കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ സ്ത്രീകളെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സന്ദേശ്ഖാലിയില്‍ മന്ത്രിമാര്‍ക്കെതിരെ ചൂലുമായി സ്ത്രീകളുടെ പ്രതിഷേധം. സ്ത്രീകളുടെ പരാതി കേള്‍ക്കാനെന്ന പേരില്‍ എത്തിയ മന്ത്രിമാരായ പാര്‍ത്ഥ ഭൗമിക്, സുജിത് ബോസ് എന്നിവര്‍ കൂട്ടമാനഭംഗം നടന്നിട്ടില്ലെന്ന് പറഞ്ഞ് നൃത്തം ചെയ്തതാണ് സ്ത്രീകളെ ക്ഷുഭിതരാക്കിയത്.
‘ആളുകളുടെ ദേഷ്യം ക്രമേണ കുറഞ്ഞുവരികയാണ്. മറ്റു പല പരാതികളും ഉണ്ട്. എന്നാല്‍, പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നു എന്ന വാര്‍ത്തകള്‍ പൂര്‍ണമായും തെറ്റാണെന്ന് തെളിഞ്ഞു. ഭൂമി ആര്‍ക്കെങ്കിലും പോയാല്‍ അവര്‍ക്ക് അത് തിരികെ ലഭിക്കും.’ എന്നാണ് മന്ത്രിമാര്‍ പ്രതികരിച്ചത്. ഇതോടെ സ്ത്രീകള്‍ രോഷാകുലരായി ചൂലുമായെത്തുകയായിരുന്നു. സ്ത്രീകളോട് മോശമായിട്ടാണ് മന്ത്രിമാര്‍ സംസാരിച്ചത്. കൂട്ടമാനഭംഗത്തിന് നേതൃത്വം നല്കിയ തൃണമൂല്‍ ഗുണ്ടാതലവന്‍ ഷാജഹാന് ഷെയ്ഖിനെ ന്യായീകരിക്കാനാണ് മന്ത്രിമാര്‍ ശ്രമിച്ചത്.
സന്ദേശ്ഖാലിയില്‍ നീതിക്കായുള്ള സ്ത്രീകളുടെ പോരാട്ടം ഇന്നലെയും തുടര്‍ന്നു. ഷാജഹാന് ഷെയ്ഖിന്റെ അടുത്ത അനുയായിയും എംഎല്‍എയുമായ അജിത് മെയ്തിയെ തല്ലിയോടിച്ച പ്രക്ഷോഭകര്‍ ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സ്ത്രീകളുടെ പ്രതിഷേധം ഭയന്ന് ഒരു അനുയായിയുടെ വീട്ടില്‍കയറി രക്ഷപ്പെടുകയായിരുന്നു ഇയാള്‍.
ഇതിനിടയില്‍ പാട്ന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എല്‍. നരസിംഹ റെഡ്ഡിയുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ നിന്നെ വസ്തുതാന്വേഷണ സംഘത്തെ ബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ സന്ദേശ്ഖാലിയില്‍ എത്തിയാല്‍ പ്രശ്നങ്ങള്‍ വഷളാകുമെന്നാണ് പോലീസ് ഭാഷ്യം. സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ പ്രവേശിക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും അതിന് ശ്രമിച്ചതിനാലാണ് അറസ്റ്റെന്നാണ് പോലീസ് പറയുന്നത്.
പോലീസ് നടപടിയെ വസ്തുതാന്വേഷണസംഘം അപലപിച്ചു. ഹരിയാന കേഡര്‍ മുന്‍ ഐപിഎസ് ഓഫീസര്‍ രാജ്പാല് സിങ്, ദേശീയ വനിതാകമ്മിഷന് മുന്‍ അംഗം ഡോ. ചാരുവാലി ഖന്ന, ദേശീയ മനുഷ്യാവകാശ കമ്മിഷന് മുന്‍ രജിസ്ട്രാര്‍ ഒ.പി. വ്യാസ്, മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് സഞ്ജിവ് നായക്, മനുഷ്യാവകാശ കമ്മിഷന് മുന്‍ കണ്‍സള്‍ട്ടന്റ് ഭാവന ബജാജ് എന്നിവരാണ് വസ്തുതാന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
ബംഗാളില്‍ മാത്രമാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ സംഭവിക്കുന്നതെന്ന് ജസ്റ്റിസ് റെഡ്ഡി പറഞ്ഞു. രാജ്യം മുഴുവന്‍ കാത്തിരിക്കുകയാണ് ഇവിടെ എന്താണ് നടക്കുന്നതെന്ന് അറിയാന്‍. പീഡനത്തിനിരയായവര്‍ക്ക് മേല്‍ വലിയ സമ്മര്‍ദമാണുള്ളത്. ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: