‍നിന്ന് ഒഴിവാക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കിയാണ് മുഹമ്മദ് മുയ്സു അധികാരത്തിലേറിയത്. നിലവില്‍ ഏഴുപതോളം സൈനികര്‍, ഡോണിയര്‍ മാരിടൈം പട്രോള്‍ എയര്‍ക്രാഫ്റ്റ്, രണ്ട് ധ്രുവ് ഹെലികോപ്റ്റര്‍ എന്നിവയാണ് ഇന്ത്യയുടേതായി മാലദ്വീപിലുളളത്.
മാലദ്വീപിലെ ഇന്ത്യന്‍ സൈനികരെ പിന്‍വലിച്ചു പകരം സാങ്കേതിക വിദഗ്ധരെ നിയോഗിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അടുത്തിടെ അറിയിച്ചിരുന്നു. ഇന്ത്യന്‍ സൈനികരുടെ ആദ്യസംഘത്തെ മാര്‍ച്ച് 10ന് മുമ്പും അവശേഷിക്കുന്നവരെ മേയ് 10നു മുമ്പും മടക്കി അയയ്ക്കുമെന്നാണ് മുയ്സു പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: