എന്താണ് സംസ്‌കാരം, എന്തിനാണ് സംസ്‌കാരം, എങ്ങനെയാണ് സംസ്‌കാരം, ആര്‍ക്കാണ് സംസ്‌കാരം വേണ്ടത് തുടങ്ങിയ പ്രശ്‌നങ്ങളാണ് വാസ്തവത്തില്‍ ആരുടെയും ജീവിതത്തിലെ ദൈനംദിന പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്. അത് ഏത് മേഖലയില്‍, രംഗത്ത് പ്രസക്തമാകുന്നു എന്നതിനെ ആശ്രയിച്ച് വ്യത്യസ്തമായിരിക്കുമെന്നുമാത്രം. രാഷ്‌ട്രീയ പ്രവര്‍ത്തനത്തില്‍ മുതല്‍ പെട്ടിക്കടയ്‌ക്കുമുന്നില്‍വരെ ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നു. അതിനെ സാംസ്‌കാരിക വിഷയമായിക്കണ്ട് വിശകലനം ചെയ്യാത്തതിനാലാണ് അങ്ങനെ തിരിച്ചറിയാത്തതെന്നുമാത്രം. ഈ പശ്ചാത്തലത്തില്‍ എഴുത്തുകാരന്‍ ജയമോഹന്റെയും ഗായിക ഗൗരിലക്ഷ്മിയുടെയും ഏറ്റവും പുതിയ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങളാണിവിടെ.
സംസ്‌കാരം ജീവിതരീതിയാണ്. അത് വ്യക്തികളില്‍ വിഭിന്നമായിരിക്കും. അതിനു കാരണം ഓരോരുത്തരുടെയും സ്വത്ത്വമാണ്. ജീവശാസ്ത്രം അതിനെ ഡിഎന്‍എ (ഡീഓക്‌സിറെയ്‌ബോ ന്യൂക്ലിക് ആസിഡ്) എന്നു വിളിക്കും. വ്യക്തിയുടെ ഡിഎന്‍എ യുടെ പ്രത്യേകതയില്‍ രൂപപ്പെടുന്ന പൊതുജീവിതരീതി ഒരു കുടുംബത്തിന്റേയും കൂട്ടത്തിന്റേയും സമൂഹത്തിന്റേയും അങ്ങനെ വിശാലമായി ഒരു രാജ്യത്തിന്റേയും പിന്നെയും വളര്‍ന്ന് ലോകത്തിന്റേതുമായി മാറുമ്പോഴാണ് സംസ്‌കാരത്തിന്റെ പൂര്‍ണതയും പരമ വൈഭവവുമുണ്ടാകുന്നത്. അതായത് അടിസ്ഥാനം വ്യക്തിയിലാണ്. വ്യക്തിസ്വത്ത്വത്തിലാണ് സംസ്‌കാരത്തിന്റെ ആധാരം, അഥവാ അടിവേര്.
പക്ഷേ, വ്യക്തിയുടെ സ്വത്ത്വം അയാളുടെ സ്വകാര്യതയ്‌ക്കപ്പുറത്ത് മറ്റൊരാളെ സ്വാധീനിക്കുകയോ ബാധിക്കുകയോ ചെയ്യുന്നെങ്കില്‍ അത് സംസ്‌കരിച്ചേ പങ്കുവെക്കാവൂ. അവിടെയാണ് സംസ്‌കാരം രൂപപ്പെടുന്നത്. എന്നാല്‍, അതിനൊന്നും ഞാന്‍ തയാറല്ല, എനിക്ക് ശരിയെന്ന് തോന്നുന്നത്, തോന്നിയതുപോലെ ചെയ്യും എന്നു പറയുന്നതും ഒരു സംസ്‌കാരമാണ്. ആ തോന്നിവാസത്തെ ഇക്കാലത്ത് ‘വോക്കിസം’ എന്നൊക്കെ ഓമനപ്പേരിട്ട് ലാളിക്കുന്നുവെന്നുമാത്രം. ഒറ്റയാന്മാരുടെ കൂട്ടംചേരലുകള്‍ പോലെയാണത്. ഒറ്റയ്‌ക്കൊറ്റയ്‌ക്ക് ഒന്നിച്ചു നില്‍ക്കല്‍! അപ്പോള്‍ സ്വത്ത്വത്തിന്റെ സാമൂഹ്യവല്‍ക്കരണത്തിലാണ് സംസ്‌കാര പ്രവര്‍ത്തനം നടക്കുന്നത്, അത് സാംസ്‌കാരിക സ്വത്ത്വമായി മാറുകയും ചെയ്യുന്നു.
നടപ്പില്‍, ഉടുപ്പില്‍, വേഷത്തില്‍, ഭാഷയില്‍, കഴിപ്പില്‍, കിടപ്പില്‍, തൊഴിലില്‍, കലയില്‍ എല്ലാം സംസ്‌കാരമുണ്ട്. എന്റെ സംസ്‌കാരം അത് നമ്മുടെ സംസ്‌കാരം, നാടിന്റെ സംസ്‌കാരം എന്നിങ്ങനെ തിരിച്ചറിയപ്പെടുന്നിടത്താണ് ഇതിന് ഏറെ പ്രാധാന്യം വരുന്നത്. ഒരാള്‍ സംസ്‌കാരമുള്ളയാളാണെന്ന് തിരിച്ചറിയേണ്ടുന്നതും അത് അംഗീകരിക്കുന്നതും മറ്റുള്ളവരാണ്. അങ്ങനെ പൊതു സംസ്‌കാരത്തില്‍നിന്ന് മാറിപ്പോകുമ്പോഴാണ് ‘അത് അയാളുടെ സംസ്‌കാരം’ എന്ന് പറയുന്നത്. അതില്‍ കുറവുണ്ടാകുന്നതുകൊണ്ടാണ് മറ്റുള്ളവര്‍ക്ക് സ്വീകാര്യമല്ലാതാകുന്നത്.
എന്തിനാണ് സംസ്‌കാരം? എന്ന ചോദ്യമുണ്ടാകാം. മനുഷ്യനാകാന്‍ എന്നാണ് മറുപടി; ‘നല്ല മനുഷ്യനാകാന്‍’ എന്ന് കൂടുതല്‍ കൃത്യമായി പറയാം. ‘നല്ല’ എന്ന വിശേഷണത്തിന് പൊതുസ്വീകാര്യതയാണ് മാനദണ്ഡം. അങ്ങനെ നല്ല മനുഷ്യനാകുകയും നല്ല മനുഷ്യര്‍ക്ക് മാതൃകയാകുകയും ചെയ്ത് രൂപപ്പെടുത്തിയെടുക്കുന്ന കൂട്ടം സമൂഹമാകുകയും സമൂഹങ്ങള്‍ ചേര്‍ന്ന് പ്രദേശവും രാജ്യവുമാകുകയും ചെയ്യുന്നതാണ് ഒരു രാജ്യത്തിന്റെ സംസ്‌കാരമാകുന്നത്. ഇതിന്റെ ഫലമായാണ് ഒരാള്‍ക്ക് രാജ്യത്തിന് പുറത്ത് ഒരു രാജ്യത്തിന്റെ മുദ്രയുണ്ടാകുന്നത്. അയാള്‍ ‘ഭാരതീയ’നാണ്, അയാള്‍ ‘ബംഗ്ലാദേശി’യാണ്, അയാള്‍ ‘ജര്‍മ്മനാ’ണ് എന്നാണ് ആഗോളതലത്തില്‍ തിരിച്ചറിയപ്പെടുന്നത്. ആ തിരിച്ചറിയല്‍ അടയാളം കിട്ടുന്നത് ഈ സംസ്‌കാര മുദ്രയിലൂടെയാണ്. അതുകൊണ്ട് ഒരു രാജ്യത്തിന്റെ അടയാളമാകാന്‍ വ്യക്തി പൊതു സംസ്‌കാരം ആര്‍ജിക്കേണ്ടതുണ്ട്. അത് അയാളുടെ ജീവിത രീതിയിലൂടെയാണ് സംഭവിക്കുന്നത്.
ഇതുതന്നെയാണ് രാജ്യത്തിനുള്ളിലുണ്ടാകുന്നത്. ഭാരതത്തിനുള്ളില്‍ ഒരാള്‍ മലയാളിയും ബംഗാളിയും തമിഴനും തെലുങ്കനും മറ്റുമായി തിരിച്ചറിയപ്പെടുന്നത്, കേരളത്തില്‍ വടക്കന്‍, തെക്കന്‍ എന്നൊക്കെ വിളിക്കപ്പെടുന്നത് വ്യക്തികളുടെ ജീവിതപെരുമാറ്റ ഭേദങ്ങളില്‍ പ്രകടമാകുന്ന സംസ്‌കാര രീതിയാലാണ്. അവര്‍ക്ക് ‘ഭാരതീയന്‍’ എന്ന അടയാളം കിട്ടുന്നത് ആ സംസ്‌കാരത്തിന്റെ ‘ദേശീയ’ രൂപത്താലാണ്. കാലക്രമത്തില്‍ ഈ കാഴ്ചപ്പാടില്‍ അതത് ഘട്ടങ്ങളില്‍ മാറ്റങ്ങളുണ്ടാക്കുന്ന ചര്‍ച്ചകളും അഭിപ്രായങ്ങളും ഉണ്ടാകും. അവയെ യുക്തിയും ബുദ്ധിയും ചിന്തയുംകൊണ്ട് വിശകലനം ചെയ്ത് സ്വീകരിക്കുകയും തള്ളുകയും ചെയ്യുക എന്നതും ഒരു സംസ്‌കാരമാണ്. അങ്ങനെയാണ് വേണ്ടതും.
കലയ്‌ക്ക് അങ്ങനെ പല പ്രദേശങ്ങളിലെ സാംസ്‌കാരിക പ്രത്യേകതകള്‍ ഒന്നിപ്പിച്ച് പൊതു സാംസ്‌കാരിക പ്രഭാവം ഉണ്ടാക്കാനുള്ള കഴിവുണ്ട്. കല ചെയ്യുന്നത് അത്തരത്തില്‍ അസംസ്‌കൃത മനസ്സുകളെ വികാരംകൊണ്ട് വിമലീകരിച്ച് സംസ്‌കരിക്കുകയാണ്. അതിനെയാണ്, ‘കഥാര്‍സിസ്’ എന്ന് അരിസ്‌റ്റോട്ടില്‍ എന്ന കലാസാഹിത്യ തത്വചിന്തകന്‍ ഗ്രീക്ക് കലാവിശ്ലേഷണത്തില്‍ വിശേഷിപ്പിച്ചത്. അതിനും കാലങ്ങള്‍ മുമ്പ് ‘ശിവേതര ക്ഷത’യെന്ന് ഭാരതീയ ശാസ്ത്രതത്ത്വ ചിന്ത വിശേഷിപ്പിച്ചത്. കലയിലൂടെ, സാഹിത്യാവിഷ്‌കാരത്തിലൂടെയുള്ള ഈ മനോവിമലീകരണം വഴിയാണ് ആവിഷ്‌കരിക്കപ്പെടുന്ന സംസ്‌കാരം പൊതുവായി സ്വീകരിക്കപ്പെടുന്നത്. ഇതിന് കാലങ്ങള്‍ മാറുന്നതനുസരിച്ച ഭേദം വരികതന്നെ ചെയ്യും. അത് ചിലപ്പോള്‍ പൊതു സമൂഹത്തിന് അനുഗുണമാകും. ചിലപ്പോള്‍ മറിച്ചും. ഇവയൊക്കെ സ്വീകരിക്കുന്നവരുള്ളതുപോലെ തിരസ്‌കരിക്കുന്നവരും ഉണ്ടാകുമെന്നത് സ്വാഭാവികമാണ്. ഇതില്‍ ഏതിന് പ്രഭാവവും മേല്‍ക്കോയ്മയും ഉണ്ടാകുന്നുവെന്നതിന് അനുസരിച്ചിരിക്കും സംസ്‌കാര ഭേദം.
കലയില്‍ ക്ലാസിക്, നിയോ ക്ലാസിക്, ആധുനികം, അത്യാധുനികം, അത്യന്താധുനികം തുടങ്ങിയ വിഭജനങ്ങള്‍ ഉണ്ടാക്കി അടുക്കിവെച്ചത് നമ്മുടെ സംസ്‌കാരികതയില്‍ പാശ്ചാത്യ സംസ്‌കാരികാധിപത്യം ഉണ്ടായപ്പോഴാണ്. അങ്ങനെയൊരു കാലമുണ്ടായിരുന്നു, അത് ഭാരതം മുഴുവന്‍ ഏറെക്കുറേ സ്വാധീനിച്ചു. കേരളംപോലെയുള്ള ഇടങ്ങളില്‍ വലുതായി ബാധിച്ചു. പക്ഷേ, കാലം മാറി വരുന്നത് കാണുന്നു. അതാണ് തുടക്കത്തില്‍ പറഞ്ഞ ഗൗരി ലക്ഷ്മിയുടെയും ജയമോഹന്റെയും മറ്റും കാര്യങ്ങള്‍.
കഥകളിയെ വരേണ്യആഢ്യവര്‍ഗ്ഗത്തിന്റെ കലയായി മുദ്രകുത്തി ആക്ഷേപിച്ച് മാറ്റിനിര്‍ത്തിയ ഒരു കാലമുണ്ടായിരുന്നു. കലയറിയാതെ (കഥയറിയാതെയും) ആട്ടം കണ്ടവരുടെ ‘കളി വിരുദ്ധ’ഭ്രാന്തായിരുന്നു അതെന്ന് ഇന്ന് തെളിയുന്നു. കര്‍ണാടക സംഗീതത്തിനെയും വരേണ്യവര്‍ഗ്ഗത്തിന്റെ വിനോദമാക്കി; സ്വാഭാവികമായും കഥകളി സംഗീതത്തേയും. വെണ്‍മണി സാഹിത്യം, മേലാളന്മാരുടെ ലൈംഗിക അരാജകത്വത്തിന്റെ സാക്ഷ്യപത്രമെന്ന് വിശേഷിപ്പിച്ചു. സംസ്‌കൃത ഭാഷയിലും സാഹിത്യത്തിലും ജാതിയും മതവും കയറ്റി വിഭ്രമിപ്പിച്ചു. അതങ്ങനെയൊരുകാലം.
ഇന്നിപ്പോള്‍ കഥകളി സംഗീതത്തിന് കൈയടിക്കുന്നു. ‘അജിതഹരേ കൃഷ്ണാ മാധവാ’ എന്ന് ‘കുചേലവൃത്തം’ പാടിയാടുമ്പോള്‍ വായ്‌പ്പാട്ടുകാരന്‍ അര്‍ദ്ധ നഗ്‌നനാണെന്ന് കഥകളിയെ പഴിച്ചകാലം വരെ ഉണ്ടായിരുന്നു. അവിടെനിന്ന് മലയാളി ഗായിക, ആലപ്പുഴയിലെ ചേര്‍ത്തലക്കാരി, ഗൗരീലക്ഷ്മി ആടിപ്പാടുമ്പോള്‍ അതിന്റെ ‘വൈബി’ല്‍ ആനന്ദിച്ചാറാടുന്നു. പാട്ടുകാരിയുടെ വസ്ത്രം വിഷയമാകുന്നുമില്ല. ടി.എം. കൃഷ്ണ കര്‍ണാടക സംഗീതം പാടുമ്പോള്‍ ചില കേള്‍വിക്കാര്‍ തലയാട്ടിരസിക്കുന്നത് കൃഷ്ണ അദ്ദേഹം പരസ്യമായി മോദി വിമര്‍ശന രാഷ്‌ട്രീയ പ്രസ്താവന നടത്തുന്നതുകൊണ്ടാണ് എങ്കില്‍ക്കൂടിയും നാടന്‍ പാട്ടിനെ മാത്രം സ്‌റ്റേജില്‍ കയറ്റുന്ന പ്രവണത മാറ്റി ശാസ്ത്രീയഗാനം രുചിക്കാന്‍ തയാറാകുന്നുവെന്നത് ശ്രദ്ധേയമാണ്. വാസ്തവത്തില്‍ പാട്ടുകാരന് സ്വയം ആവിഷ്‌കരിക്കാനും മറ്റുള്ളവരെ വിമര്‍ശിക്കാനും ഗോഷ്ഠിയും പ്രസംഗവും വേണ്ട. ”പാടാനറിയാം, പക്ഷേ അതിനൊപ്പം ആടിക്കളിക്കാന്‍ എനിക്കറിയില്ല, പറ്റില്ല, എന്നാല്‍ ഞാന്‍ അതിനെതിരല്ല,” എന്നമട്ടില്‍ പ്രസിദ്ധ ഗായിക കെ.എസ്. ചിത്ര ഒരിക്കല്‍ പറഞ്ഞുകേട്ടിട്ടുണ്ട്.
‘പട്ടാഭിഷേകം’ എന്ന വാക്ക് വ്യത്യസ്ത അര്‍ത്ഥം തോന്നേണ്ടതെന്ന് യുക്തമായ സ്ഥലത്ത് ‘പട്ട’എന്നും ‘അഭിഷേകം’ എന്നും വിഘടിപ്പിച്ച് വിമര്‍ശനമാക്കുന്നതിലാണല്ലോ കല. ചാക്യാരുടെ കൂത്തും പാഠകവിമര്‍ശനവുമൊക്കെ കലയിലൂടെയുള്ള ആ രാഷ്‌ട്രീയ വിമര്‍ശനമാണ് എന്നിടത്താണ് നമ്മുടെ സംസ്‌കാര മഹിമ. ബി. ജയമോഹന് ‘സംസ്‌കൃതഭാഷ അലര്‍ജിയാകുന്നത്’ സാംസ്‌കാരികമായ വിഷയമായിട്ടല്ല, അത് രാഷ്‌ട്രീയം പറയാന്‍ സാഹിത്യത്തെ, ഭാഷയെ വിനിയോഗിക്കാന്‍ അറിയാത്തതുകൊണ്ടുകൂടിയാണ്. ‘എല്ലാം പറയുന്നത് ഹാസ്യമല്ല’ എന്ന് കുട്ടിക്കൃഷ്ണമാരാര്‍ പറഞ്ഞതും വികെഎന്‍ പറയാതെ പറഞ്ഞ് പ്രയോഗിച്ചു ഫലിപ്പിച്ചതും അതിനും കാലങ്ങള്‍ മുമ്പ് കുഞ്ചന്‍ നമ്പ്യാരും തോല മഹാകവിയും നമ്മെ പഠിപ്പിച്ചതും അതായിരുന്നല്ലോ.
അത് കലയിലെ, ഭാഷയിലെ സംസ്‌കാരമാണ്. അത് സംസ്‌കൃത ഭാഷാ വിരോധം പ്രസംഗിച്ച് പ്രകടിപ്പിക്കേണ്ടതല്ല. തമിഴ്മലയാളം ഇംഗ്ലീഷ് എഴുത്തുകാരനായ ‘ബാഹുലേയന്‍ ജയമോഹന്’ ആ പേര് എങ്ങനെ ‘കരഗത’മായി എന്ന് ചിന്തിക്കുക എന്നതാണ് കൃത്യമായ മറുപടി. ഭാരതീയ സംസ്‌കാരത്തെക്കുറിച്ചുള്ള വിമര്‍ശനം നടത്തിയ സിപിഎം നേതാവ് സോമനാഥ ചാറ്റര്‍ജിക്ക് കാല്‍ നൂറ്റാണ്ടുമുമ്പ് ബിജെപി നേതാവ് സുഷമാ സ്വരാജ് കൊടുത്ത മറുപടി മികച്ച മാതൃകയാണ്; സുഷമ പറഞ്ഞു: അങ്ങേയ്‌ക്ക് സോമനാഥ് എന്ന് പേരിട്ടതെന്തുകൊണ്ടാണെന്ന് മാതാപിതാക്കളോട് ചോദിക്കുക എന്ന്.
സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ക്കും സാംസ്‌കാരിക പോഷണമെന്ന, അതുവഴി മാനുഷികതയുടെ പോഷണമെന്ന ഈ ദൗത്യമുണ്ട്. അതില്‍ കലാകാരന്, സാഹിത്യകാരന് കൂടുതല്‍ ഉത്തരവാദിത്വമുണ്ട്. കലയെ സാമൂഹ്യ സമരസതയ്‌ക്ക്, സാമൂഹ്യ ഉന്നമനത്തിന് വിനിയോഗിക്കുകതന്നെ വേണം. പല മേഖലകളില്‍ ഇക്കാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന സാംസ്‌കാരിക മാറ്റങ്ങള്‍ അതിന്റെ മുദ്രകളാണ്. ഗൗരീലക്ഷ്മിയുടെ സ്വീകരിക്കല്‍ നിലപാടും ജയമോഹന്റെ എതിര്‍ക്കല്‍ നിലപാടും ഉള്‍പ്പെടെയുള്ളവ വാസ്തവത്തില്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് വഴി തുറക്കുകയാണ് ചെയ്യുന്നത്.
പിന്‍കുറിപ്പ്:
അഖണ്ഡം, കാര്‍സേവ, പരിവാര്‍, ഹിന്ദുത്വ, യോഗാസനം, പ്രാണപ്രതിഷ്ഠ അങ്ങനെ എത്രയെത്ര പുതിയ വാക്കുകളാണ് കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ ലോകം പഠിച്ചത്; സംസ്‌കൃതമായിട്ടും. ഈ വര്‍ഷത്തെ ജി 20 പഠിപ്പിച്ച ”വസുധൈവ കുടുംബകം’, ‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’ എന്നീ വാക്യങ്ങള്‍ ലോകരാജ്യങ്ങള്‍ പഠിക്കുന്നു. സംസ്‌കാരം ലോകവ്യാപകമായി ഏക ഭാവം കൊള്ളുന്നതിന്റെ അടയാളങ്ങള്‍കൂടിയാണിവയെല്ലാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: