ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഭാരതത്തിന്റെ വിജയലക്ഷ്യം 192 റണ്‍സില്‍ ഒതുങ്ങിയതിനൊരു നിര്‍ണായക ഘടകമായത് ധ്രുവ് ജുറെല്‍ ആണ്. ആദ്യ ഇന്നിങ്സില്‍ പാടെ പതറിയെ ഭാരത നിരയില്‍ ടോപ് സ്കോര്‍ പ്രകടനവുമായി വാലറ്റക്കാരെയും കൂട്ടി നടത്തിയ ജുറെലിന്റെ ചെറുത്തു നില്‍പ്പ് തുണച്ചു.
ഇംഗ്ലണ്ടിന്റെ 353 റണ്‍സിനെതിരെ ഭാരത സ്കോര്‍ ഏഴിന് 177 എന്ന നിലയില്‍ പതറിയതാണ്. ശരാശരി ബാറ്റര്‍മാരുടെ മാത്രം ഗണത്തില്‍പ്പെടുത്താവുന്ന ആര്.അശിനാണ് ഏഴാമനായി പുറത്തായത്. ഭാരത സ്കോര്‍ 200 കടക്കുമോയെന്ന് ഭയന്നു. മറുവശത്ത് ധ്രുവ് ജുറെല്‍ നില്‍പ്പുണ്ട്. അംഗീകൃത ബാറ്ററായി കണക്കാക്കാമെങ്കിലും പ്രതിഭ തെളിയിച്ചിട്ടില്ലാത്തതിനാല്‍ ആരാധകര്‍ക്ക് അത്ര വിശ്വാസം പോരായിരുന്നു. അത് മാറ്റിയെടുക്കാന്‍ കൈവന്ന അവസരം ജുറെല്‍ ഭംഗിയായി വിനിയോഗിച്ചു.
ജുറെലിന്റെ ധീരോചിതമായ ഈ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് ലീഡ് 46 റണ്‍സായി ചുരുങ്ങി. അവര്‍ 100 റണ്‍സില്‍ കൂടുതല്‍ ലീഡ് ചെയ്തിരുന്നെങ്കില്‍ രണ്ടാം ഇന്നിങ്സ് ബാറ്റ് ചെയ്യാന്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിന്റെ മനോഭാവത്തില്‍ മാറ്റമുണ്ടായേനേ. അത് ഭാരത ബൗളര്‍മാര്‍ക്ക് മേല്‍ ആധിപത്യം പുലര്‍ത്തി കളിയുടെ ഗതി തന്നെ മാറുമായിരുന്നു.
ആദ്യ ഇന്നിങ്സില്‍ ഭാരതം 161 റണ്‍സില്‍ നില്‍ക്കെ അഞ്ചാം വിക്കറ്റ് വീണപ്പോഴാണ് ജുറെല്‍ ക്രീസിലെത്തിയത്. അശ്വിന് പുറത്തായ ശേഷം എട്ടാം വിക്കറ്റില്‍ കുല്‍ദീപ് യാദവിനെ കൂട്ടുപിടിച്ച് 76 റണ്‍സെടുത്തു. പിന്നീടെത്തിയ ആകാശ് ദീപിനെ ചെറുത്തുനില്ക്കാന് പ്രേരിപ്പിച്ച് ജുറെല്‍ ആദ്യമായി ഇംഗ്ലീഷ് ബൗളര്‍മാരെ അടിച്ചുതകര്‍ക്കാന്‍ തുനിഞ്ഞു.
അതിന് അര്‍ഹമായ ഫലവും കണ്ടു. ജുറെലിന്റെ ബാറ്റില്‍ നിന്നും പന്ത് പലവട്ടം ബൗണ്ടറി കടന്നു. ഒമ്പതാം വിക്കറ്റില്‍ 40 റണ്‍സ് കൂടി ഭാരത ടോട്ടലിലേക്ക് ചേര്‍ത്തു. സിറാജ് എത്തിയതോടെ അതിവേഗം പരമാവധി റണ്‍സ് വാരക്കൂട്ടുന്നതിലായി ശ്രദ്ധ. ഒരു സിക്സും ഫോറും അടിച്ചു. പിന്നീട് പരമ്പരയിലെ തന്നെ മികച്ചൊരു പന്തില്‍ പുറത്തായി. 149 പന്തുകളില്‍ നിന്ന് ജുറെല്‍ 90 റണ്‍സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: