തിരുവനന്തപുരം: കരിമണല്‍ ഖനനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സിഎംആർഎല്ലിന് അനുകൂലമായി ഇടപെട്ടുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്നാടന്. മൂന്ന് തവണ സിഎംആർഎല്ലിന് വേണ്ടി മുഖ്യമന്ത്രി വഴിവിട്ട് ഇടപെട്ടുവെന്നും വൻ ലാഭം ഉണ്ടാക്കാൻ കരിമണൽ നിസാര വിലയ്ക്ക് നൽകിയെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.
സിഎംആര്‍എല്ലിന് പൊതുമേഖല സ്ഥാപനങ്ങള്‍ വഴി കരിമണല്‍ എത്തിച്ചുവെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. കഴിഞ്ഞ ആയിരം ദിവസമായി തോട്ടപ്പള്ളിയിലെ ഖനനം സിഎംആര്‍എല്ലിന് അനുകൂലമായെന്ന് കുഴൽനാടൻ ചൂണ്ടിക്കാണിച്ചു. 40,000 കരിമണല്‍ ഇവിടെ ഖനനം ചെയ്തുവെന്നും ഇതുവഴി സംസ്ഥാനത്തിന് വൻ നഷ്ടമാണ് ഉണ്ടായതെന്നും മാത്യു കുഴല്നാടന് ആരോപിച്ചു.
ഭൂപരിധി നിയമം ലംഘിച്ചാണ് തോട്ടപ്പള്ളിയിൽ കെആര്‍ഇഎംഎല്‍ ഭൂമി വാങ്ങിയത്. റവന്യൂ വകുപ്പ് തീർപ്പാക്കിയ വിഷയത്തിൽ മുഖ്യമന്ത്രി വഴിവിട്ട് ഇടപെട്ടുവെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. ഭൂപരിഷ്കരണ നിയമത്തില്‍ ഇളവ് തേടി കെആര്‍ഇഎംഎല്‍ സര്‍ക്കാരിനെ സമീപിച്ചു. എന്നാല്‍ റവന്യൂ പ്രിന്‍സിപ്പിള്‍ സെക്രട്ടറി അനുമതി നിഷേധിച്ചു. പിന്നീട് കെആര്‍ഇഎംഎല്‍ പുന:പരിശോധയ്ക്ക് രണ്ട് തവണ അപേക്ഷ നല്കി. ഭൂനിമയമത്തില്‍ ഇളവ് നല്‍കേണ്ടത് റവന്യൂ വകുപ്പ് ആയിരിക്കെ മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടു. മുഖ്യമന്ത്രി പ്രത്യേക യോഗം വിളിച്ചു. ഭൂപരിഷ്കരണ നിയമത്തില്‍ ഇളവ് നല്‍കേണ്ട ജില്ലാ സമിതിക്ക് വീണ്ടും അനുമതി നല്കി. ഇളവ് അനുവദിക്കാൻ ലാൻ്റ് റവന്യു ബോർഡിന് ശുപാർശ ചെയ്തു.1000 പേർക്ക് തൊഴിൽ നൽകുമെന്നായിരുന്നു അപേക്ഷയിലെ വാഗ്ദാനം. ഇതിന്റെ അടിസ്ഥാനത്തില്‍ നല്കിയ പുതിയ അപേക്ഷയില്‍ ഇളവ് നല്കാന് ജില്ലാ കളക്ടര്‍ ചെയര്‍മാനായ സമിതി തീരുമാനം എടുത്തുവെന്നാണ് മാത്യു കുഴല്‍നാടന്റെ ആരോപണം.
യഥാർത്ഥത്തിൽ അഴിമതി നടത്തിയത് പിണറായി വിജയനാണെന്നും അഴിമതി പണം വാങ്ങിയത് മുഖ്യമന്ത്രിയാണെന്നും കുഴൽനാടൻ പറഞ്ഞു. സിഎംആർഎല്ലിൽ നിന്നും മുഖ്യമന്ത്രി 100 കോടി വാങ്ങിയെന്നും കുഴൽനാടൻ ആരോപിച്ചു. മുഖ്യമന്ത്രിക്ക് മകളോട് സ്നേഹം ഉണ്ടെങ്കിൽ ഉത്തരവാദിത്വം ഏറ്റെടുക്കണം. മകളെ ഇത്തരം വിഷയങ്ങളിൽ വലിച്ചിഴയ്ക്കാൻ അനുവദിക്കാതെ അഴിമതി നടത്തിയത് താനാണെന്ന് പറയാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കുഴൽനാടൻ ആവശ്യപ്പെട്ടു. ഈ വിഷയങ്ങളിൽ മന്ത്രിമാരായ പി രാജീവും എം ബി രാജേഷും തുറന്ന സംവാദത്തിന് തയ്യാറുണ്ടോയെന്നും മാത്യു കുഴൽനാടൻ വെല്ലുവിളിച്ചു.
ഇന്ററിം സെറ്റിൽമെന്റ് ബോർഡ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന 135 കോടിയുടെ സിംഹഭാഗവും നൽകിയത് പി.വി.ക്കാണെന്ന പരാമർശത്തിലെ പി.വി. പിണറായി വിജയനാണെന്നും കുഴൽനാടൻ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: